‘അതിജീവനത്തിന്റെ ഏറ്റവും വലിയ സാഹസികത’; ആടുജീവിതത്തിന്റെ റിലീസ് തിയതി പുറത്ത്
പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ റിലീസ് തിയതി പുറത്ത്. 2024 ഏപ്രില്‍ 10-നാണ് ചിത്രം ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ പ്രദര്ശത്തിനെത്തുക. പ്രശസ്ത സാഹിത്യകാരന് ബെന്യാമിന്റെ നോവലായ ‘ആടുജീവിത’ത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം അന്താരാഷ്ട ഫിലിം ഫെസ്റ്റിവലുകളില്‍ ചര്‍ച്ചാവിഷയമായിരുന്നു. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ലഭ്യമായിരിക്കും. ( Aadujeevitham release date announced )
സംവിധായകന് ബ്ലെസി, പൃഥ്വിരാജ് എന്നിവരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി അറിയിച്ചിരിക്കുന്നത്. മികച്ച പശ്ചാത്തല സംഗീതത്തോടുകൂടിയ വീഡിയോക്കൊപ്പമാണ് ‘ആടുജീവിത’ത്തിന്റെ റിലീസ് പ്രഖ്യാപനം. ‘അതിജീവനത്തിന്റെ ഏറ്റവും വലിയ സാഹസികത’ എന്ന അടിക്കുറുപ്പുമായിട്ടാണ് പൃഥ്വിരാജ് ഫെയ്സ്ബുക്കില്‍ വിവരം പങ്കുവച്ചിട്ടുള്ളത്. കണ്ണെത്താ ദൂരത്തില്‍ പരന്നുകിടക്കുന്ന മരുഭൂമിയില്‍ നിന്ന് ഓടി രക്ഷപ്പെടുന്ന പൃഥ്വിരാജിന്റെ കഥാപാത്രത്തെയും വീഡിയോയില്‍ കാണാം.
വിഷ്വല്‍ റൊമാന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഹോളിവുഡ് നടന് ജിമ്മി ജീന്‍ ലൂയിസ്, അമല പോള്‍, ഇന്ത്യന്‍ നടന് കെ.ആര് ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കാബി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. എ.ആര് റഹ്മാന്റെ സംഗീതവും റസൂല്‍ പൂക്കുട്ടിയുടെ ശബ്ദരൂപകല്‍പ്പനയും ആടുജീവിതത്തിന്റെ പ്രത്യേകതകളാണ്. ചിത്രത്തിന്റെ അതിമനോഹരമായ ദൃശ്യങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് കെ.എസ് സുനിലും, എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ്.
Read Also: ‘അത് പ്രേം നസീർ സാർ…’ നിത്യഹരിത നായകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഭാഗ്യലക്ഷ്മി!
ജോര്‍ദാന്‍, അള്‍ജീരിയ അടക്കമുള്ള വിവിധ രാജ്യങ്ങളിലായി അഞ്ച് വര്‍ഷത്തോളമെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നായി ഒരുങ്ങുന്ന ആടുജീവിതം മികവുറ്റ നിര്‍മ്മാണം, സൗന്ദര്യാത്മക ഘടകങ്ങള്‍, മികച്ച കഥാഖ്യാനശൈലി, അഭിനയ മികവ് തുടങ്ങിയ ഘടകങ്ങളാല്‍ വ്യത്യസ്തമാണ്. കേരളത്തില്‍ നിന്ന് മികച്ച ജീവിത നിലവാരം ലക്ഷ്യമിട്ടുകൊണ്ട് സൗദി അറേബ്യയിലേക്ക് കുടിയേറിയ നജീബ് എന്ന യുവാവിന്റെ ജീവിതമാണ് സിനിമയുടെ പ്രമേയം.
Story Highlights : Aadujeevitham release date announced