’62 വർഷമായി ഈ ശബ്ദം ഉള്ളിൽ കേറിയിട്ട്, 62 എൻ്റെ പ്രായം കൂടിയാണ്’- ഹൃദ്യമായ കുറിപ്പുമായി ജി വേണുഗോപാൽ

November 22, 2023

വര്‍ണ്ണനകള്‍ക്കും അതീതമായ ചിലതുണ്ട്. അത്തരത്തില്‍ ഒന്നാണ് കെ ജെ യേശുദാസ് എന്ന ഗാനഗന്ധര്‍വ്വന്റെ ശബ്ദമാധുര്യം. ആസ്വാദക ഹൃദയത്തില്‍ അത്രമേല്‍ ആഴത്തില്‍ വേരൂന്നുവാന്‍ ഈ മഹാഗായകന്റെ ആലാപനത്തിന് സാധിക്കുന്നു. അദ്ദേഹത്തിന്റെ ആദ്യ ഗാനം ആളുകളിലേക്ക് എത്തിയിട്ട് 62 വർഷമായി. ആ മധുരശബ്ദത്തിന്റെ മാസ്മരികതയെക്കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഗായകൻ ജി വേണുഗോപാൽ.

ജി വേണുഗോപാലിന്റെ വാക്കുകൾ;

62 വർഷമായി ഈ ശബ്ദം ഉള്ളിൽ കേറിയിട്ട് എന്നോർക്കുമ്പോൾ, എന്തെന്നില്ലാത്ത സന്തോഷം! 62 എൻ്റെ പ്രായം കൂടിയാണ്. എൻ്റെ തലമുറയിൽ ജനിച്ച ഏതാണ്ടെല്ലാ മലയാളികൾക്കും അവരുടെ അച്ഛനമ്മമാരുടേത് പോലെ, അല്ലെങ്കിൽ അതിലുമേറെ മനസ്സിലും കാതിലും അവരുടെ ഓർമ്മകളിലും മുഴങ്ങുന്ന ഒരു നാദം! അദ്ദേഹത്തെ ഓരോ പ്രാവശ്യവും നേരിട്ട് കാണുമ്പോഴും എൻ്റെ കൈകൾ ദാസേട്ടൻ കൂട്ടിപ്പിടിക്കുമ്പോഴും, ഉള്ളിലെ എന്നിലെ കൊച്ച് കുട്ടി ഉണരും. കേട്ട പാട്ടുകളും കണ്ട സ്വപനങ്ങളും യാഥാർത്ഥ്യമാകും. ധൈര്യമായ് മുന്നിലേക്ക് പോകാനുള്ള ഊർജ്ജം ആ സ്പർശം തരും.

നമ്മുടെ മലയാളത്തിന് ലോക സമക്ഷം ഹാജരാക്കാൻ ” “world class” എന്ന ലേബലുള്ള അത്യപൂർവ്വമായ ഒരു വ്യക്തിയാണ് മുന്നിൽ നിൽക്കുന്നതെന്ന ബോധം വരും. കെട്ട കാലത്തിനും, തകർന്ന ബിംബങ്ങൾക്കും, ചേരിതിരിഞ്ഞ മനസ്സുകൾക്കുമതിർത്തികൾക്കു മിടയിൽ, ഇക്കഴിഞ്ഞ 62 വർഷവും അണുവിട സ്വന്തം കർമ്മത്തിൽ നിന്നും മാർഗ്ഗത്തിൽ നിന്നും വ്യതിചലിക്കാത്ത ഈ കർമ്മയോഗി ജീവിച്ച കാലത്ത് അദ്ദേഹത്തോടൊപ്പം ജീവിക്കാനും, വേദികളും സംഗീതവും പങ്കിടാനും സാധിച്ച ഭാഗ്യത്തെക്കുറിച്ചും ഞാൻ ബോധവാനാകും.ദാസേട്ടാ, എന്നുമെന്നും പ്രാർത്ഥനയും നിറഞ്ഞ സ്നേഹവും ആദരവും മാത്രം.

Read also: ‘ദ ലാസ്റ്റ് ഡാന്‍സ്‌’ വീണ്ടുമൊരു മെസി – റൊണാള്‍ഡോ പോരാട്ടത്തിന് വേദിയൊരുങ്ങുന്നു..

ജി.വേണുഗോപാലിന്റെ ശബ്ദത്തിന് കാതിന് ആനന്ദവും മനസ്സിന് കുളിർമയും നൽകുന്ന ഒരു അപൂർവ ഗുണമുണ്ട്. ഉന്മേഷദായകമായ ആ ശബ്ദം മലയാളികൾക്ക് കാലങ്ങളായി ആവേശം പകരുകയാണ്. പാട്ടിലെന്നപോലെ സമൂഹമാധ്യമങ്ങളിലും സജീവമാണ് ജി വേണുഗോപാൽ. 

Story highlights- g venugopal about yesudas