ഈ വിവരങ്ങൾ ഒന്നും ഫേസ്ബുക്കിൽ പങ്കുവയ്ക്കരുത്!

November 17, 2023

കാലങ്ങളായി ഫേസ്ബുക്ക് നമുക്കിടയിൽ സജീവമായിട്ട്. അന്നുമുതൽ അക്കൗണ്ട് സജീവമാക്കിയിരിക്കുന്നവർ ആയിരിക്കും അധികവും. സൗഹൃദത്തിന് ഒരു പുതുഇടം എന്നതിനേക്കാൾ ഉപരി ഒരു ബിസിനസ് മീഡിയമായി ഫേസ്ബുക്ക് കലാകാലങ്ങൾകൊണ്ട് മാറിക്കഴിഞ്ഞു.. എന്നാൽ, ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്ക് കുറച്ച് വർഷങ്ങൾക്ക് മുൻപ് ഉപയോഗിച്ചതുപോലെയല്ല ഇന്ന് ഉപയോഗിക്കുന്നത്.

കുറച്ച്കൂടി ജനകീയമായി, ഒരു പൊതുവിടമായി മാറി. പക്ഷെ പലർക്കും ഇന്നും ഫേസ്ബുക്ക് ഉപയോഗിക്കാൻ അറിയില്ല. അതായത്, എങ്ങനെ കൈകാര്യം ചെയ്യണം, എന്തൊക്കെ വിവരങ്ങൾ മറച്ച് വയ്ക്കണം എന്നൊന്നും അറിയാത്തവരുണ്ട്. സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ വലിയ പ്രശ്നങ്ങൾ ഫേസ്ബുക്കിലൂടെ സൃഷ്ടിക്കപ്പെടാം. അതിനാൽ ഫേസ്ബുക്കിൽ പങ്കുവയ്ക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ അറിഞ്ഞിരിക്കാം.

ഒരിക്കലും പാസ്പോർട്ട്, സർട്ടിഫിക്കറ്റുകൾ, മറ്റു രേഖകൾ തുടങ്ങിയവ ഫേസ്ബുക്കിൽ പങ്കുവയ്ക്കരുത്. ദൂര യാത്രകൾ കുടുംബത്തോടൊപ്പമോ മറ്റോ പോകുമ്പോൾ ആ വിവരം ഫേസ്ബുക്കിൽ പങ്കുവെച്ചാല്‍ ആളില്ലെന്നു മനസിലാക്കി വീട്ടിൽ മോഷണം നടക്കാൻ വലിയ സാധ്യത ഉണ്ട്. അതിനാൽ യാത്രക്ക് ശേഷം ചിത്രങ്ങൾ പങ്കുവയ്ക്കാൻ ശ്രദ്ധിക്കണം.

ആരെങ്കിലും റിക്വസ്റ്റ് അയക്കുമ്പോൾ എന്തെങ്കിലും പരിചയമുള്ളതോ അല്ലെങ്കിൽ പൊതുവായ ഒരു ഘടകമോ കാരണമാകും നമ്മൾ ഫേസ്ബുക്കിൽ സുഹൃത്തുക്കളാക്കുന്നത്. എന്നാൽ യാതൊരു പരിചയവുമില്ലാതെ വെറുതെ ഫേസ്ബുക്ക് ഫ്രണ്ട് ലിസ്റ്റിന്റെ വലിപ്പം കൂട്ടാമെന്ന രീതിയിൽ ആരെയും സുഹൃത്തുക്കളാക്കരുത്. ഒരു ബന്ധവുമില്ലാതെ സ്വീകരിച്ച അക്കൗണ്ടുകൾ അൺഫ്രണ്ട് ചെയ്യാം. അല്ലെങ്കിൽ നമ്മുടെ വിവരങ്ങൾ വെറുതെ ഒരാളിലേക്ക് എത്തുകയാണ് ചെയ്യുന്നത്.

സോഷ്യൽ മീഡിയ ലോകത്ത് ജീവിക്കുമ്പോൾ നമ്മുടെ എല്ലാ കാര്യങ്ങളെയും ഫേസ്ബുക്ക് പോലെയുള്ള പൊതു ഇടങ്ങൾ സ്വാധീനിക്കാറുണ്ട്. പല കമ്പനികളും ജോലിക്ക് ശ്രമിക്കുമ്പോൾ നമ്മുടെ ഫേസ്ബുക്ക് ആക്ടിവിറ്റി പരിശോധിക്കാറുണ്ട്. അതിനാൽ അപകീർത്തികരമായ കാര്യങ്ങൾ പങ്കുവയ്ക്കരുത്. നമ്മുടെ വികാര പ്രകടനങ്ങൾക്കായുള്ള വേദിയാക്കരുത് ഫേസ്ബുക്ക്.

മറ്റൊന്ന് കുട്ടികളുടെ വിവരങ്ങൾ തീർച്ചയായും ഒഴിവാക്കണം. യൂണിഫോമിലുള്ള ചിത്രങ്ങൾ, പഠിക്കുന്ന സ്‌കൂൾ തുടങ്ങിയ വിവരങ്ങൾ ഒഴിവാക്കുക. സ്ത്രീകൾ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ ലൊക്കേഷൻ ഒഴിവാക്കുക. ആരെങ്കിലും നിങ്ങളെ പിന്തുടരുവാനുള്ള സാഹചര്യങ്ങൾ ഉണ്ടാകും ഇത്തരത്തിൽ ലൊക്കേഷൻ പങ്കുവെച്ചാൽ.

ഫോട്ടോയിൽ ടാഗ് ചെയ്യുന്നതിന്റെ സെറ്റിംഗ്സ് മാറ്റുക. ആർക്കും ടാഗ് ചെയ്യാമെന്ന തരത്തിൽ അനുവദിക്കരുത്. ആരെങ്കിലും ടാഗ് ചെയ്യാൻ ശ്രമിക്കുന്നതിന് നോട്ടിഫിക്കേഷൻ വരുകയും നമുക്ക് ആഗ്രഹമുണ്ടെങ്കിൽ മാത്രം അത് സ്വീകരിക്കാം എന്നുമുള്ള ഓപ്ഷൻ ഉണ്ട്. അതാണ് ഏറ്റവും അനുയോജ്യം.

Read also: ‘അവൻ ഫഹദ് ഫാസിൽ കളിക്കുന്നത് കണ്ടോ..’- മഹാറാണിയുടെ രസകരമായ ട്രെയിലര്‍ എത്തി

വീട്ടിലെ അഡ്രസ്, ഓഫീസിലെ അഡ്രസ്, വ്യക്തി വിവരങ്ങൾ, ഷിഫ്റ്റ് സമയം തുടങ്ങിയവ പങ്കുവയ്ക്കരുത്. നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ സുഹൃത്തുക്കൾക്ക് മാത്രം കാണാവുന്ന രീതിയിലാക്കുക. അതായത് നിങ്ങൾ അപരിചിതരെ ഫ്രണ്ട് ലിസ്റ്റിൽ ഉൾപെടുത്തിയിട്ടുണ്ടെങ്കിൽ നിർബന്ധമായും ഒഴിവാക്കുക.

Story highlights-does and don’ts in facebook