ലോകാവസാന ശേഷം ഭൂമിയിൽ പുതിയ ജീവിതമാരംഭിക്കാൻ വേണ്ടതെല്ലാം ഇവിടെ റെഡി; ലോകാവസാന നിലവറയെക്കുറിച്ച് അറിയാം!

November 3, 2023

എന്നും ആളുകൾ ചർച്ച ചെയ്യുന്ന വിഷയമാണ് ലോകാവസാനം. പലരും ലോകാവസാനമെത്തി എന്ന് പറഞ്ഞു പല കഥകളും സൃഷ്ടിക്കുന്നതും കാണാറുണ്ട്. എന്നാൽ അങ്ങനെയൊരു ലോകാവസാനം സംഭവിക്കുമോ? മാറിവരുന്ന കാലാവസ്ഥയും ഉയർന്ന താപനിലയുമൊക്കെ പല സൂചനകളും നൽകുന്നുണ്ട്. വലിയ പ്രളയ ദുരന്തമോ അന്യഗ്രഹ ജീവികളുടെ ആക്രമണമോ മറ്റെന്തെങ്കിലും പ്രതിഭാസമോ കാരണം എല്ലാം അവസാനിച്ച് വീണ്ടും ഒന്നിൽ നിന്നും ആരംഭിക്കേണ്ട സാധ്യത തള്ളിക്കളയാനാകില്ല.

അങ്ങനെയൊരു തുടക്കത്തിനായുള്ള തയ്യാറെടുപ്പ് എല്ലാം ഭൂമിയിൽ പക്ഷെ സജ്ജമായി കഴിഞ്ഞു. ലോകാവസാന നിലവറ സജീവമായിരിക്കുകയാണ്. പന്ത്രണ്ടു വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു നിലവറ നിർമിച്ചിട്ട്. വീണ്ടും ലോകാവസാന നിലവറ വാർത്തകളിൽ ഇടം നേടുന്നത് അമേരിക്കൻ ഗോത്ര വാസികൾ നിലവറയിലേക്ക് അപൂർവ വിത്തിനങ്ങൾ കൈമാറിയതോടെയാണ്.

നോര്‍വെയിലെ സ്വാല്‍ബാര്‍ഡിലാണ് ലോകാവസാന നിലവറ സ്ഥിതി ചെയ്യുന്നത്. അമേരിക്കൻ കാർഷിക സംരംഭകൻ ക്യാരി ഫോളരുടെ നേതൃത്വത്തിലാണ് ഇങ്ങനെയൊരു സംരംഭത്തിന് 2008 ഫെബ്രുവരി 26ന് തുടക്കം കുറിച്ചത്. തണുത്തുറഞ്ഞ വലിയൊരു പർവ്വതത്തിനുള്ളിലാണ് വിത്തുകൾ ശേഖരിച്ച് നിലവറ നിർമിച്ചിരിക്കുന്നത്. മഞ്ഞുമലകൾക്കിടയിലെ പാറകളുടെ 120 മീറ്റർ ഉള്ളിലേക്കാണ് നിലവറ തയ്യാറാക്കിയിരിക്കുന്നത്.

40 ലക്ഷത്തോളം വിത്തുസാമ്പിളുകള്‍ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയുന്ന നിലവറയിൽ ഇപ്പോൾ ഏകദേശം 8,60,000 വിത്തുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ശേഖരിച്ച വിത്തുകളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. ലോകാവസാന വിത്തു നിലവറയുടെ കാര്യങ്ങൾ നോക്കുന്നത് ഗ്ലോബല്‍ ക്രോപ്പ്‌ ഡൈവേഴ്‌സിറ്റി ട്രസ്റ്റാണ് (GCDT). വിവിധ രാജ്യങ്ങളിലായി 1400-ലേറെ വിത്ത് നിലവറകൾ നിലവിലുണ്ട്.

നോർവെയാണ് ഇത്തരമൊരു പദ്ധതിക്കായി സഹായം നൽകിയത്. ആര്‍ക്ടിക്കിൽ പല സമയങ്ങളിലും സൂര്യനും ചന്ദ്രനും ഉദിക്കാറില്ല. ഇവിടെ മൈനസ് 18 ഡിഗ്രിസെൽഷ്യസ് തണുപ്പാണ്. ഇതിനാൽ നിലവറയിലെ വൈദ്യുതി നഷ്ടമായാലും 1000 വർഷത്തോളം വിത്തുകൾ കേടുവരാതെ സൂക്ഷിക്കാനാകും.

Read also: വായിൽ കപ്പലോടിച്ച് കേരളീയം കലാമേള; വയറും നിറയും മനസ്സും നിറയും!

പൂർണമായും ഇവിടെ ടെക്നോളജിയുടെ സഹായത്തോടെയാണ് കാര്യങ്ങൾ നടക്കുന്നത്. ഒരൊറ്റ ജോലിക്കാരോ സെക്യൂരിറ്റിയോ ഒന്നും ഇവിടെയില്ല. കനത്ത ആണവാക്രമത്തെ പോലും അതിജീവിച്ച് പുതിയ ജീവിതം തുടങ്ങാനുള്ളതെല്ലാം ഇവിടെയുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

മറ്റ് നിലവറകൾ സംബന്ധിച്ച് ഏറ്റവും സുരക്ഷിതം തന്നെയാണ് സ്വാല്‍ബാര്‍ഡിലുള്ളത്. പക്ഷെ അമിതമായ ആഗോളതാപനം കാരണം പൂർണമായും ഈ നിലവറയും സുരക്ഷിതമല്ലെന്നും, വെള്ളം കയറാൻ സാധ്യതയുണ്ടെന്നും ലോകം മനസിലാക്കി കഴിഞ്ഞു.

Story highlights- all about doomsday bank