മുംബൈ ലോക്കലിനുള്ളിൽ പഞ്ചനക്ഷത്ര റെസ്റ്റോറന്റ് തുറന്ന് യുവാക്കൾ!
സഞ്ചരിക്കുന്ന ഹോട്ടലുകളെയും റെസ്റ്റോറന്റുകളെയും പറ്റി നമ്മൾ കേട്ടിട്ടുണ്ടാകും. ഒരു പക്ഷെ കണ്ടിട്ടുമുണ്ടാകും. പഴയതോ നിർത്തലാക്കിയതോ ആയ ട്രെയിൻ കോച്ചുകൾക്കുള്ളിൽ വരെ ഇന്ന് നിരവധി റെസ്റ്റോറന്റുകൾ ഉണ്ട്. എന്നാൽ ഏറ്റവും തിരക്ക് പിടിച്ച മുംബൈ ലോക്കലിനുള്ളിൽ ഒരു റെസ്റ്റോറന്റ് ആലോചിക്കാൻ പോലും സാധിക്കില്ല അല്ലെ? അടുത്തിടെ കുറച്ച് യുവാക്കൾ ചേർന്ന് ഇത് സാക്ഷാത്ക്കാരമാക്കി. അവർ മുംബൈ ലോക്കലിൽ ഒരു പഞ്ചനക്ഷത്ര റെസ്റ്റോറന്റ് സ്ഥാപിക്കുക മാത്രമല്ല യാത്രക്കാർക്ക് രസകരമായ വിഭവങ്ങൾ വിളമ്പുകയും ചെയ്തു. (Men open five star restaurant in Mumbai Local)
ആര്യൻ കതാരിയയും സാർത്ഥക് സച്ച്ദേവയും ചേർന്നാണ് മുംബൈ ലോക്കൽ ട്രെയിനിന്റെ കോച്ചിൽ ഈ റെസ്റ്റോറന്റ് തുറന്നത്. “ഞങ്ങളുടെ അടുത്ത റെസ്റ്റോറന്റ് എവിടെയാണ് തുറക്കേണ്ടത്” എന്ന അടിക്കുറിപ്പോടെയാണ് അവർ വിഡിയോ പങ്കുവെച്ചത്.
വിഡിയോ ആരംഭിക്കുമ്പോൾ ഇരുവരും ചേർന്ന് ആളുകൾക്ക് ക്ഷണക്കത്തുകൾ വിതരണം ചെയ്യുകയാണ്. “ടേസ്റ്റി ടിക്കറ്റ്” എന്നാണ് റസ്റ്റോറന്റിന്റെ പേര്. പറഞ്ഞ ദിവസം തന്നെ ഇരുവരും തീർത്തും പ്രൊഫഷണലുകളെ പോലെ ട്രെയിനിൽ കയറി. ട്രെയിനിന്റെ സീറ്റുകൾക്കിടയിൽ ഒരു മേശ ഒരുക്കി. കെച്ചപ്പ് ഗാർണിഷിനൊപ്പം മാഗി കേക്ക്, ജിലേബിക്കു മേൽ ഒറിഗാനോയുടെ മേമ്പൊടിയോടെ ജിലേബിയാനോ തുടങ്ങിയ പലഹാരങ്ങൾ യാത്രക്കാർക്ക് വിളമ്പി. ആസ്വദിച്ച് തന്നെ അവർ അത് കഴിക്കുന്നതും കാണാം.
Read also: ഉദ്വോഗത്തിന്റെ എട്ട് മണിക്കൂര്‍; അഴുക്കുചാലില്‍ നിന്ന് പിപ്പ പുതുജീവതത്തിലേക്ക്..
ഇത് തമാശക്ക് വേണ്ടി അവർ ചെയ്ത ഒരു വീഡിയോ ആകാം. എങ്കിലും ഓടിക്കൊണ്ടിരിക്കുന്ന മുംബൈ ലോക്കലിൽ സൗജന്യ ഭക്ഷണം, അതും റെസ്റ്റോറന്റ് സ്റ്റൈലിൽ ലഭിക്കുക എന്നതിൽ അൽപ്പം കൗതുകമൊക്കെയുണ്ട്.
പോസ്റ്റ് ഷെയർ ചെയ്തതിനു ശേഷം അനേകം ലൈക്കുകളും കമന്റുകളും നേടിയിട്ടുണ്ട്. നിരവധി ആളുകളാണ് ഇരുവരെയും വിമർശിച്ചും, അനുകൂലിച്ചും കമന്റുകൾ ഇട്ടിട്ടുള്ളത്.
Story highlights: Men open five star restaurant in Mumbai Local