“ഹലോ ഹാലോവീൻ”; പ്രേതങ്ങൾ പ്രത്യക്ഷപ്പെടുന്ന ഉത്സവത്തിൻറെ ചരിത്രമറിയാം!

October 30, 2023

നാളെ ഹാലോവീൻ. ഒട്ടുമിക്ക എല്ലാ പാശ്ചാത്യ വീടുകളിലും ഇന്ന് തകൃതിയായി ഒരുക്കങ്ങൾ നടക്കുകയാവും. മലയാളികൾക്ക് പരിചയം തെല്ലു കുറവാണെങ്കിലും പാശ്ചാത്യ രാജ്യങ്ങളിൽ ഏറെ വർഷങ്ങളായി ആഘോഷിച്ചു വരുന്ന ഉത്സവമാണ് ഹാലോവീൻ. പേടിപ്പിക്കുന്ന വേഷങ്ങൾ ധരിച്ച് ആളുകൾ അന്നേ ദിവസം പ്രത്യക്ഷപ്പെടും എന്നത്‌ ഒഴികെ ശരിക്കും എന്താണ് ഹാലോവീൻ എന്നറിയണമെങ്കിൽ അല്‌പം പിന്നിലേക്ക് സഞ്ചരിക്കണം. (Know the history of Halloween)

ഹാലോവീന്റെ ഉത്ഭവം ഉറങ്ങുന്നത് പുരാതന കെൽറ്റിക് ഉത്സവമായ സോവിനിലാണ് (Samhain). നവംബർ 1 നായിരുന്നു ഈ ആഘോഷം. ആ ദിവസം മരിച്ചവരുടെ ആത്മാക്കൾ അവരുടെ വീടുകളിലേക്ക് മടങ്ങിയെത്തുമെന്ന് വിശ്വസിക്കപ്പെട്ടു. അതിനാൽ ആളുകൾ പേടിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് ആത്മാക്കളെ അകറ്റുന്നതിനായി തീ കൊളുത്തും. ഇങ്ങനെയാണ് മന്ത്രവാദിനികൾ, പ്രേതങ്ങൾ, തുടങ്ങിയ ജനപ്രിയ ഹാലോവീൻ വേഷങ്ങൾ ജന്മമെടുക്കുന്നത്.

Read also: വീട് വൃത്തിയാക്കുമ്പോൾ സൂക്ഷിച്ചോളൂ; ചിലപ്പോൾ കോടികൾ തടഞ്ഞാലോ!

സി.ഇ ഏഴാം നൂറ്റാണ്ടിൽ, ബോണിഫേസ് നാലാമൻ മാർപാപ്പ “ഓൾ സെയ്‌ന്റ്‌സ്” ദിനം സൃഷ്ടിച്ചു, ഇത് ആദ്യം മെയ് 13-നാണ് ആഘോഷിച്ചിരുന്നത്. ഒരു നൂറ്റാണ്ടിനുശേഷം, ഗ്രിഗറി മൂന്നാമൻ മാർപാപ്പ ഈ അവധി നവംബർ 1-ലേക്ക് മാറ്റി. അങ്ങനെ സോവിൻ (Samhain) ഉത്സവത്തിനുള്ള ക്രിസ്ത്യൻ പകർപ്പായി മാറി ഇത്. വിശുദ്ധ ആഘോഷത്തിന്റെ തലേദിവസമായ ഒക്ടോബർ 31-നു ആഘോഷിക്കുന്നത് കൊണ്ട് ഈ ദിവസം “ഓൾ ഹാലോസ് ഈവ്” അഥവാ ഹാലോവീൻ എന്നറിയപ്പെട്ടു. ‘വിശുദ്ധൻ’ എന്ന് അർത്ഥം വരുന്ന ഹാലോ (hallow) എന്ന പദവും ‘വൈകുന്നേരം’ എന്നർത്ഥം വരുന്ന ഈവിനിംഗ് (evening) എന്ന പദവും കൂടി ചേരുമ്പോൾ ഹാലോവീൻ (Halloween).

മുമ്പ് ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ്, അയർലൻഡ്, വടക്കൻ ഫ്രാൻസ് തുടങ്ങിയ ഇടങ്ങളിൽ മാത്രം ആഘോഷിച്ച ഹാലോവീൻ ഇന്ന് ഇന്ത്യ ഉൾപ്പെടെ മറ്റു രാജ്യങ്ങളിലേക്കും കടന്നിട്ടുണ്ട്. ഇന്ന് അമേരിക്കയിൽ ഏറ്റവും കൂടുതൽ മിട്ടായികൾ വിറ്റുപോകുന്ന ആഘോഷങ്ങളിൽ ഒന്ന് കൂടെയാണ് ഹാലോവീൻ. ഏകദേശം 3 ബില്യൺ ഡോളർ വരെ മിട്ടായികൾക്ക് മാത്രം ചിലവ് വരും ഈ അവധിക്കാലത്ത്.

Story highlights: Know the history of Halloween