വിടർന്ന കണ്ണുകളും നിറഞ്ഞ പുഞ്ചിരിയും മാഞ്ഞിട്ട് ഇന്നേക്ക് 3 വർഷം; സുശാന്തിന്റെ ഓർമകളിൽ ആരാധകർ

June 14, 2023

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്‌പുത്ത് ഓർമ്മയായിട്ട് ഇന്നേക്ക് 3 വർഷം. സുശാന്തിന്റെ അപ്രതീക്ഷിത മരണം സിനിമാലോകത്ത് നികത്താനാകാത്ത നഷ്ടമാണ്. വിടർന്ന കണ്ണുകളും എപ്പോഴും മുഖത്തുള്ള പുഞ്ചിരിയും ഇന്നും ആളുകളുടെ ഉള്ളിൽ നൊമ്പരമായി തുടരുകയാണ്. പാതിവഴിയില്‍ യാത്ര മതിയാക്കി സുശാന്ത് സിങ് രാജ്പുത് വിടപറഞ്ഞത്. 2020 ജൂൺ 14നാണ് ആരാധകരെ കണ്ണീരിലാഴ്‍ത്തി സുശാന്ത് ഈ ലോകത്തോട് വിട പറഞ്ഞത്.

ലോക്ക് ഡൗൺ സമയത്ത് ആത്മഹത്യ ചെയ്ത നിലയിലാണ് സുശാന്തിന്റെ മൃതദേഹം അദ്ദേഹത്തിന്റെ സ്വകാര്യ ഫ്ലാറ്റിൽ നിന്നും കണ്ടെത്തിയത്. ടെലിവിഷൻ സീരിയലുകളിലൂടെ തുടക്കം കുറിച്ച സുശാന്ത് ‘കായി പോ ചെ’ എന്ന സിനിമയിലൂടെ 2013ലാണ് ബോളിവുഡ് സിനിമയിലേക്ക് എത്തുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്നു അവാർഡുകളും സുശാന്തിന്‌ ലഭിച്ചു.

Read more: കരനെല്ലില്‍ ടൊവിനോയെ വിരിയിച്ച് ഡാവിഞ്ചി സുരേഷ്: അതിശയിപ്പിക്കുന്ന കലാസൃഷ്ടിക്ക് കൈയടി

2016 ൽ ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന ‘എം. എസ്. ധോണി:ദി അൺടോൾഡ് സ്‌റ്റോറി’ എന്ന ബോളിവുഡ് ചിത്രത്തിൽ ധോണിയുടെ വേഷം അവതരിപ്പിച്ചതോടെയാണ് സുശാന്ത് ശ്രദ്ധേയനായത്. സിനിമയിലെത്തിയ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കാൻ സുശാന്തിന് കഴിഞ്ഞിരുന്നു.

യുവനടന്‍റെ വിയോഗവാർത്ത ബോളിവുഡ് ലോകം മാത്രമല്ല, ലോകമെമ്പാടുമുള്ള സിനിമാപ്രേമികളാകെ ഞെട്ടലോടെയാണ് കേട്ടത്. പട്‍ന സ്വദേശികളായ കൃഷ്‍ണകുമാർ സിംഗ് – ഉഷാ സിംഗ് ദമ്പതിമാരുടെ ഇളയ മകനായി 1986ലാണ് സുശാന്ത് ജനിച്ചത്. പഠനത്തിൽ മാത്രമല്ല സ്‍പോര്‍ട്‍സിലും മിടുക്കനായിരുന്നു സുശാന്ത്.
ടെലിവിഷനിലൂടെയായിരുന്നു സുശാന്ത് താരമാകുന്നത്. 2008 മുതല്‍ ടെലിവിഷന്‍ പരമ്പരകളില്‍ സജീവമായിരുന്നു താരം. കിസ് ദേശ് മേം ഹെ മേരാ ദില്‍ ആയിരുന്നു ആദ്യ പരമ്പര.

Story highlights: Sushant Singh death anniversary