‘നീ എന്നും എന്റെ പൊന്നുമോളാണ്’- അച്ഛനെഴുതിയ കത്തുവായിച്ച് കണ്ണുനിറഞ്ഞ് നവ്യ നായർ

October 17, 2023

മലയാളികൾ എന്നും ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ച നടിയാണ് നവ്യ നായർ. ആലപ്പുഴ സ്വദേശിനിയായ നവ്യ, മലയാളത്തിന് പുറമെ നിരവധി ഭാഷകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും സജീവമായ നവ്യ നായർ ഇപ്പോഴിതാ, ഹൃദ്യമായൊരു നിമിഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ്. നവ്യയുടെ പിറന്നാൾ ദിനത്തിൽ ലഭിച്ചൊരു കത്ത് ആണ് നടി പങ്കുവയ്ക്കുന്നത്. അച്ഛനാണ് കത്തെഴുതിരിക്കുന്നത്.

പിറന്നാൾ സർപ്രൈസുകൾക്കിടയിൽ നവ്യ കത്ത് വായിക്കുകയായിരുന്നു. അഭിമാനിയായ മക്കൾ മാതാപിതാക്കൾക്ക് എന്നും മുതൽക്കൂട്ടാണ്. വർഷങ്ങളെത്ര കഴിഞ്ഞാലും നീയെന്റെ പൊന്നുമോളാണ്, എന്റെ ചക്കരമുത്ത്’ എന്നാണ് നവ്യയുടെ അച്ഛൻ കുറിക്കുന്നത്. വളരെ വൈകാരികമായ ഈ വാക്കുകൾ വായിച്ചതോടെ നവ്യയും കണ്ണീരണിഞ്ഞു. പിന്നാലെ അമ്മയുടെയും കത്ത് നടി വായിച്ചു. അതേസമയം, സിനിമയ്ക്ക് പുറമെ മാതംഗി എന്ന പേരിൽ നൃത്തവിദ്യാലയവും നവ്യ നായർ നടത്തുന്നുണ്ട്.

മാതംഗിയിലെ കുട്ടികളും മറ്റ് അധ്യാപകരും ചേർന്ന് നിരവധി പിറന്നാൾ സമ്മാനങ്ങൾ നവ്യയ്ക്കായി ഒരുക്കിയിരിക്കുന്നത് വിഡിയോയിൽ കാണാൻ സാധിക്കും. വിവാഹശേഷം സിനിമ ലോകത്ത് നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. വിവാഹ ശേഷവും നടി സിനിമയിൽ അഭിനയിച്ചെങ്കിലും സജീവമായില്ല. ഇപ്പോൾ ഒരുത്തീ എന്ന ചിത്രത്തിലൂടെ വീണ്ടും സജീവമായിരിക്കുകയാണ് നവ്യ നായർ. അടുത്തിടെ ജാനകി ജാനേ എന്ന ചിത്രത്തിലും നവ്യ വേഷമിട്ടിരുന്നു.

Read also: ഇന്ന് ലോക മുട്ട ദിനം; ആളത്ര നിസ്സാരനല്ല, ഒരു ദിവസം എത്ര മുട്ട കഴിക്കാം?

ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നവ്യ യുവജനോത്സവ വേദിയിൽ നിന്നുമാണ് സിനിമയിൽ എത്തിയത്. യുവജനോത്സവ വേദിയിൽ നിന്നും സിനിമയിലേക്ക് അരങ്ങേറിയ അവസാന നായിക എന്ന് വേണമെങ്കിൽ നവ്യ നായരെ വിശേഷിപ്പിക്കാം. 2010 ൽ വിവാഹിതയായ നവ്യക്ക് ഒരു മകനാണുള്ളത്, സായ് കൃഷ്ണ. മകനൊപ്പമുള്ള നിമിഷങ്ങൾ നവ്യ സ്ഥിരമായി ആരാധകരുമായി പങ്കിടാറുണ്ട്.

Story highlights- navya nair emotional birthday celebration