‘അവൾ ഒരു മാലാഖയെ പോലെയായിരുന്നു’; നോവായി ലിബ്നയുടെ കത്ത്

October 31, 2023

ബിന്ദു ടീച്ചറുടെ 34 വർഷത്തെ അധ്യാപന ജീവിതത്തിൽ ഇത്രയും ഹൃദ്യമായൊരു കത്ത് ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കളമശ്ശേരി ബോംബ് സ്‌ഫോടനത്തിൽ മരണമടഞ്ഞ കുരുന്ന് ലിബ്ന പ്രിയ അധ്യാപികയ്ക്കയച്ച കത്ത് ഇന്ന് ബിന്ദു ടീച്ചർക്ക് നീറുന്ന ഓർമയായി ബാക്കി. ലിബ്നയുടെ കത്ത് നെഞ്ചോടു ചേർത്ത് പിടിച്ച് ടീച്ചർ ഓർക്കുന്നു, ‘അവൾ ഒരു മാലാഖയെ പോലെയായിരുന്നു. ആരോടും വഴക്കിടാൻ പോകാത്ത ശാന്തയായ ഒരു കുട്ടി’. (Libna’s love letter to teacher break hearts)

നീലേശ്വരം എസ്എൻഡിപി ഹയർ സെക്കണ്ടറി സ്കൂളിലെ 7-ാം ക്ലാസ്സിലെ ക്ലാസ് ടീച്ചറായ ബിന്ദു ടീച്ചർ ആരോഗ്യ പ്രേശ്നങ്ങൾ മൂലം രണ്ടു ആഴ്ചത്തെ അവധിയിൽ പോയി. കുട്ടികൾക്ക് അത് ഏറെ സങ്കടകരമായിരുന്നു. താൻ പോകുന്ന വിവരം കുട്ടികളെ അറിയിച്ചപ്പോൾ, ലിബ്ന അരികെ വന്ന് ടീച്ചറോട് പോകരുതെന്ന് പറഞ്ഞു.

Read also: വീട് വൃത്തിയാക്കുമ്പോൾ സൂക്ഷിച്ചോളൂ; ചിലപ്പോൾ കോടികൾ തടഞ്ഞാലോ!

അവധിയെടുത്ത് ഒരാഴ്ച കഴിഞ്ഞപ്പോൾ, ടീച്ചറെ തേടി പോസ്റ്റിൽ ഒരു കത്ത് വന്നു. ഏഴാം ക്ലാസ്സിലെ കുട്ടികളുടെ സ്നേഹ സന്ദേശം. ഒൻപതുപേർ ഒപ്പിട്ട ആ കത്ത് എഴുത്തിയിരിക്കുന്നത് ലിബ്ന. കത്തിന്റെ ഉള്ളടക്കം ഇങ്ങനെ:

‘പ്രിയപ്പെട്ട ടീച്ചർ,

ടീച്ചർ ഞങ്ങൾക്ക് എന്നും പ്രിയപ്പെട്ട ടീച്ചർ ആണ്. വഴക്ക് പറയുമ്പോൾ ദേഷ്യം തോന്നുമെങ്കിലും അത് ഞങ്ങളുടെ നല്ലതിന് വേണ്ടിയാണ് എന്ന് മനസ്സിലായി. ടീച്ചറിനെ ഞങ്ങൾ ഒത്തിരി മിസ് ചെയ്യും. ഞങ്ങളെ വേർതിരിവില്ലാതെ സ്നേഹിച്ച ടീച്ചറിനെ ഞങ്ങളും ഒത്തിരി സ്നേഹിക്കും. പ്രാർത്ഥനയിൽ ടീച്ചറിനെ ഓർക്കും. ഒരിക്കലും മറക്കാത്ത മികച്ച നല്ല അധ്യാപികയായി.

എന്ന് സ്നേഹത്തോടെ…’

‘ആ കത്ത് കുട്ടികൾക്ക് എന്നോടുള്ള സ്നേഹത്തിന്റെ അടയാളമാണ്. എന്റെ കുഞ്ഞു മാലാഖ എനിക്കവസാനമായി തന്നതാണീ കത്ത്. ഞാനിതെന്നും സൂക്ഷിച്ചുവെക്കും’. വേദന കടിച്ചു പിടിച്ച് ബിന്ദു ടീച്ചർ പറയുന്നു. ലിബ്നയുടെ അകാലത്തിലുള്ള വിയോഗം അധ്യാപകർക്കും കൂട്ടുകാർക്കും ഒരിക്കലും തീരാത്ത വേദനയാണ്.

Story highlights: Libna’s love letter to teacher break hearts