കാണാൻ ചേലുള്ള സുന്ദരി, കഴിച്ചാലോ, അതികേമം; അറിയാം കിവിയുടെ ഗുണങ്ങൾ!
ഒരു മുട്ടയുടെ വലുപ്പമുണ്ടെങ്കിലും, കിവി ഒരുതരം ബെറിയാണ്. ചൈനീസ് നെല്ലിക്ക എന്നും ഇത് അറിയപ്പെടുന്നു. ചൈനയിൽ നിന്നുമുള്ള ഈ കുഞ്ഞൻ പഴം പോഷകങ്ങളുടെ കലവറയാണ്. (Health benefits of Kiwi fruit)
മിക്ക പഴങ്ങളെയും പോലെ, കിവിയിലും നമ്മുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. എന്നാൽ മറ്റ് പല പഴങ്ങൾക്കും നൽകാൻ കഴിയാത്ത ചില ആരോഗ്യഗുണങ്ങൾ കിവിയിലുണ്ട്.
കുടലിന്റെ ആരോഗ്യം നിലനിർത്തുന്നു: കിവികൾ നാരുകളുടെ മികച്ച ഉറവിടമാണ്. ഇത് ദഹനവ്യവസ്ഥയിൽ നല്ല ബാക്ടീരിയകളുടെയും യീസ്റ്റുകളുടെയും ഉൽപ്പാദനത്തിന് അത്യന്താപേക്ഷിതമാണ്. മറ്റ് പല പഴങ്ങൾക്കും തരാൻ കഴിയാത്ത ദഹന ഗുണങ്ങൾ കിവിക്ക് നല്കാൻ സാധിക്കും.
ചർമ്മം സംരക്ഷിക്കുന്നു: കിവികളിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. ഇത് സുഷിരങ്ങളിലെ സെബം ഉത്പാദനം ഗണ്യമായി കുറയ്ക്കുന്നതിലൂടെ മുഖക്കുരു പ്രശ്നങ്ങളുള്ളവർക്ക് പ്രയോജനം ചെയ്യും.
Read also: നിങ്ങളുടെ ചർമ്മത്തിന്റെ യൗവനം നിലനിർത്തുന്ന മികച്ച 6 ആൻറി ഏജിംഗ് പഴങ്ങൾ
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു: കിവിയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. ആന്റി ഓക്‌സിഡന്റുകളും കിവികളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കാനും ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ശരീരത്തെ സഹായിക്കുന്നു. ശരീരത്തെ രോഗങ്ങളിൽ നിന്നും രോഗ ലക്ഷണങ്ങളിൽ നിന്നും സംരക്ഷിക്കാൻ കിവിക്ക് കഴിവുണ്ട്.
ആസ്ത്മ നിയന്ത്രിക്കുന്നു: കിവികളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ആസ്ത്മയുള്ള ആളുകളിൽ ശ്വാസംമുട്ടലിന്റെ ലക്ഷണങ്ങളെ നിയന്ത്രിക്കാൻ സഹായിച്ചേക്കാം.
മുടി കൊഴിച്ചിൽ കുറയ്ക്കുന്നു : കിവിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ഇ എന്നിവ മുടികൊഴിച്ചിൽ തടയാൻ ഉപയോഗപ്രദമാകും. മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവ ഈ പഴത്തിൽ കാണപ്പെടുന്ന മറ്റ് പോഷകങ്ങളാണ്. ഇത് രക്തചംക്രമണത്തെ സഹായിക്കുകയും അതിന്റെ ഫലമായി മുടിയുടെ വളർച്ച കൂട്ടുകയും ചെയ്യും. അകാലനര തടയുന്നതിനും മുടിയുടെ സ്വാഭാവിക നിറം സംരക്ഷിക്കുന്നതിനും ഉപയോഗപ്രദമാകുന്ന കോപ്പറും ഇതിൽ അടങ്ങിയിട്ടുണ്ട്.
Story highlights: Health benefits of Kiwi fruit