നെഞ്ചിടിപ്പേറ്റി പ്രേക്ഷക ഹൃദയങ്ങളിൽ പറന്നിറങ്ങി ഗരുഡൻ; റിവ്യൂ

November 3, 2023

മലയാളികൾ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ഗരുഡൻ. ഏറെ നാളുകൾക്ക് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിച്ചെത്തുന്നു എന്നത് തന്നെയായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണവും. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയുടെ കെട്ടുറപ്പോടെയാണ് ഗരുഡൻ പ്രേക്ഷക ഹൃദയങ്ങളിൽ പറന്നിറങ്ങുന്നത്. ധാരാളം ലെയറുകളുള്ള ഒരു ചിത്രം എന്നാണ് ഗരുഡനെ വിശേഷിപ്പിക്കേണ്ടത്. പുതുമുഖ സംവിധായകനായ അരുൺ വർമ്മ നിരാശപ്പെടുത്തിയിട്ടില്ല എന്നു പ്രേക്ഷകർ ഒന്നടങ്കം പറയുന്നു.

എന്നും സുരേഷ് ഗോപിയുടെ പോലീസ് വേഷങ്ങൾ ആളുകൾക്ക് ആവേശം പകർന്നിട്ടുണ്ട്. പോലീസ് വേഷത്തിൽ അദ്ദേഹത്തെ കാണാനാണ് ആളുകൾക്ക് ഇഷ്ടവും. ഏറെ നാളുകൾക്ക് ശേഷം ഡിസിപി ഹരീഷ് മാധവ് എന്ന കഥാപാത്രത്തെ സുരേഷ് ഗോപി വെള്ളിത്തിരയിൽ അനശ്വരമാക്കിയപ്പോൾ തിയേറ്ററിൽ ഉയർന്ന കയ്യടി ചെറുതല്ല. ഒരു ക്രൈം ഡ്രാമ, ലീഗൽ സൈഡുകൾ കൈകാര്യം ചെയ്യുന്ന ചിത്രം, അതിനും പുറമെ ഇമോഷണൽ രംഗങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രമെന്ന നിലയിലാണ് ഗരുഡൻ മുന്നേറുന്നത്.

ഒരു കുറ്റകൃത്യം നടന്നിട്ട് അതിനു പിന്നാലെയുള്ള അന്വേഷണം, അതേത്തുടർന്ന് വർഷങ്ങൾക്ക് ശേഷമുണ്ടാകുന്ന പരമ്പരകളും സംഭവ വികാസങ്ങളും, വിശദമായ നിയമവശങ്ങളുടെ പരാമർശം എന്നിവയെല്ലാം ചേർന്ന് ഒരു പെർഫെക്റ്റ് ക്രൈം ത്രില്ലർ ആണ് ഗരുഡൻ എന്ന് പറയാം.

ജിനേഷ് എമ്മിന്റെ കഥയെ ആസ്പദമാക്കി മിഥുൻ മാനുവൽ തോമസ് രചിച്ച അരുൺ വർമ്മയുടെ ഗരുഡൻ ഒരു ത്രില്ലർ സിനിമയാണ്. ഈ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ, അതേ വിഭാഗത്തിലുള്ള സമീപകാല മലയാളം സിനിമകളിൽ കാണാതെ പോയ അല്ലെങ്കിൽ അവയിൽ നഷ്ടമായ ആംഗിളുകൾ സമർത്ഥമായി ആവിഷ്കരിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. തിരക്കഥയുടെ ആണിക്കല്ല് അത്രയ്ക്ക് ശക്തമാണ് എന്ന് നിസംശയം പറയാം.

ഒരു യുവ കോളേജ് വിദ്യാർത്ഥിനിയെ കോമയിലാക്കിയ ക്രൂരമായ ബലാത്സംഗത്തിന്റെ അന്വേഷണമാണ് സിനിമയുടെ കേന്ദ്രബിന്ദു. കുറ്റവാളിയെ കണ്ട ഒരു സാക്ഷിയെ തിരിച്ചറിഞ്ഞിട്ടും, ഹരീഷ് മാധവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റവാളിയെ പിടികൂടാൻ കഷ്ടപ്പെടുന്നു. പിന്നീട് ബിജു മേനോന്റെ അധ്യാപക കഥാപാത്രത്തിന്റെ കടന്നുവരവാണ്‌. ഇരുവരും നേർക്കുനേർക്കുള്ള സീനുകൾ തിയേറ്ററിൽ ഉയർത്തിയ ആരവം വലുതാണ്.

Read also: “എല്ലാ സംഭവനകൾക്കും നന്ദി”; പത്താം വാർഷികത്തിൽ കമ്പനി നൽകിയ സമ്മാനങ്ങൾ അൺബോക്സ് ചെയ്ത് ആപ്പിൾ ജീവനക്കാരൻ

സംവിധായകനായി അരങ്ങേറ്റമാണെങ്കിലും, ഗരുഡനിൽ പ്രേക്ഷക ശ്രദ്ധ ഉറപ്പിക്കുന്നതിൽ അരുൺ വർമ്മ വിജയിക്കുന്നു. കാഴ്ചക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയാണ് ചിത്രം മുന്നേറുന്നത്.

Story highlights- garudan movie review