ഒരു രാത്രി കഴിയണമെങ്കിൽ 83 ലക്ഷം രൂപ! ഇത് ലോകത്തിലെ ഏറ്റവും ചെലവേറിയ ഹോട്ടൽ

November 9, 2023

ലോകത്തിന്റെ വിനോദ സഞ്ചാര വ്യവസായം നവീനമായ ആശയങ്ങളിലൂടെ വളരുകയാണ്. സഞ്ചാരികളെ ആകർഷിക്കാനായി അതിരുകളില്ലാത്ത സർഗാത്മകതയാണ് പല രാജ്യങ്ങളും കാഴ്ചവയ്ക്കുന്നത്. ടൂറിസം മേഖലയിൽ ഹോട്ടൽ രംഗത്താണ് ഇത്തരം മാറ്റങ്ങൾ കാണാൻ സാധിക്കുക. ഇപ്പോൾ ആഡംബരത്തിനും വളരെയധികം പ്രാധാന്യം നൽകുന്നുണ്ട് ടൂറിസം മേഖല.

എന്നാലും ഒരു ആഡംബര ഹോട്ടലിൽ കഴിയാൻ നമുക്ക് എത്രമാത്രം തുക ചിലവഴിക്കാൻ സാധിക്കും? കൂടിപ്പോയാൽ ഒരുലക്ഷം വരെ എന്ന് പറയുന്നവരായിരിക്കും അധികവും. എങ്കിലും അത്രയുമൊക്കെ ഒരു രാത്രി കഴിയാൻ കൊടുക്കണോ എന്ന ചിന്താഗതി ആയിരിക്കും. പക്ഷെ, ലോകത്തിലെ ഏറ്റവും ആഡംബര ഹോട്ടലിൽ കഴിയണമെങ്കിൽ ഒന്നോ രണ്ടോ ലക്ഷം പോരാ. നിങ്ങൾക്ക് ചിലവാക്കുന്നത് 83 ലക്ഷം രൂപയാണ്.

സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ അലന്ന പാണ്ഡേ അടുത്തിടെ തന്റെ ഫോളോവേഴ്‌സിനായി ഈ സ്യൂട്ടിന്റെ അതിഗംഭീരമായ വെർച്വൽ ടൂർ നടത്തി. ദുബായിലെ അറ്റ്‌ലാന്റിസ് ദി റോയലിൽ സ്ഥിതി ചെയ്യുന്ന സമ്പന്നമായ സ്യൂട്ട് ഒരു രാത്രിക്ക് 100,000 ഡോളർ (ഏകദേശം 83 ലക്ഷം രൂപ) ആണ് ഈടാക്കുന്നത്.

‘ദി റോയൽ മാൻഷൻ’ എന്നറിയപ്പെടുന്ന ഈ അൾട്രാ മോഡേൺ ടു ലെവൽ, ഫോർ ബെഡ്‌റൂം പെന്റ്‌ഹൗസിന്റെ ഗംഭീരമായ സവിശേഷതകൾ പ്രദർശിപ്പിച്ചുകൊണ്ട് അലന്ന തന്റെ വിസ്മയിപ്പിക്കുന്ന അനുഭവം ഇൻസ്റ്റാഗ്രാം റീലിൽ പങ്കുവെച്ചു. ആഡംബരമായി താമസിക്കാൻ വെള്ള, സ്വർണ്ണ നിറങ്ങളുടെ ഗംഭീരമായ ഒത്തുചേരലുള്ള ഒരു സ്യൂട്ട് ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ഈ ആഡംബര സ്യൂട്ടിൽ ഒരു പ്രൈവറ്റ് ഫോയർ, 12 സീറ്റുകളുള്ള ഡൈനിംഗ് റൂം, കോൺഫറൻസ് റൂം, എന്റർടൈൻമെന്റ് റൂം, ഇൻഡോർ, ഔട്ട്ഡോർ അടുക്കള, സിനിമാ തിയേറ്റർ, ഓഫീസ്, ലൈബ്രറി, ഒരു സ്വകാര്യ ബാർ, ഗെയിം റൂം എന്നിവ ഉൾപ്പെടുന്നു. ദുബായുടെ സ്കൈലൈനിന്റെ അതിശയകരമായ 360-ഡിഗ്രി കാഴ്ചകൾ വാഗ്ദാനം ചെയ്യുന്ന സ്വകാര്യ ഡെക്കോടുകൂടിയ താപനില നിയന്ത്രിത ഇൻഫിനിറ്റി പൂളും ഇവിടെയുണ്ട്.

Read also: “ഡീപ്പ് ഫെയ്ക്ക് അപകടങ്ങൾ”; തിരിച്ചറിയാം, കരുതലോടെ നീങ്ങാം!

സമൃദ്ധമായ സൗകര്യങ്ങളും, അതിമനോഹരമായ രൂപകൽപനയുമുള്ള ആഡംബര ജീവിതത്തിന്റെ പ്രതിരൂപമാണ് ഈ സ്യൂട്ട്. അറ്റ്ലാന്റിസ് ദി റോയൽ ഹോട്ടലിലെ ഈ ലോകോത്തര സ്യൂട്ട്, ഈ വർഷം ജനുവരിയിൽ അതിഥികൾക്കായി തുറന്നു. ആഗോള സൂപ്പർ സ്റ്റാർ ബിയോൺസിന്റെ പ്രത്യേക പ്രകടനത്തോടെ ഗംഭീരമായ ലോഞ്ച് ആഘോഷിച്ചു. ബോളിവുഡിലെയും ഹോളിവുഡിലെയും താരങ്ങളും പങ്കെടുത്തു.

Story highlights- A night stay at the ‘most expensive hotel’