ഹൃദയസ്പര്‍ശിയായ പാട്ടുകളെഴുതിയ ബഹുമുഖ പ്രതിഭ; ഇന്ന് മുല്ലനേഴിയുടെ പന്ത്രണ്ടാം സ്മൃതിദിനം
കവിയും ഗാനരചയിതാവും അഭിനേതാവുമായിരുന്ന മുല്ലനേഴിയുടെ പന്ത്രണ്ടാം സ്മൃതിദിനമാണ് ഇന്ന്. ഗ്രാമീണത നിറഞ്ഞ മണ്ണിന്റെ മണമുള്ള ഗാനങ്ങളും ചൊല്‍ക്കവിതകളും മുല്ലനേഴിയെ വ്യത്യസ്തനാക്കി. പുതിയ തലമുറ വരെ പാടിനടക്കുന്ന ഹൃദയസ്പര്‍ശിയായ പാട്ടുകളെഴുതിയ മുല്ലനേഴി എന്ന എം.എന്‍.നീലകണ്ഠന് ഒരു ബഹുമുഖ പ്രതിഭയായിരുന്നു. (poet Mullanezhi’s death anniversary)
കറുകറുത്തൊരു പെണ്ണാണ്, മനസ്സൊരു മാന്ത്രികക്കുതിരയായ് പായും, സൗരയൂഥപഥത്തിലെന്നോ തുടങ്ങി മലയാളികള്‍ നെഞ്ചില്‍ ചേര്‍ത്ത ഒട്ടനവധി അമൂല്യഗാനങ്ങള്‍ മുല്ലനേഴിയുടെ തൂലികയില്‍ പിറന്നവയാണ്. എഴുപതോളം ചലച്ചിത്രഗാനങ്ങള്‍ ഉള്‍പ്പെടെ നിരവധി ഗാനങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്.
മുല്ലനേഴിയുടെ കവിതകള്‍ ചൊല് കവിതകള്‍ കൂടിയായിരുന്നു. നാറാണത്ത് പ്രാന്തന്, രാപ്പാട്ട്, ആനവാല് മോതിരം, അക്ഷരദീപം തുടങ്ങിയവയാണ് മുല്ലനേഴിയുടെ പ്രധാന രചനകള്‍. പവിത്രന്റെ ഉപ്പ്, പുലിജന്മം ,പിറവി, കഴകം,നീലത്താമര, സൂഫി പറഞ്ഞ കഥ, അങ്ങനെ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം തന്റെ അഭിനയമികവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
Read also: ഇന്ന് ലോക മുട്ട ദിനം; ആളത്ര നിസ്സാരനല്ല, ഒരു ദിവസം എത്ര മുട്ട കഴിക്കാം?
അമ്മയുടെ സ്നേഹവും നന്മയുടെ സന്ദേശവും പകരുന്ന വരികളിലൂടെ മുല്ലനേഴി പാട്ടാസ്വാദകരുടെ ഹൃദയത്തില്‍ ഇടംനേടി. അമ്മയും നന്മയും ഒന്നാണെന്ന കവിതയുടെ സംഗീതം മാത്രമല്ല അതിന്റെ വരികളും പെട്ടൊന്നൊന്നും നമ്മുടെ ഹൃദയത്തെ വിട്ടുപോകാത്തതാണ്. സന്മനസ്സുള്ളവര്ക്ക് സമാധാനം എന്ന ചിത്രത്തിലെ പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം എന്ന ഗാനത്തിന്റെ ലളിത സുന്ദരവരികളും മുല്ലനേഴിയുടെ തന്നെയാണ്.
പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയ്യിലെടുത്തോളൂ, പുത്തനൊരായുധമാണു നിനക്കത് പുസ്തകം കയ്യിലെടുത്തോളൂ എന്ന് പാടിയ മുല്ലനേഴി സാക്ഷരത ജനകീയമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. നന്മയെക്കുറിച്ചും സ്നേഹത്തെക്കുറിച്ചുമാണ് മുല്ലനേഴി എഴുതിയത് ഏറെയും. ഇന്ത്യന്‍ റുപ്പി എന്ന ചിത്രത്തിനായാണ് മുല്ലനേഴി അവസാനമായി പാട്ടുകളെഴുതിയത്.
Story Highlights: poet Mullanezhi’s death anniversary