കൗമാരക്കാരിലെ ഹൃദയാഘാതം; അറിയാം കാരണങ്ങൾ

June 12, 2023

പ്രായമുള്ളവരിൽ മാത്രമല്ല യുവാക്കളിലും ഇന്ന് ഹൃദയാഘാതം കൂടുതലായി കണ്ടുവരുന്നു. ഏറെ ആശങ്കയോടെ കടന്നുവരുന്ന ആരോഗ്യപ്രശ്നങ്ങളില്‍ ഒന്നാണ് ഇന്നിത്. ആരോഗ്യവാന്മാരെന്ന് തോന്നിക്കുന്ന യുവാക്കൾ പെട്ടെന്നൊരു നാള്‍ ഹൃദയാഘാതം വന്നു മരിക്കുന്ന വാര്‍ത്തകള്‍ ഏറെ നടുക്കത്തോടെയാണ് നാം കേള്‍ക്കാറുള്ളത്. എന്തൊക്കെയാണ് യുവാക്കളിലെയും കൗമാരക്കാരിലെയും ഹൃദ്രോഗത്തിന്‍റെ കാരണങ്ങള്‍.

ഇന്നത്തെ ജീവിതശൈലിയാണ് പ്രധാന കാരണങ്ങളിൽ ഒന്ന്. ഇന്ന് ഒരു ദിവസത്തിന്റെ ഏറിയ പങ്കും ലാപ്ടോപുകള്‍, മൊബൈലുകള്‍, ടാബുകള്‍ എന്നിവ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് മുന്നിൽ ചെലവഴിക്കുന്നവരാണ് മിക്കവരും. ഇത് അലസമായ ജീവിതശൈലിയിലേക്ക് നയിക്കുകയും ദേഹമനങ്ങിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ആവശ്യത്തിന് വ്യായാമമോ ശാരീരിക അധ്വാനമോ ഇല്ലാത്ത ഈ അവസ്ഥ യുവാക്കളുടെ ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുന്നു. കടന്നു പോകുന്ന സമ്മര്‍ദ സാഹചര്യങ്ങളും ഹൃദയാഘാതത്തിന് കാരണമാകാറുണ്ട്.

Read Also: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിലിരുന്ന യാത്രക്കാരന് ‘ഹൈ ഫൈവ്’ നൽകി കരടി- രസകരമായ വിഡിയോ

മറ്റൊരു കാരണം ഭക്ഷണരീതിയാണ്. ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡും റെഡിമേഡ് ഭക്ഷണവിഭവങ്ങളാണ് കൗമാരക്കാരും യുവാക്കളും ഇന്ന് കൂടുതലായി കഴിക്കുന്നത്. അവശ്യമായ പോഷകങ്ങളോ പ്രോട്ടീനോ ഒന്നുമില്ലാത്ത ഈ വിഭവങ്ങളില്‍ അനാരോഗ്യകരമായ കൊഴുപ്പും ആവശ്യത്തിലും അധികം ഉപ്പുമാണ് അടങ്ങിയിട്ടുള്ളത്. ഇത് യുവാക്കളുടെ ശരീരത്തിന്‍റെ പ്രതിരോധശേഷി തകരാറിലാക്കുന്നു. ഇത് ഹൃദ്രോഗം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളിലേക്കും നയിക്കുന്നു.

പുകവലി, മദ്യപാനം, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവയാണ് മറ്റൊരു കാരണം. ഇലക്ട്രോണിക് സിഗരറ്റുകളുടെ ഉപയോഗവും യുവാക്കളാക്കിടയിൽ വര്‍ധിച്ചിട്ടുണ്ട്. നിക്കോട്ടിന്‍ പോലുള്ള വിഷവസ്തുക്കള്‍ ശ്വാസകോശത്തിനെ മാത്രമല്ല രക്തധമനികളില്‍ ബ്ലോക്കിനും കാരണമാകും. ഇത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുടെ സാധ്യത വര്‍ധിപ്പിക്കും. നിത്യവും വ്യായാമം ചെയ്യാനും പോഷകസമൃദ്ധമായ ഭക്ഷണം ഉള്‍പ്പെട്ട ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനും എല്ലാ പ്രായത്തിലുമുള്ളവരും ശ്രദ്ധിക്കേണ്ടതാണ്.

Story highlights- heart attacks in teenagers