ഓരോ മലയാളിക്കും അഭിമാനിക്കാം; ഇന്ത്യ എ ടീമിനെ നയിക്കാൻ മിന്നുമണി
ഇന്ത്യ എ ടീം ക്യാപ്റ്റനായി മലയാളി താരം മിന്നുമണിയെ തെരെഞ്ഞെടുത്തു. ഇംഗ്ലണ്ട് എ ടീമിനെതിരായ ടി-20 പരമ്പരക്കുള്ള ഇന്ത്യൻ വനിത ടീമിനെയാണ് മിന്നുമണി നയിക്കുക. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര നടക്കുക. ( Minnu Mani to lead India A against England A )
നവംബർ 29, ഡിസംബർ ഒന്ന്, ഡിസംബർ മൂന്ന് തീയതികളിലാണ് മത്സരങ്ങൾ. കേരളത്തില്‍ നിന്ന് ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തിയ ആദ്യ വനിത താരം കൂടിയാണ് വയനാട് മാനന്തവാടി സ്വദേശിനിയായ മിന്നുമണി.
ഓഫ് സ്പിന്നറായ മിന്നുമണി മികച്ച ഒരു ഓൾറൗണ്ടർ കൂടിയാണ്. പതിനാറാം വയസിൽ കേരള ക്രിക്കറ്റ് ടീമിലെത്തിയ മിന്നു 10 വർഷമായി കേരള ടീമുകളിൽ സ്ഥിരാംഗമാണ്. 2019-ൽ ബംഗ്ലദേശിൽ പര്യടനം നടത്തിയ ഇന്ത്യൻ എ ടീമിലും അംഗമായിരുന്നു. കേരളത്തിനായി അണ്ടർ-16 മുതൽ സീനിയർ കാറ്റഗറി വരെയുള്ള എല്ലാ ടീമുകളിലും ഈ 24-കാരിയായ ഓൾറൗണ്ടർ കളിച്ചിട്ടുണ്ട്.
Read Also: ‘ഉമ്മാ.. നിങ്ങളെനിക്ക് അത്രയും പ്രിയപ്പെട്ടവൾ’ ; വൈകാരിക കുറിപ്പുമായി മുഹമ്മദ് ഷമി
ഏഷ്യ കപ്പ് ജൂനിയർ ചാമ്പ്യൻഷിപ്പിലും കളിച്ചിട്ടുണ്ട്. ബംഗ്ലദേശ് പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ട്വന്റി 20 ടീം അംഗമായിരുന്നു. അരങ്ങേറ്റ പരമ്പരയിൽ തന്നെ അഞ്ച് വിക്കറ്റുകൾ മിന്നുമണി സ്വന്തമാക്കിയിരുന്നു. ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസ് ക്രിക്കറ് ‘ടീമിലും ഈ വായനാട്ടുകാരി ഉണ്ടായിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ മികച്ച വനിത താരം, മികച്ച ജൂനിയര്‍ താരം, മികച്ച യുവതാരം തുടങ്ങി നിരവധി പുരസ്കാരങ്ങളും മിന്നുമണി സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ത്യ എ ടീം: മിന്നു മണി (ക്യാപ്റ്റന്‍), കനിക അഹൂജ, ഉമ ചേത്രി, ശ്രേയങ്ക പാട്ടീല്‍, ഗൊങ്കടി തൃഷ, വൃന്ദ ദിനേശ്, ജ്ഞാനാനന്ദ ദിവ്യ, അരുഷി ഗോയല്‍, അനുഷ ബരേഡി, മോണിക്ക പട്ടേല്‍, കാഷ്വീ ഗൗതം, ജിന്റി മണി കലിത, ദിഷ കസട്, രാഷി കനോജിയ, മന്നത് കശ്യപ്, പ്രകാശിക നായിക്.
Story Highlights: Minnu Mani to lead India A against England A