സുധ കൊങ്കര ചിത്രത്തിൽ സൂര്യയ്‌ക്കൊപ്പം വേഷമിടാൻ ദുൽഖർ സൽമാനും നസ്രിയയും

October 26, 2023

‘സൂരറൈ പോട്ര്’ എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം നടൻ സൂര്യ തന്റെ അടുത്ത ചിത്രത്തിനായി വീണ്ടും സംവിധായിക സുധ കൊങ്കരയുമായി കൈകോർക്കുന്നു. ഏറെനാളായി പ്രചരിക്കുന്ന വാർത്തകൾക്ക് ഒടുവിൽ അന്ത്യമായിരിക്കുകയാണ്. നിർമ്മാതാക്കൾ ഇന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തി. ദുൽഖർ സൽമാൻ, നസ്രിയ ഫഹദ്, വിജയ് വർമ്മ എന്നിവരാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്.( surya’s 43rd movie announced )

മീനാക്ഷി സിനിമാസുമായി സഹകരിച്ച് സൂര്യയുടെ 2ഡി എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജി വി പ്രകാശാണ്, ഈ ചിത്രം ഒരു സംഗീതസംവിധായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ നൂറാമത്തെ ചിത്രമാണ്. സിനിമയെ താൽക്കാലികമായി സൂര്യ 43′ എന്നാണ് പരാമർശിക്കുന്നത്.

ഒരു ക്ലാസിക് തമിഴ് കാവ്യ കൃതിയും പരമ്പരാഗതമായി സംഘസാഹിത്യത്തിലെ എട്ട് സമാഹാരങ്ങളിൽ അവസാനത്തേതുമായ പുറനാനൂറ് എന്ന സമാഹാരത്തിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നതെന്ന സൂചന ടൈറ്റിൽ വിഡിയോ നൽകുന്നുണ്ട്. രാജാക്കന്മാരെയും യുദ്ധങ്ങളെയും പൊതുജീവിതത്തെയും കുറിച്ചുള്ള 400 വീരകവിതകളുടെ സമാഹാരമാണിത്.

Read also: “രോഗികളുടെ എണ്ണം ഉയര്‍ന്ന നിരക്കില്‍”; ഡെങ്കിപ്പേടിയില്‍ കേരളം!!

സൂര്യ ഇപ്പോൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘കങ്കുവ’യുടെ ചിത്രീകരണത്തിലാണ്. താരം ‘സൂര്യ 43’ ന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദേശീയ അവാർഡ് നേടിയ ‘സൂരറൈ പോട്ര്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സൂര്യയും സുധ കൊങ്കരയും ജിവി പ്രകാശും ഒന്നിക്കുന്നത് ഇത് രണ്ടാം തവണയാണ്.

Story highlights- surya’s 43rd movie announced