ചൈനയിലെ H9N2 വ്യാപനം; ഇന്ത്യയിലെ 5 സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം

November 29, 2023

ചൈനയിലെ കുട്ടികളിൽ അടുത്തിടെ എച്ച് 9 എൻ 2 കേസുകളും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ ക്ലസ്റ്ററും സ്ഥിരീകരിച്ചത് കേന്ദ്ര ആരോഗ്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യയിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യയിലെ 5 സംസ്ഥാനങ്ങൾക്കാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.

രാജസ്ഥാൻ. ഗുജറാത്ത്, ഉത്തരാഖണ്ഡ്, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. നിലവിൽ സ്ഥിതി ആശങ്കാജനകമല്ല എങ്കിലും കരുതലോടെ പെരുമാറാനാണ് ഇങ്ങനെ മുൻകൂറായി നിർദേശം നൽകിയിരിക്കുന്നത്.

ആരോഗ്യപ്രവർത്തകർ ജാഗരൂഗരായിരിക്കണം, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിരിക്കണം എന്ന നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. ബെഡിന്റെ സൗകര്യം ഉണ്ടായിരിക്കണം എന്നും ഏതൊരു അടിയന്തിര സാഹചര്യത്തെയും അഭിമുഖീകരിക്കാൻ തയ്യാറായിരിക്കണം എന്നും നിർദേശമുണ്ട്. അതുപോലെ കുട്ടികളിലെ ന്യുമോണിയ രോഗം സൂക്ഷ്മമായി നിരീക്ഷിക്കുക എന്നതും ഈ നിർദേശങ്ങളുടെ ഭാഗമായിട്ടുണ്ട്.

Read also: ചൈനയിൽ ദുരൂഹത പടർത്തി പൊട്ടിപ്പുറപ്പെട്ട് ‘അജ്ഞാത ന്യുമോണിയ’- ആശുപത്രികൾ നിറയുന്നു

കൊവിഡിന്റെ വിനാശകരമായ ആഘാതത്തിൽ നിന്ന് ഇപ്പോഴും കരകയറുന്ന ചൈന പെടുന്നനെയാണ് അടുത്ത രോഗത്തെ അഭിമുഖീകരിക്കുന്നത്. കൊവിഡ് പ്രതിസന്ധിയുടെ ആദ്യ നാളുകളെ അനുസ്മരിപ്പിക്കുന്ന ഈ ഭയാനകമായ സാഹചര്യം, രാജ്യത്തെ ആരോഗ്യ പരിപാലന സംവിധാനത്തിന് മേൽ കരിനിഴൽ വീഴ്ത്തിക്കൊണ്ട് ആശുപത്രികളിലെ ആളുകളുടെ വർദ്ധനവിന് കാരണമായി.

Story highlights- Influenza A virus subtype H9N2