കേരളീയ വാസ്തുവിദ്യയും പാശ്ചാത്യ ചാരുതയും ചേർന്ന മാസ്മരിക ഭംഗിയുമായി സുന്ദരവിലാസം കൊട്ടാരം; സഞ്ചാരികൾ കാണാത്ത മായികലോകം

തിരുവനന്തപുരം കാണാനെത്തുന്നവരുടെ പ്രധാന ആകർഷണമാണ് പത്മനാഭസ്വാമി ക്ഷേത്രം. കോട്ടയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന പത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തുന്നവർ കിഴക്കേകോട്ടയിൽ പത്മതീർത്ഥകുളത്തിന് സമീപമുള്ള വലിയകൊട്ടാര സമുച്ചയം തീർച്ചയായും സംദർശിക്കാറുണ്ട്. ചെറുതും വലുതുമായ നിരവധി മാളികകൾ അടങ്ങുന്ന ഈ കൊട്ടാരവളപ്പ് മാത്രമേ പല സഞ്ചാരികൾക്കും പരിചയവുമുള്ളൂ. എന്നാൽ പല തരത്തിലുള്ള, വിവിധ ആവശ്യങ്ങൾക്കായി നിർമിച്ച ഇരുപതോളം കൊട്ടാരങ്ങൾ കോട്ടയ്ക്ക് ചുറ്റുമുണ്ട്. പല കൊട്ടാരങ്ങളും ഇപ്പോൾ ചില സ്ഥാപനങ്ങളും ഓഫീസുകളുമൊക്കെയാണ്. ഇതിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് സുന്ദരവിലാസം കൊട്ടാരം.
പത്മവിലാസം റോഡിലാണ് സുന്ദരവിലാസം കൊട്ടാരം സ്ഥിതി ചെയ്യുന്നത്. യുവരാജാക്കന്മാർക്ക് താമസിക്കാൻ നിർമ്മിച്ചതാണ് സുന്ദരവിലാസം കൊട്ടാരം. പുരാവസ്തു വകുപ്പിന്റെ കാര്യാലയം പ്രവർത്തിക്കുന്നത് ഇപ്പോൾ ഈ കൊട്ടാരത്തിലാണ്. കേരളീയ വസ്തുവിദ്യയും പാശ്ചാത്യ നിയോകൊളോണിയൽ സ്റ്റൈലും സമന്വയിപ്പിച്ചാണ് ഈ കൊട്ടാരം നിർമിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ സഞ്ചാരികളെ മറ്റു കൊട്ടാരങ്ങളെക്കാൾ ആകർഷിക്കാൻ സുന്ദരവിലാസം കൊട്ടാരത്തിന് സാധിക്കും. എന്നാൽ സഞ്ചാരികൾ അധികം കാണാത്ത ഒരു കൊട്ടാരവളപ്പ് കൂടിയാണിത്.
Read also: സോഷ്യൽ മീഡിയയിൽ സജീവമായി പുത്തൻ തട്ടിപ്പ്; പണം നഷ്ടമാകാതിരിക്കാൻ കരുതിയിരിക്കുക!
കേരളീയ സ്റ്റൈലിൽ ആണ് ഭൂരിഭാഗം നിർമാണമെങ്കിലും പാശ്ചാത്യ ഭംഗി കൊട്ടാരത്തിന് മാറ്റുകൂട്ടുന്നു. മാവേലിക്കര കൊട്ടാരത്തിൽ നിന്നും രാജകുടുംബം ദത്തെടുത്ത ചെറിയ രാജകുമാരി ആയിരുന്നു അവസാനമായി ഈ കൊട്ടാരത്തിൽ താമസിച്ചിരുന്നത്. വൃത്താകൃതിയിലുള്ള ജനലുകളും കൊത്തുപണികൾ നിറഞ്ഞ പടികളും മനോഹരമായ പൂമുഖവുമെല്ലാം കൊട്ടാരത്തിന്റെ ഭംഗി കൂട്ടുന്നു. സഞ്ചാരികൾ അധികം കാണാത്ത ഒരു മായികലോകം തന്നെയാണ് സുന്ദരവിലാസം കൊട്ടാരത്തിൽ സ്ഥിതി ചെയ്യുന്നത്.
Story highlights- specialties of sundaravilasam palace