ഗർബ കളിക്കിടെ ഹൃദയാഘാതമരണങ്ങൾ; സംഭവിച്ചതെങ്ങനെ, കാരണങ്ങൾ അറിയാം!

October 25, 2023
What's leading to heart attack deaths during garba

ആഘോഷങ്ങൾ എന്നും നമുക്ക് സന്തോഷം നൽകുന്നവയാണ്. എന്നാൽ അവ മരണകെണികളായി മാറാതിരിക്കാൻ ശ്രദ്ധിക്കണം. ഗുജറാത്തിലെ നവരാത്രി ആഘോഷങ്ങൾക്കിടെ സംഭവിച്ച ദാരുണ മരണങ്ങളാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്. ഗർബയുടെ ആഹ്‌ളാദകരമായ നിമിഷങ്ങളെ ഹൃദയാഘാത മരണങ്ങൾ തകർത്തുകളഞ്ഞു. അപ്രതീക്ഷിതമായ ഈ സംഭവത്തെ തുടർന്ന് ആരോഗ്യവിദഗ്ദരും രംഗത്തെത്തിയിരുന്നു. ഈ മരണങ്ങൾ എങ്ങനെ സംഭവിച്ചു, അതിലേക്ക് നയിച്ച കാരണങ്ങൾ എന്തൊക്കെ? പരിശോധിക്കാം. (What’s leading to heart attack deaths during garba)

ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ പത്തോളം ജീവനുകളാണ് കഴിഞ്ഞ നവരാത്രി ആഘോഷങ്ങൾക്കിടെ പൊലിഞ്ഞത്. പരിപാടികൾക്കിടയിൽ ഹൃദയസംബന്ധമായ നിരവധി അത്യാഹിത കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു.

പരമ്പരാഗതമായ ഗർബ നൃത്തം ഊർജസ്വലമായ ചലനങ്ങളാലും താളമേളങ്ങളാലും നിറഞ്ഞതാണ്. ഈ ചലനാത്മകത തന്നെയാണ് ഹൃദയ ആഘാതത്തിന് കാരണവും. വിദഗ്ദരുടെ അഭിപ്രായത്തിൽ കഠിനമായ അദ്ധ്വാനം പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിനും ഹൃദയാഘാതത്തിനുമുള്ള സാധ്യത വർദ്ധിപ്പിക്കും. ഇത് കേവലം ഗർബയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല, ഈ സ്വഭാവത്തിലുള്ള കഠിനമായ ഏതൊരു പ്രവൃത്തിയും ഹൃദയത്തിന് ആഘാതം സൃഷ്ടിക്കും. പതിവിലും ഉയർന്ന തോതിലുള്ള കായികാധ്വാനങ്ങൾ ക്രമാതീതമായി ഹൃദയമിടിപ്പ് ഉയർത്തുന്നതിന് വഴിയൊരുക്കും. തൽഫലമായി ഹൃദയപേശികളിലെ ഓക്സിജൻ ആഗിരണം വർദ്ധിക്കുന്നു. ഹൃദയത്തിലേക്കുള്ള രക്തയോട്ടം ക്രമേണ കുറയുന്നതോടെ ഇത് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നു.

Read also: “രോഗികളുടെ എണ്ണം ഉയര്‍ന്ന നിരക്കില്‍”; ഡെങ്കിപ്പേടിയില്‍ കേരളം!!

ഗർബ പോലെയുള്ള അമിത അദ്ധ്വാനം ആവശ്യം വരുന്ന പരിപാടികളിൽ പങ്കെടുക്കുമ്പോൾ ചില മുൻകരുതലുകൾ എടുക്കാം. പ്രധാനമായും നമ്മുടെ പരിമിതികൾ അറിയുക. സ്ഥിരമായി കഠിനാധ്വാനം ചെയ്യുന്നവരല്ല എങ്കിൽ സ്വയം തിരിച്ചറിഞ്ഞു വേഗത കുറയ്ക്കാം. വാം-അപ് വ്യായാമങ്ങൾ വഴി ശരീരത്തെ തയാറാക്കുക. അതുപോലെ അവസാനിപ്പിക്കുമ്പോൾ കൂൾഡൗണും ശീലമാക്കാം. ഹൃദയസംബന്ധമായ രോഗങ്ങളുള്ളവരാണ് നിങ്ങളെങ്കിൽ ഡോക്ടറുടെ നിർദേശങ്ങൾ പാലിക്കുകയും കൃത്യമായി മരുന്ന് കഴിക്കുകയും ചെയ്യുക.

എല്ലാറ്റിലുമുപരിയായി നിങ്ങളുടെ ശരീരം പറയുന്നത് കേൾക്കുക. ഏതു സമയവും നിങ്ങൾക്ക് ലഭിക്കുന്ന സിഗ്നലുകൾ ശ്രദ്ധിക്കുക. ഏതൊരു പ്രവർത്തനത്തിൽ ഏർപെടുന്നതിനും മുൻപായി അതിന്റെ അപകട സാദ്ധ്യതകൾ മനസ്സിലാക്കിയാൽ ആഘോഷങ്ങളൊക്കെ സന്തോഷവേളകളായി മാത്രം കൊണ്ടാടാൻ നമുക്ക് സാധിക്കും.

Story Highlights – What’s leading to heart attack deaths during garba