ഭാഗ്യം മത്സ്യത്തിന്റെ രൂപത്തിലും; ഒറ്റ രാത്രി കൊണ്ട് കോടീശ്വരനായി യുവാവ്!
ഭാഗ്യം പല രൂപത്തിലും ഭാവത്തിലും നമ്മുടെ ജീവിതത്തിൽ കടന്നു വരാം. എന്നാൽ വരുന്നത് ഒരു മത്സ്യത്തിന്റെ രൂപത്തിലായാലോ? തമാശയല്ല, പാക്കിസ്ഥാനിലെ കറാച്ചി നഗരത്തിലെ ഒരു മത്സ്യത്തൊഴിലാളിയെ ഒറ്റരാത്രികൊണ്ട് കോടീശ്വരനാക്കിയത് ഒരു അപൂർവ മത്സ്യമാണ്. (Man becomes millionaire overnight)
കറാച്ചിയിലെ ഇബ്രാഹിം ഹൈദരി മത്സ്യബന്ധന ഗ്രാമത്തിൽ താമസിക്കുന്ന ഹാജി ബലോച്ചും തൊഴിലാളികളും അറബിക്കടലിൽ നിന്നാണ് കഴിഞ്ഞ ദിവസം ‘ഗോൾഡൻ ഫിഷ്’ അഥവാ “സോവ” എന്നറിയപ്പെടുന്ന മത്സ്യത്തെ പിടികൂടിയത്. കറാച്ചി തുറമുഖത്ത് നടന്ന ലേലത്തിൽ മുഴുവൻ മത്സ്യവും 70 ദശലക്ഷം രൂപയ്ക്കാണ് വിറ്റുപോയത്. ലഭിച്ച തുക ഏഴു പേരടങ്ങുന്ന തന്റെ ജോലിക്കാരുമായി പങ്കിടുമെന്ന് ഹാജി പറഞ്ഞു.
സോവ മത്സ്യം അമൂല്യവും അപൂർവവുമായി കണക്കാക്കപ്പെടുന്നു. പലപ്പോഴും 20 മുതൽ 40 കിലോ വരെ ഭാരവും 1.5 മീറ്റർ വരെ വളരാൻ കഴിയുന്നതുമായ സോവ മത്സ്യത്തിന് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ആവശ്യക്കാരേറെയാണ്. ഏറ്റവും പ്രധാനമായി, സോവയ്ക്ക് സാംസ്കാരികവും പരമ്പരാഗതവുമായ പ്രാധാന്യമുണ്ട്.
പരമ്പരാഗത മരുന്നുകളിലും പ്രാദേശിക പാചകരീതിയിലും അതിന്റെ ഉപയോഗം ഏറെയാണ്. മത്സ്യത്തിന്റെ വയറ്റിൽ നിന്നുള്ള പദാർത്ഥങ്ങൾക്ക് മികച്ച രോഗശാന്തിയും ഔഷധ ഗുണങ്ങളുമുണ്ടെന്ന് പറയപ്പെടുന്നു. മത്സ്യത്തിൽ നിന്നുള്ള ഒരു നൂൽ പോലെയുള്ള പദാർത്ഥം ശസ്ത്രക്രിയയിലും ഉപയോഗിക്കുന്നു.
Story highlights: Man becomes millionaire overnight