‘ഇവിടെ എല്ലാം സംഗീതമയം’; വേറിട്ട പഠനരീതിയുമായി മാഷും കുട്ടികളും!
കാലം അതിവേഗം പായുകയാണ്. മനുഷ്യബന്ധങ്ങളും ഈ ബന്ധങ്ങളുടെ നിർവചനവും മാറി വരികയാണ്. ഒരു വ്യക്തിയുടെ ജീവിതത്തെയും കാഴ്‌ചപ്പാടുകളെയും ഏറെ സ്വാധീനിക്കുന്നവരാണ് അധ്യാപകർ. കൂറ്റൻ കണ്ണടയും, കയ്യിൽ ചൂരലുമേന്തി വരുന്ന അധ്യാപകരുമൊക്കെ ചാക്കോ മാഷിൽ തന്നെ അവസാനിച്ചെന്ന് തോന്നുന്നു. (A variety classroom and an extraordinary teacher)
തലമുറകൾ മാറിയപ്പോൾ കുട്ടികളുടെയും, അവർക്കൊപ്പം അധ്യാപകരുടെയും കാഴ്ചപ്പാടുകൾ മാറി തുടങ്ങുന്നു. അത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങളും നമ്മൾ ചുറ്റും കാണാറുണ്ട്. കാഴ്ചയിലും, ശൈലിയിലും, പഠിപ്പിക്കുന്ന രീതിയിലും വ്യത്യസ്തനായ ഒരു മാഷിനെ പരിചയപ്പെടാം. മലപ്പുറം കുറവാ എഎംയുപി സ്‌കൂളിലെ ഷഫീക്ക് മാഷാണ് ഇവിടുത്തെ കുരുന്നുകളുടെ ഹീറോ.
മാഷിന്റെ ക്ലാസ് കേട്ട് തെറ്റിദ്ധരിക്കരുത്. ഇത് സംഗീത ക്ലാസ്സുമല്ല മാഷ് ഡാൻസ് മാസ്റ്ററുമല്ല. പക്ഷേ ഇവിടെ എല്ലാം സംഗീതമയമാണ്. തുള്ളൽ പാട്ടു മുതൽ ഗണിതശാസ്ത്രത്തിലെ ചുറ്റളവ് വരെ പാട്ടിലൂടെയാണ് ഷഫീക്ക് മാഷ് പഠിപ്പിക്കുന്നത്.
Read also: ‘പഠനമൊരു ചൂരലും മാഷുമല്ല ഒരു ചോക്കു കഷണവും ബോർഡുമല്ല’; വൈറലായി സുജിത്ത് മാഷും കുട്ട്യോളും
ഇങ്ങനെ പഠിപ്പിക്കുമ്പോൾ കുട്ടികൾ വേഗം മനസ്സിലാക്കുമെന്ന് മാത്രമല്ല അവരുടെ ഹൃദയങ്ങളിലേക്ക് കടന്നു ചെല്ലാനുള്ള വാതിലും തുറന്നു കിട്ടുമെന്ന് ഷഫീക്ക് മാഷ് പറയുന്നു. ഒരു പരീക്ഷണം എന്ന പോലെ കഴിഞ്ഞ ഓണപ്പരീക്ഷ വരെ ഈ രീതിയിൽ പഠിപ്പിച്ചു നോക്കിയതാണ്. പക്ഷെ കാര്യമായ മാറ്റങ്ങൾ കാണാൻ സാധിച്ചതോടെ മാഷ് ഇത് സ്ഥിരമാക്കുകയായിരുന്നു. അങ്ങനെ ഓരോ പാഠഭാഗത്തിനും ചേരുന്ന തരത്തിലുള്ള പാട്ടുകളിലൂടെ എല്ലാ വിഷയവും പഠിപ്പിക്കാൻ ആരംഭിച്ചു.
കേട്ടിരിക്കുന്ന കുട്ടികളും മടുപ്പ് തീരെയില്ലെന്നു സമ്മതിക്കുന്നു. മാഷ് പാട്ടുപാടി പഠിപ്പിക്കുന്നതെല്ലാം നന്നായി മനസ്സിലാകുന്നുണ്ടെന്ന് പറഞ്ഞു കുട്ടികളുടെ വക ഫൈവ് സ്റ്റാർ റേറ്റിംഗ്.
സ്‌കൂളും കോളേജുമൊക്കെ കടന്ന് ജീവിതത്തിന്റെ മറ്റു തിരക്കുകളിൽ പെട്ട നമ്മളിൽ ചിലർക്കെങ്കിലും അൽപ്പം അസൂയയോടെ മാത്രമേ ഷഫിക്ക് മാഷിന്റെ ഈ വെറൈറ്റി ക്ലാസ് കണ്ട് നില്ക്കാൻ സാധിക്കൂ.
Story highlights: A variety classroom and an extraordinary teacher