‘കിരീടവും ചെങ്കോലും ഉൾപ്പെടെ എത്രയെത്ര ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചു’- നൊമ്പരം പങ്കുവെച്ച് മോഹൻലാൽ

October 18, 2023

സിനിമാലോകത്തിന് നൊമ്പരം പകർന്നിരിക്കുകയാണ് നടൻ കുണ്ടറ ജോണിയുടെ വേർപാട്. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ അനശ്വരനായി ഇനിയും തുടരുന്ന ജോണി മോഹൻലാലിൻറെ പ്രിയങ്കരനായ വില്ലനായിരുന്നു. ഒട്ടേറെ ചിത്രങ്ങളിൽ കുണ്ടറ ജോണി മോഹൻലാലിൻറെ പ്രതിനായകനായി. അദ്ദേഹത്തിന്റെ വേർപാടിൽ നൊമ്പരക്കുറിപ്പ് പങ്കുവയ്ക്കുകയാണ് മോഹൻലാൽ.

‘പ്രിയപ്പെട്ട ജോണി വിടപറഞ്ഞു. കിരീടവും ചെങ്കോലും ഉൾപ്പെടെ എത്രയെത്ര ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചു. സിനിമകളിൽ വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്തതെങ്കിലും ജീവിതത്തിൽ നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ, സ്നേഹസമ്പന്നനായ പച്ചമനുഷ്യൻ ആയിരുന്നു, എനിക്ക് ഒരുപാട് പ്രിയപ്പെട്ട ജോണി. ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളിനെയാണ് എനിക്ക് നഷ്ടമായത്. വേദനയോടെ ആദരാഞ്ജലികൾ’- മോഹൻലാലിൻറെ വാക്കുകൾ.

Read also: അനുയോജ്യനായ പങ്കാളിയെ കണ്ടെത്തിയില്ല, സ്വയം വിവാഹം കഴിച്ച് യുവതി; ചെലവാക്കിയത് 20 വർഷത്തെ സമ്പാദ്യം

അതേസമയം, അന്തരിച്ച നടൻ കുണ്ടറ ജോണിയുടെ സംസ്ക്കാര ചടങ്ങുകൾ നാളെ നടക്കും. ഇന്ന് രാവിലെ 10 മണിക്ക് കൊല്ലം കടപ്പാക്കട സ്പോർട്ട്സ് ക്ലബിൽ പൊതു ദർശനത്തിന് ശേഷം മൃതദേഹം ഉച്ചയോടെ കുണ്ടറയിലെ കുടുംബവീട്ടിലേക്ക് കൊണ്ടു പോകും.കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് കൊല്ലം ബെൻസിയർ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം സംഭവിച്ചത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം മകനൊപ്പം വീട്ടിലേക്ക് മടങും വഴി ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെ കാലമായി ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കൊല്ലം ഫാത്തിമ മാത നാഷണൽ കോളേജിലെ അദ്ധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ.

Story highlights- mohanlal about kundara johny’s demise