‘ചെറിയ വേഷങ്ങൾ ഉത്തരവാദിത്തത്തോടെ മിതവും ന്യായവുമായ റേറ്റിൽ ചെയ്തു കൊടുക്കപ്പെടുന്നതാണ്’- അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച് തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ
പ്രതീക്ഷയേറുന്ന പുതുചിത്രങ്ങൾ ക്രിസ്മസ് റിലീസിന് ഒരുങ്ങുകയാണ്. കൂട്ടത്തിൽ പ്രമേയംകൊണ്ട് വേറിട്ടനിൽക്കുകയാണ് ജി.മാര്‍ത്താണ്ഡന്‍ ഒരുക്കിയ ചിത്രം ‘മഹാറാണി’. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ട്രെയ്ലർ പുറത്തിറങ്ങിയപ്പോൾ മുതൽ ശ്രദ്ധനേടിയത് തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രന്റെ സാന്നിധ്യമാണ്. ഇപ്പോഴിതാ, അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച വിശേഷം പങ്കുവെച്ചിരിക്കുകയാണ് ബിപിൻ ചന്ദ്രൻ.
ബിപിൻ ചന്ദ്രന്റെ കുറിപ്പ്;
മഹാറാണി സിനിമ വരുന്നുണ്ട് വെള്ളിയാഴ്ച. അതിലഭിനയിക്കുന്നത് ഈ കോലത്തിലാ. ട്രെയിലറിലും ഒന്നും മിന്നിമായുന്നുണ്ട്. ഈ എഴുത്തുജീവിതം എന്തൊരു തൊല്ലയാണെന്നോ. ചുമ്മാതല്ല എല്ലാവരും സിനിമാനടന്മാരാകാൻ കൊതിക്കുന്നത്. ഇതൊക്കെ കണ്ടിട്ട് ആരെങ്കിലും അടുത്ത പടത്തിലേക്ക് അഭിനയിക്കാൻ വിളിച്ചാ മതിയാരുന്നു. കുറ്റം പറയരുതല്ലോ .വിളിച്ചു കേട്ടോ. ഡയറക്ടർ ലാൽ ജൂനിയർ ടോവിനോയുടെയും സംവിധായകൻ രഞ്ജിത്തിന്റെയും കൂടെ നടികർതിലകം സിനിമയിൽ അഭിനയിക്കാൻ വിളിച്ചു.( നല്ല കാശും തന്നു.)
സംവിധായകരുടെ ആവശ്യാനുസരണം ഓവറാക്കിയും ഓവറാക്കാതെയും അമിതഭാവങ്ങളോടെയും ഭാവരഹിതമായും വികാരഭരിതമായും വികാരരഹിതമായുമൊക്കെ ചെറിയ ചെറിയ വേഷങ്ങള്‍ ഉത്തരവാദിത്തത്തോടെ മിതവും ന്യായവുമായ റേറ്റിൽ ചെയ്തു കൊടുക്കപ്പെടുന്നതാണ് എന്ന് ഇതിനാൽ ഒന്നുകൂടി അറിയിച്ചുകൊള്ളുന്നു.
എന്നെ സിനിമയിൽ അഭിനയിപ്പിച്ചു എന്ന പുണ്യത്തിന് വേണ്ടി മാത്രമായി ആരും വിളിക്കണമെന്നില്ല. കാശിനു നല്ല ടൈറ്റാണ്. അതുകൊണ്ടാ. ( പ്രസംഗിക്കാൻ വിളിക്കുന്നവരോട് കൂടിയാണ് ഇത് പറയുന്നത്) പക്ഷേ യൂട്യൂബിൽ ട്രെയിലറ് കാണുന്നതിന് കാശുമുടക്കൊന്നുമില്ലല്ലോ. കാശ് മുടക്കി പടം ഒന്ന് കണ്ടേച്ചാൽ അതിലും സന്തോഷം കേട്ടോ.
Read also: രാജ്നാരായണന്‍ജി ഫൗണ്ടേഷന് അവാര്‍ഡ്; ട്വന്റിഫോറിനും ഫ്ളവേഴ്സിനും പുരസ്കാരത്തിളക്കം
അതേസമയം, നവംബര്‍ 24-ന് തിയേറ്ററുകളിലേക്ക് ചിത്രം എത്തും. ചിത്രത്തില്‍ റോഷന് മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ‘ഇഷ്ക്’, ‘അടി’ എന്നീ ചിത്രങ്ങളുടെ രചയിതാവായ രതീഷ് രവി തിരക്കഥയൊരുക്കിയ ചിത്രം എസ് ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലനാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്‍.എം. ബാദുഷ സഹനിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നു.
Story highlights- bipin chandran about maharani movie