ഓർമ്മയുണ്ടോ മലയാളികളുടെ മാലുവിനെ? കാലങ്ങൾക്ക് ശേഷം കനകയെ കണ്ടെത്തി കുട്ടി പത്മിനി

November 28, 2023

വിവിധ ഭാഷകളിലായി സിനിമയിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്ന നടിയാണ് കനക. മലയാളത്തിലും, തമിഴിലുമായി നിരവധി സിനിമകളിൽ വേഷമിട്ട കനക ഏറെനാളായി എവിടെയെന്നുപോലും സൂചനയില്ലാതെ മറയത്തായിരുന്നു. അഭിനയ മികവ് കൊണ്ട് ഏറെ ജനപ്രീതി നേടിയ ഒരു കാലമുണ്ടായിരുന്നു കനകയ്ക്ക്. എന്നാൽ ഇപ്പോൾ ഏറെ നാളായി നടിയെക്കുറിച്ച് ഒരു വാർത്തയും ഇല്ല. അടുത്തിടെ, ആരാധകരെ ഞെട്ടിക്കുന്ന ചില റിപ്പോർട്ടുകൾ വന്നിരുന്നു. തീപിടിത്തത്തിൽ ഇവരുടെ വീട്ടിലെ വിലപിടിപ്പുള്ള നിരവധി വസ്തുക്കൾ കത്തിനശിച്ചതായി റിപ്പോർട്ടുകൾ പറഞ്ഞിരുന്നു. (kutti padmini visits kanaka )

കനകയ്ക്ക് എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ല. ഈവേളയിൽ കനകയെ വീട്ടിൽപോയി സന്ദർശിച്ച് ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടിയും നടികർ സംഘം എക്സിക്യൂട്ടീവ് അംഗവുമായ കുട്ടി പത്മിനി. ‘വർഷങ്ങൾക്ക് ശേഷം എന്റെ പ്രിയപ്പെട്ട ദേവിക മാമിന്റെ മകൾ, എന്റെ പ്രിയപ്പെട്ട സഹോദരി കനകയുമായി വീണ്ടും ഒന്നിച്ചു. സന്തോഷം അളവറ്റതാണ്, ഞങ്ങൾ ഒരുമിച്ച് കുറച്ച് സമയം ചെലവഴിച്ചു’- കുട്ടി പത്മിനി കുറിക്കുന്നു.

ചിത്രത്തിൽ തിരിച്ചറിയാനാകാത്തവിധം മാറിയിരിക്കുന്നു കനക. മലയാളികൾക്ക് ഗോഡ് ഫാദർ, വിയറ്റ്നാം കോളനി തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് കനക സുപരിചിത. മാലു എന്ന കഥാപത്രത്തിന്റെ പേരിലാണ് നടി ഇപ്പോഴും ഓര്മിക്കപെടുന്നതും. അതേസമയം, ഇതിനുമുൻപ്, തന്റെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഇല്ലാതാക്കാൻ 2013 ലാണ് അവർ അവസാനമായി മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

Read also: എന്തുകൊണ്ടാണ് ഇരുചക്രവാഹന യാത്രക്കാർ നിർബന്ധമായും ഹെൽമറ്റ് ധരിക്കണമെന്ന് പറയുന്നത്? അറിയാം

നടി ആലപ്പുഴയിലെ പാലിയേറ്റീവ് കെയർ ആശുപത്രിയിൽ ചികിത്സയിലാണെന്നായിരുന്നു അന്ന് റിപ്പോർട്ടുകൾ പറഞ്ഞത്. തന്റെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ വ്യക്തത വരുത്താൻ കനകയ്ക്ക് തന്റെ വസതിയിൽ വാർത്താ സമ്മേളനം വിളിക്കേണ്ടി വന്നു. താൻ ജീവിച്ചിരിപ്പുണ്ടെന്ന് നടി അന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു. ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നത് പോലെ തനിക്ക് ക്യാൻസർ ഇല്ലായിരുന്നുവെന്നും കനക അന്ന് വ്യക്തമാക്കി.

Story highlights- kutti padmini visits kanaka