അയ്യപ്പ ദർശനം ഏറെയെളുപ്പം; ഇനി മുതൽ ആപ്പ് ലഭ്യം!
ശബരിമല തീർഥാടനത്തിനെത്തുന്ന ഭക്തരെ സഹായിക്കാൻ രൂപകല്പന ചെയ്ത ‘അയ്യൻ’ മൊബൈൽ ആപ്പ് വനം മന്ത്രി എകെ ശശീന്ദ്രൻ പ്രകാശനം ചെയ്തു. പെരിയാർ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിൽ വികസിപ്പിച്ച ആപ്പ്, പമ്പ, സന്നിധാനം, സ്വാമി അയ്യപ്പൻ റോഡ്, നീലിമല, എരുമേലി, അഴുതക്കടവ്, തുടങ്ങി തീർത്ഥാടകർ പതിവായി സഞ്ചരിക്കുന്ന വിവിധ റൂട്ടുകളിൽ സേവനങ്ങൾ നൽകുന്നു. (New app launched to aid Sabarimala pilgrims)
തീർത്ഥാടകർക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നേരിട്ടോ വനപാത കവാടങ്ങളിലെ ക്യുആർ കോഡ് സ്കാൻ ചെയ്തോ ആപ്പ് ഇൻസ്റ്റാൾ ചെയ്യാം. മാർഗ്ഗനിർദ്ദേശങ്ങൾക്കപ്പുറം ആപ്പ് വഴി ഭക്തർക്ക് ആചാരപരമായ മര്യാദകളെയും പൊതുവായ നിർദ്ദേശങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നു. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിൽ ഇത് ലഭ്യമാണ്. അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള എമർജൻസി ഹെൽപ്പ്ലൈൻ നമ്പറുകൾ ലഭ്യമാക്കുന്നതോടൊപ്പം ഓൺലൈനിലും ഓഫ്ലൈനിലും തടസ്സമില്ലാതെ ആപ്പ് പ്രവർത്തിക്കുകയും ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്.
Read also: ലോകത്ത് ആദ്യമായി ചിക്കുൻഗുനിയക്ക് വാക്സിൻ!
വനപാതയിലെ സേവന കേന്ദ്രങ്ങൾ, മെഡിക്കൽ എമർജൻസി യൂണിറ്റുകൾ, താമസ സൗകര്യങ്ങൾ, എലിഫന്റ് സ്ക്വാഡ് ടീമുകൾ, പൊതു ടോയ്ലറ്റുകൾ, ഓരോ ബേസിൽ നിന്നും സന്നിധാനത്തേക്കുള്ള ദൂരം, ഫയർഫോഴ്സ്, പോലീസ് എയ്ഡ് പോസ്റ്റുകൾ, സൗജന്യ കുടിവെള്ള വിതരണ കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളും ആപ്പിൽ ഉൾപ്പെടുന്നു. നിർദ്ദിഷ്ട റൂട്ടുകൾ തിരഞ്ഞെടുക്കുന്ന ഭക്തർക്ക് ആപ്ലിക്കേഷനിലൂടെ യഥാസമയം അലേർട്ടുകൾ ലഭിക്കും.
കാഞ്ഞിരപ്പള്ളി ആസ്ഥാനമായുള്ള ലെപ്പാർഡ് ടെക് ലാബ് പ്രൈവറ്റ് ലിമിറ്റഡിന്റെ സാങ്കേതിക പിന്തുണയോടെ വികസിപ്പിച്ചെടുത്ത ‘അയ്യൻ’ ആപ്പ് അയ്യപ്പഭക്തർക്ക് ഏറെ സഹായകരമാകുമെന്ന് പ്രതീക്ഷിക്കാം.
Story highlights: New app launched to aid Sabarimala pilgrims