ജനഹൃദയങ്ങൾ കീഴടക്കി ‘സ്നേഹക്കൂട്ടിലെ അച്ഛനമ്മമാർ’; വൈറലായി വീഡിയോ
കുരുന്നുകളുടെ കുസൃതികൾക്ക് സോഷ്യൽ മീഡിയയിൽ വലിയ ആരാധക നിര തന്നെയുണ്ട്. എന്നാൽ തങ്ങൾ ഒട്ടും പിന്നിലല്ല എന്ന് തെളിയിക്കുകയാണ് ഒരു കൂട്ടം വൃദ്ധ മാതാപിതാക്കൾ. പ്രായത്തെ വെല്ലുന്ന പ്രസരിപ്പുള്ള ഇവർ ഇപ്പോൾ ജനശ്രദ്ധ പിടിച്ചുപറ്റുകയാണ്. (Viral Video of Snehakoodu inmates)
ഇവിടെ എന്തും എടുക്കും, ഡപ്പാങ്കൂത്ത്, ക്ലാസിക്കൽ നൃത്തം, നാടൻപാട്ട്, പോരാത്തതിന് നാഗവല്ലി, അഞ്ഞൂറാൻ, ആനപ്പാറ അച്ചാമ്മ, ഡെന്നിസ്, ബെന്നി, എന്നു വേണ്ട കളിയും ചിരിയുമായി ഒരു ആഘോഷത്തിനുള്ള എല്ലാ ചേരുവയും കോട്ടയത്തെ ഈ സ്നേഹക്കൂട്ടിൽ ഉണ്ട്.
കോട്ടയം സ്നേഹക്കൂട് അഭയമന്ദിരത്തിലെ അന്തേവാസികൾക്ക് പറയത്തക്ക അഭിനയ പരിചയമോ പാഠവമോ ഇല്ല. എന്നാൽ മലയാള സിനിമയിലെ ഏത് പ്രസക്തരംഗങ്ങൾ ഇവർ പുനരവതരിപ്പിച്ചാലും വൈറലാവുകയാണ്. കഥാപാത്രത്തിന്റെ തനിമ തെല്ലു കുറയാതെ ഏതു വേഷത്തിലേക്കും അവർ അനായാസം ഛായം മാറുന്നു. ജന്മം നൽകിയ മക്കളുടെ തണലോ സ്നേഹമോ അവർക്കു കൂട്ടില്ല, എന്നാൽ കർമ്മം കൊണ്ട് സഹോദരങ്ങളായി മാറിയ ഇവരോരോരുത്തരും പരസ്പരം താങ്ങാണ്. അത് തന്നെയാണ് അവരുടെ കൂട്ടുകെട്ടിൽ വിരിയുന്ന ഓരോ വീഡിയോടുടെയും വിജയത്തിന് പിന്നിൽ.
Read also: “രോഗികളുടെ എണ്ണം ഉയര്‍ന്ന നിരക്കില്‍”; ഡെങ്കിപ്പേടിയില്‍ കേരളം!!
വീഡിയോ പകർത്താനും എഡിറ്റ് ചെയ്യാനുമൊക്കെ പ്രത്യേകം ടീമുണ്ട് സ്നേഹക്കൂട്ടിൽ. അഭിനയിക്കേണ്ട രംഗങ്ങൾ അച്ചനമ്മമാർ പല ആവർത്തി കാണും, ശേഷം തട്ടകത്തിലേക്ക്. അതിൽ കവിഞ്ഞ പരിശീലനമൊന്നും അവർ നടത്താറില്ല. അവരെ ഏറെ ഇഷ്ടപെടുന്ന പ്രേക്ഷകർ ഓരോരുത്തർക്കും ചേരുന്ന കഥാപാത്രങ്ങൾ വരെ ഇപ്പോൾ കമെന്റുകൾ വഴി അറിയിക്കാറുണ്ട്.
പ്രായം വെറും സംഖ്യയാണെന്ന് പണ്ടാരോ പറഞ്ഞതുപോലെ, ജീവിത സാഹചര്യങ്ങൾ തോൽപ്പിക്കാൻ ശ്രമിച്ചപ്പോഴും, വാർദ്ധക്യം കൈനീട്ടി വിളിക്കുമ്പോഴും, വിട്ടു കൊടുക്കാൻ മനസ്സില്ല ഈ ‘വലിയ’ കലാകാരന്മാർക്ക്.
Story highlights- Viral Video of Snehakoodu inmates