ആരാധനമൂര്‍ത്തിയായി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്, നേര്‍ച്ചയായി ബിയര്‍ അഭിഷേകം, വ്യത്യസ്തമായി ബുള്ളറ്റ് ബാബ ക്ഷേത്രം
വിചിത്രമായ ആചാരാനുഷ്ടാനങ്ങള്‍ കൊണ്ടും പ്രതിഷ്ഠകള്‍ കൊണ്ടും വ്യത്യസ്തമായ നിരവധി ക്ഷേത്രങ്ങളുണ്ട് ഇന്ത്യയില്‍. അത്തരത്തില്‍ രാജസ്ഥാനിലെ ജോധ്പൂരിലെ ഒരു ക്ഷേത്രമാണ് ബുള്ളറ്റ് ബാബ. ഇവിടത്തെ പ്രതിഷ്ഠയാരാണെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടുമെന്നുറപ്പാണ്. പേര് പോലെ തന്നെ ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ആണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ബുള്ളറ്റ് ബാബയുടെ അമ്പലം എന്ന പേരിലാണ് അറിയപ്പെടുന്നത്. ജോധ്പൂരിനടുത്ത് ഛോട്ടില എന്ന ഗ്രാമത്തിലാണ് 350സിസി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനെ ആരാധിക്കുന്ന ക്ഷേത്രമുള്ളത്. ( Bullet Baba Temple in Rajasthan )
1991 മുതലാണ് എന്‍ഫീല്‍ഡ് ബുള്ളറ്റിനെ ആരാധനാമൂര്‍ത്തിയാക്കി ക്ഷേത്രം പണികഴിപ്പിച്ചത്. ‘ഓം ബന്ന’ അഥവ ‘ബുള്ളറ്റ് ബാബ’ എന്നാണ് വിശ്വാസികള്‍ ബുള്ളറ്റ് ദൈവത്തെ വിളിക്കുന്നത്. ദിവസവും നൂറുകണക്കിന് ഗ്രാമീണര്‍ ഇവിടെയെത്തി ആരാധന നടത്താറുണ്ട്.
1988 ഡിസംബര്‍ രണ്ടിന് അച്ഛന് സമ്മാനമായി നല്കിയ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ സുഹൃത്തുക്കളുമായി കറങ്ങാനിറങ്ങിയതായിരുന്ന യുവാവ്. എതിരെ വന്ന ഒരു ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓംബന സിംങ്ങ് മരണപ്പെട്ടു. അപകടത്തെ തുടര്‍ന്ന് പൊലീസ് ബുള്ളറ്റ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച ബുള്ളറ്റ് അടുത്ത ദിവസം കാണാതെയായി. ബുള്ളറ്റ് അവിടെ നിന്നും അപ്രത്യക്ഷമായി പഴയ അപകട സ്ഥലത്തുതന്നെ തിരിച്ചെത്തി. ആരെങ്കിലും കൊണ്ടിട്ടതാകാം എന്നുകരുതി പൊലീസ് വീണ്ടും വാഹനത്തെ സ്റ്റേഷനിലെത്തിച്ചു. ആരുമെടുക്കാതിരിക്കാന്‍ ഇന്ധനം കാലിയാക്കുകയും ചെയ്തു.
എന്നാല്‍ പിറ്റേ ദിവസവും ആ സംഭവം ആവര്‍ത്തിച്ചു, ബുള്ളറ്റിനെ കാണാതായി. വീണ്ടും ബുള്ളറ്റിനെ അപകടസ്ഥലത്ത് നിന്നുതന്നെ കണ്ടെത്തി. ഈ സംഭവമാവര്‍ത്തിച്ചപ്പോള്‍ പൊലീസുകാര്‍ ബുള്ളറ്റിനെ ഓംബന സിംങ്ങിന്റെ വീട്ടുകാര്‍ക്ക തന്നെ തിരികെ നല്കി. അവരത് ഗുജറാത്തിലുള്ള ഒരാള്‍ക്ക് വില്പന നടത്തുകയായിരുന്നു.
Read Also: ‘ഞാൻ കുറച്ച് നേരം കൂടെ കളിച്ചോട്ടെ സാർ’; ചിരി വാരിക്കൂട്ടി കുട്ടിയുടെ വിഡിയോ!
എന്നാല്‍ വീണ്ടും ബുള്ളറ്റ് അവിടെ നിന്നും അപകടസ്ഥലത്തേക്ക് തിരിച്ചെത്തിയാണ് പറയുന്നത്. ഈ അത്ഭുതപ്രതിഭാസത്തിന്റെ ചുവട് പിടിച്ചാണ് ഓംബന സിംങ്ങിനെ ആളുകള്‍ ആരാധിക്കാന്‍ തുടങ്ങിയത്. ഓംബനസിംങ്ങിന്റെ ബുള്ളറ്റിനെ പ്രതിഷ്ഠയായി കണ്ട് ആരാധനയും തുടങ്ങി. ബുള്ളറ്റ് ബാബ എന്നും വിശ്വാസികള്‍ വിളിച്ചുതുടങ്ങി.
ഇതുവഴി കടന്നു പോകുന്നവര്‍ക്ക് ബുള്ളറ്റ് ബാബ തങ്ങളെ കാക്കുന്ന ദൈവമാണ്. ഹോണ്‍ മുഴക്കിയാണ് ബാബയ്ക്ക് വഴിപാട് നേരുക. കാണിക്കയായി മദ്യവും സമര്‍പ്പിക്കാറുണ്ട്. ബുള്ളറ്റ് ബാബയെ സന്ദര്‍ശിക്കാന്‍ ജോധ്പൂരില്‍ വന്‍ തിരക്കാണ് അനുഭവപ്പെടാറുള്ളത്. ബുള്ളറ്റ് ക്ഷേത്രത്തിന് സമീപത്ത് കൂടെ കടന്നുപോകുന്നവര്‍ വണ്ടി നിര്‍ത്തി ഒന്ന് തൊഴുത് പോകണം എന്നാണ് വിശ്വാസം. അല്ലാത്തപക്ഷം അപകടമരണമുണ്ടാകുമെന്നാണ് ഇവിടെയുള്ളവര്‍ വിശ്വസിക്കുന്നത്. പൂക്കള്‍, കര്‍പ്പൂരം എന്നിങ്ങനെ വേണ്ട ബിയര്‍ കൊണ്ടും ബുള്ളറ്റില്‍ അഭിഷേകം ചെയ്യാറുണ്ട്. ബുള്ളറ്റിന് മുകളിലൂടെ ബിയര്‍ ഒഴിച്ച് അഭിഷേകം നടത്തിയാല്‍ ബുള്ളറ്റ് ബാബയെ പ്രീതിപ്പെടുത്താം എന്നാണ് ആരാധകരുടെ വിശ്വാസം.
Story highlights : Bullet Baba Temple in Rajasthan