‘മരണം വരെ അവൻ യജമാനനായി കാത്തിരുന്നു’; ജപ്പാൻകാരുടെ പ്രിയപ്പെട്ട വളർത്തുനായയ്ക്ക് നൂറാം പിറന്നാൾ!

November 9, 2023

ജപ്പാൻകാരുടെ പ്രിയപ്പെട്ട നായയായ ഹച്ചിക്കോയുടെ ജന്മദിനം ഈ ആഴ്ചയാണ്. പതിറ്റാണ്ടുകളായി, ടോക്കിയോയിലെ ഷിബുയ സ്‌റ്റേഷനു പുറത്തുള്ള നായയുടെ പ്രതിമയ്‌ക്കൊപ്പം ഫോട്ടോയെടുക്കാൻ വിനോദസഞ്ചാരികളും നാട്ടുകാരും തിരക്ക് കൂട്ടാറുണ്ട്. (Japan’s dear Hachiko turns 100)

യൂണിവേഴ്‌സിറ്റി പ്രൊഫസർ ഹിഡെസാബുറോ യുനോയുടെ വളർത്തുനായയായിരുന്നു ഹച്ചിക്കോ. വിശ്വസ്തനായ ഈ വേട്ടപ്പട്ടി എല്ലാ ദിവസവും തന്റെ യജമാനൻ വീട്ടിലേക്ക് വരുന്നതിനായി ഷിബുയ സ്റ്റേഷനിൽ കാത്തിരിക്കും.

1925-ൽ യുനോ അപ്രതീക്ഷിതമായി മരിച്ചു, എന്നാൽ 1935 മാർച്ചിൽ മരിക്കുന്നതുവരെ ഹച്ചിക്കോ ഏകദേശം പത്തു വർഷങ്ങളോളം യുനോയ്‌ക്കായി എന്നും തീവണ്ടി സ്‌റ്റേഷനിലെത്തി കാത്തുനിൽക്കുമായിരുന്നു.

Read also: “കഴിഞ്ഞ നാല് മാസമായി കാത്തിരിക്കുകയാണ് അവൻ”; ഉടമ മരിച്ചുപോയതറിയാതെ മോർച്ചറിക്ക് മുന്നിൽ വളർത്തുനായ!!

ഹച്ചിക്കോയുടെയും യുനോസിന്റെയും കഥ നിരവധി നാട്ടുകാരുടെ ഹൃദയങ്ങളെ സ്പർശിച്ചു. അങ്ങനെ ഹച്ചിക്കോയുടെ മരണത്തിന് തൊട്ടുമുമ്പ്, 1934-ൽ അതിന്റെ പ്രതിമ നിർമ്മിക്കാൻ തീരുമാനിച്ചു. രണ്ടാം ലോകമഹായുദ്ധസമയത്ത് ലോഹത്തിനുവേണ്ടി ഹച്ചിക്കോയുടെ പ്രതിമ ഉരുക്കിയെങ്കിലും 1948-ൽ പുതിയൊരെണ്ണം സ്ഥാപിക്കുകയും അത് പിന്നീട് ആളുകൾ കൂടിച്ചേരുന്ന ഏറ്റവും പ്രിയപ്പെട്ട ഒരിടമായി മാറുകയും ചെയ്തു.

ഈ കഥ രണ്ട് സിനിമകൾക്കും പ്രചോദനം നൽകി. ജാപ്പനീസ് ചിത്രം ‘ഹച്ചിക്കോ മോണോഗതാരി’, റിച്ചാർഡ് ഗെർ നായകനായ ഇംഗ്ലീഷ് ചിത്രം ‘ഹാച്ചി- എ ഡോഗ്സ് ടെയിൽ’ എന്നിവ. 2015ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ സിനിമയ്ക്കും ഈ കഥ പ്രചോദനമാണ്.

ഇന്ന്, ജന്മസ്ഥലമായ ഒഡാറ്റിൽ സ്വന്തം മ്യൂസിയമുള്ള ഒരേയൊരു ജാപ്പനീസ് നായയായ് ഹച്ചിക്കോയുടെ ഓർമ്മകൾ ശേഷിക്കുന്നു.

Story highlights: Japan’s dear Hachiko turns 100