‘സൂര്യക്ക് പകരം സഞ്ജു വേണമായിരുന്നു’ മലയാളി താരത്തിന് പിന്തുണയുമായി ആരാധകര്‍

November 21, 2023
cricket fans support over Sanju Samson

മലയാളി താരം സഞ്ജു സാംസണെ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തഴഞ്ഞതില്‍ വിമര്‍ശനുവുമായി വീണ്ടും ക്രിക്കറ്റ് പ്രേമികള്‍. ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷമാണ്‌ സഞ്ജുവിനായി ശബ്ദമുയരുന്നത്. സൂര്യകുമാർ യാദവിന് പകരം സഞ്ജു ആയിരുന്നു ടീമിൽ ഉൾപ്പെടെണ്ടത് എന്നായിരുന്നു ആരാധകരുടെ അഭിപ്രായം. നേരത്തെയും സഞ്ജുവിനെ അവഗണിച്ച് സൂര്യയെ ലോകകപ്പ് ടീമിൽ എടുത്തതിന് വിമർശനങ്ങൾ ഉയർന്നിരുന്നു. ( Cricket fans support over Sanju Samson )

ഏകദിനത്തില്‍ മികച്ച റെക്കോഡ് ഉണ്ടായിട്ടും സഞ്ജുവിന് പകരം സൂര്യകുമാറിന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുകയായിരുന്നു. ടി-20 ഫോര്‍മാറ്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സ്‌കൈ ടീമിലെത്തിയത്. ഈ ലോകകപ്പിലും സൂര്യയുടെ പ്രകടനം ശരാശരിയിലും താഴെയായിരുന്നു. ഈ ലോകകപ്പിൽ ഏഴ് മത്സരങ്ങളില്‍ നിന്ന്‌ 17 റൺസ് ശരാശരിയിൽ ആകെ 106 റൺസ് ആണ് സൂര്യകുമാർ എടുത്തത്‌. 49 റൺസാണ് ഉയർന്ന സ്കോർ.

സൂര്യ കുമാറിന്റെ സേവനം ഇന്ത്യക്ക് ആവശ്യമുണ്ടായിരുന്നത് ഫൈനലിൽ ആയിരുന്നു. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ റൺസ് ഉയർത്തേണ്ട നിർണായക സമയത് സിംഗിൾ എടുത്ത് കുൽദീപിന് സ്ട്രൈക്ക് കൊടുത്തത് ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും മോശം നിമിഷങ്ങളിൽ ഒന്നായി ഓർക്കപെടും.

അഹമ്മദാബാദിലെ കലാശപ്പോരില്‍ ഒരു ബൗണ്ടറി മാത്രമാണ് സൂര്യകുമാറിന് അടിക്കാനായത്. 28 പന്തില്‍ നിന്ന് നേടിയത് 18 റണ്‍സ് മാത്രം. ഫോമിലുള്ള, സ്ഥിരത പുലര്‍ത്തിയ താരങ്ങള്‍ വേറെ ഉണ്ടെന്നിരിക്കെ എന്തുകൊണ്ട് സൂര്യകുമാര്‍ യാദവിനെ ഏകദിന ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തി എന്നതില്‍ ടീം മാനേജ്മെന്റ് വിശദീകരണം നല്‍കേണ്ടതുണ്ടെന്നാണ് ആരാധകരുടെ പ്രതികരണം.

37 മത്സരങ്ങളില്‍ ഏകദിനങ്ങള്‍ കളിച്ച സൂര്യകുമാറിന്റെ ശരാശരി 23 മാത്രമാണ്. എന്നാൽ 56 ശരാശരിയും സൂര്യകുമാറിനെക്കാൾ നല്ല സ്ട്രൈക്ക് റേറ്റും സഞ്ജു സാംസണ് ഏകദിനത്തിൽ ഉണ്ട്. എന്നിട്ടും സഞ്ജുവിന് ലഭിക്കുന്നത് അവഗണന മാത്രമാണ്.

Story Highlights : Cricket fans support over Sanju Samson