2,900-ലധികം മയക്കുമരുന്ന് ഓപ്പറേഷനുകളിൽ പങ്കാളിയായ കാൻഡി എന്ന പോലീസ് നായ, വിരമിച്ചത് കാൻസർ ബാധിച്ച്; നൊമ്പരമായൊരു വിടപറച്ചിൽ
മനുഷ്യനായാലും മൃഗങ്ങൾക്കായാലും വിടപറയൽ വളരെ നൊമ്പരമുള്ള കാര്യമാണ്. അത്രയും കാലം ഇണങ്ങിജീവിച്ച സാഹചര്യത്തോട് യാത്ര പറയുമ്പോൾ ആരായാലും ഒന്ന് വിതുമ്പും. ഇപ്പോഴിതാ, യുഎസ്‌എയിലെ വിർജീനിയ ബീച്ച് ഷെരീഫ് ഓഫീസിലെ മയക്കുമരുന്ന് വിഭാഗത്തിൽ സേവനമനുഷ്ഠിച്ച 11 വയസ്സുള്ള ജർമ്മൻ ഷെപ്പേർഡ് കാൻഡി ഒരു ദശാബ്ദക്കാലത്തെ സമർപ്പണ സേവനത്തിന് ശേഷം വിരമിക്കുന്ന കാഴ്ച്ച എല്ലാവരിലും കണ്ണീരണിയിക്കുകയാണ്.
നായയുടെ വിരമിക്കൽ ഡിപ്പാർട്ട്‌മെന്റിനും മാസ്റ്ററായ ആന്റണി ടോണി നട്ടാൽസിയയ്ക്കും നൊമ്പരമേറിയ നിമിഷമായിരുന്നു. കഴിഞ്ഞയാഴ്ച ലഭിച്ച കാൻസർ രോഗനിർണയത്തെത്തുടർന്ന് കാൻഡിക്ക് വിരമിക്കേണ്ടിവന്നു. തന്റെ 10 വർഷത്തെ കരിയറിൽ, നിരവധി സെർച്ച് ഓപ്പറേഷനുകളിൽ കാൻഡി നിർണായക പങ്ക് വഹിച്ചു. തന്റെ അസാധാരണമായ മയക്കുമരുന്ന് കണ്ടെത്തൽ കഴിവുകൾ പ്രദർശിപ്പിച്ച നായയാണ് കാൻഡി. ഏകദേശം 7.8 കോടി രൂപയ്ക്ക് തുല്യമായ 937,895 ഡോളർ വിലമതിക്കുന്ന അനധികൃത മയക്കുമരുന്ന് വീണ്ടെടുക്കുന്നതിൽ കാൻഡി പ്രധാന പങ്കുവഹിച്ചു. വിബിഎസ്ഒയുടെ നാർക്കോട്ടിക് വിഭാഗത്തിൽ കാൻഡിയുടെ സംഭാവന അളവറ്റതാണ്. ഡിപ്പാർട്ട്‌മെന്റിന്റെ ആദ്യത്തെ മയക്കുമരുന്ന് കണ്ടെത്തൽ നായയായി ഇത് കാൻഡിയെ മാറ്റി.
Read also: ഒരു ജലദോഷപ്പനി ബാധിച്ച് ഉറങ്ങി; ഉണർന്നപ്പോൾ യുവതിക്ക് നഷ്ടമായത് 20 വർഷത്തെ ഓർമ്മകൾ
ഹൃദയംഗമമായ ആദരവോടെ, കാൻഡിയുടെ വിരമിക്കൽ ചടങ്ങ് VBSO ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു. വിർജീനിയ ബീച്ച് കറക്ഷണൽ സെന്ററിലെ ഇടനാഴിയിൽ സ്റ്റാഫുകൾ വരിവരിയായി നിന്ന് കാൻഡി തന്റെ ഹാൻഡ്‌ലറിനൊപ്പം നടക്കുമ്പോൾ അവളെ അഭിവാദ്യം ചെയ്തു. ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫിൽ നിന്ന് സ്നേഹപൂർവ്വം ലാളിനമേറ്റുവാങ്ങി വിടപറയുന്നതും ഫോട്ടോകളിൽ കാണാം.
വിബിഎസ്ഒയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് കാൻഡിയുടെ സേവനത്തിന് നന്ദി പ്രകടിപ്പിക്കുകയും അവളുടെ ധീരമായ സേവനത്തെ പ്രശംസിക്കുകയും ചെയ്തു. അവളുടെ അചഞ്ചലമായ അർപ്പണബോധവും പ്രതിബദ്ധതയും പ്രകടമാക്കിക്കൊണ്ട് 2,900-ലധികം ഓപ്പറേഷനുകളിൽ പങ്കെടുത്തിട്ടുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
Story highlights- K9 dog’s retirement post