നിങ്ങളുടെ കുട്ടികളിൽ ഈ സ്വഭാവരീതികളുണ്ടോ? ;എങ്കിൽ മോശം പേരന്റിംഗ് തിരിച്ചറിയാം

October 31, 2023

പേരന്റിംഗ് എന്നത് വളരെ കഠിനമായ ഒരു ജോലിയാണ്. ഒരു വിവാഹം കഴിക്കുക എന്നത് വളരെ പ്രയാസകരമേറിയ ഒരു തീരുമാനമാണെന്ന് കരുതുന്നുവെങ്കിൽ അതിലും പ്രയാസകരമാണ് നല്ലൊരു രക്ഷാകർതൃത്വം നിലനിർത്തുക എന്നത്. ഒരു കുട്ടിയെ വളർത്താൻ അനുകമ്പയും ദയയും വാത്സല്യവും അങ്ങേയറ്റം ക്ഷമയും ആവശ്യമാണ്. പക്ഷേ, മിക്ക മാതാപിതാക്കളും പലപ്പോഴും അവഗണിക്കുന്ന ഒരു കാര്യം അച്ചടക്കമാണ്, അത് കുട്ടിക്ക് മാത്രമല്ല, മാതാപിതാക്കൾക്കും ബാധകമാണ്. വൈകാരികമായി പക്വതയുള്ള ഒരു കുട്ടിയെ വളർത്തിയെടുക്കാൻ അത്യന്താപേക്ഷിതമാണ് മാതാപിതാക്കളുടെ അച്ചടക്കം. നിങ്ങൾ നല്ലൊരു രക്ഷിതാവാണോ? നിങ്ങളുടെ പേരന്റിംഗ് നല്ലതാണോ? മോശം പേരന്റിംഗിന്റെ പ്രതിഫലനം കുട്ടികളിൽ കാണാൻ സാധിക്കും. അതെന്തൊക്കെയാണ് എന്ന് നോക്കാം. (Behavioral Issues In Kids)

ചെറിയ കാര്യങ്ങൾക്ക് പോലും നിങ്ങളുടെ കുഞ്ഞിന് ദേഷ്യം വരുന്നുണ്ടോ? തുടർച്ചയായി കള്ളം പറയുന്നുണ്ടോ? അങ്ങനെയെങ്കിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട സമയമാണ്. കുട്ടികൾ പെട്ടെന്ന് കാര്യങ്ങൾ പഠിക്കുന്നവരാണെന്നും അവർ പഠിക്കുന്ന മിക്ക കാര്യങ്ങളും മാതാപിതാക്കളിൽ നിന്നാണെന്നും എപ്പോഴും ഓർക്കുക. അവർ നിങ്ങളെ നിരന്തരം വീക്ഷിക്കുകയാണ്. പലപ്പോഴും നിങ്ങളുടെ പ്രവർത്തനങ്ങളും ആംഗ്യങ്ങളും അനുകരിക്കുന്നു. കുട്ടികളിലെ ചില സ്വഭാവ സവിശേഷതകൾ, അതായത് നല്ലതല്ലാത്ത ലക്ഷണങ്ങൾ ഇതൊക്കെയാണ്.

നിങ്ങളുടെ കുട്ടി നിങ്ങളിൽ നിന്നുമുള്ള ശ്രദ്ധയ്ക്കായി നിരന്തരം കരയുകയും മനഃപൂർവ്വം നിങ്ങളെ ശല്യപ്പെടുത്തുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങൾ അവനെ/അവളോട് വേണ്ടത്ര വാത്സല്യം കാണിക്കാതിരിക്കാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് ശാരീരികമായ വാത്സല്യം. ഇത് ശ്രദ്ധയിൽപെട്ടാൽ, നിങ്ങൾക്ക് അവരെ ആലിംഗനം ചെയ്യാൻ താമസംവേണ്ട.

നിങ്ങളുടെ കുട്ടി നിങ്ങളോട് പലപ്പോഴും കള്ളം പറയുന്നതായി നിങ്ങൾ കണ്ടെത്തിയാൽ, ഏറ്റവും ചെറിയ കാര്യങ്ങളിൽ പോലും, നിങ്ങൾ അമിതമായി പ്രതികരിച്ചിരിക്കാം. കുട്ടികൾ സെൻസിറ്റീവ് ആണ്. ചില കുഞ്ഞുതെറ്റുകൾ ഒഴിവാക്കാനുള്ള അവരുടെ മാർഗം മാത്രമാണ് നുണ. അവരോട് സംസാരിക്കുകയും തെറ്റുകൾ വരുത്തുന്നതിൽ കുഴപ്പമില്ലെന്നും അവരെ അറിയിക്കുകയും ചെയ്യുക.

കുട്ടിക്ക് വേണ്ടത്ര ആത്മവിശ്വാസമില്ലെന്നും ആത്മാഭിമാനം കുറവാണെന്നും തോന്നുന്നുവെങ്കിൽ, അത് പ്രോത്സാഹനവാക്കുകളേക്കാൾ കൂടുതൽ നിങ്ങൾ ഉപദേശം നൽകുന്നതിനാലാകാം. ചെറുപ്പത്തിൽ, കുട്ടികൾ പലപ്പോഴും മാതാപിതാക്കളിൽ നിന്ന് പ്രചോദനം തേടുന്നു, അത് സംഭവിച്ചില്ലെങ്കിൽ അവർ നിരുത്സാഹപ്പെടുന്നതാണ്.

നിങ്ങളുടെ കുഞ്ഞുങ്ങൾ അവരുടേതല്ലാത്ത സാധനങ്ങൾ എടുക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? അവർക്കായി വാങ്ങിയതിൽ ഒരു ചോയിസ് ഉണ്ടെന്ന് അവർക്ക് തോന്നാത്തതിനാലാകാം ഇത്. നിങ്ങൾ അവരെകൂടി ഷോപ്പിംഗിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.

നിങ്ങളുടെ കുട്ടികൾ വളരെ എളുപ്പത്തിൽ ഭയപ്പെടുന്നതായി നിങ്ങൾക്ക് തോന്നുന്നുണ്ടോ? അതിനാൽ, നിങ്ങളുടെ സഹായമില്ലാതെ ഒരു തടസ്സവും മറികടക്കാൻ കഴിയില്ലെന്ന് അവർക്ക് തോന്നിയേക്കാം. അതിനാൽ, നിങ്ങളുടെ കുഞ്ഞുങ്ങളെ വിശ്വസിക്കുക, ഇടയ്ക്കിടെ അവരെ ചുമതലപ്പെടുത്താൻ അനുവദിക്കുക.

Read also:നിറകണ്ണോടെ മകളെ മുറുകെ പിടിച്ച്..; ക്യാൻസർ നാലാംഘട്ടത്തിൽ മകൾക്കൊപ്പം കോളേജ് വേദിയിൽ എത്തി ഒരച്ഛൻ


അതുപോലെ, നിങ്ങളുടെ കുട്ടികൾക്ക് പലപ്പോഴും അസൂയ തോന്നുന്നുവെന്ന് നിങ്ങൾ കരുതുന്നുണ്ടോ? നിങ്ങളുടെ കുട്ടികളെ മറ്റുള്ളവരുമായി നിരന്തരം താരതമ്യം ചെയ്യുകയാണെങ്കിൽ, ഇത് സംഭവിക്കാം. അതിനാൽ, മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുക.

Story highlights- Behavioral Issues In Kids