എയര്‍പോര്‍ട്ടില്‍ അനാഥമായി പുസ്തകം; 1000 മൈല്‍ അകലെയുള്ള ലൈബ്രറിയിലേക്ക് അയച്ചുകൊടുത്ത് പൈലറ്റ്

November 23, 2023
Pilot returns abandoned book to 1000 mile away library

കളഞ്ഞുപോയതോ മറന്നുവച്ചതോ ആയ വസ്തുക്കള്‍ അതിന്റെ യഥാര്‍ഥ ഉടമയെ തെരഞ്ഞുപിടിച്ച് തിരികെ നല്‍കിയ സംഭവങ്ങള്‍ നാം കാണാറുണ്ട്. അത്തരത്തിലൊരു ഒരു പ്രവൃത്തി ചെയ്ത പൈലറ്റിനെയാണ് സോഷ്യല്‍ മീഡിയ അഭിനന്ദിക്കുന്നത്. എയര്‍പോര്‍ട്ടില്‍ ഉപേക്ഷിക്കപ്പെട്ടത് പോലെ കണ്ടെത്തിയ ഒരു പുസ്തകം തിരികെ ലൈബ്രറിയില്‍ ഏല്‍പ്പിക്കുകയാണ് പൈലറ്റ ചെയ്തത്. ഡെല്‍റ്റ എയര്‍ലൈന്‍സ് പൈലറ്റായ ബെന്‍ ആണ് ഇത്തരത്തിലൊരു ചെറിയ പ്രവൃത്തിയുലൂടെ ശ്രദ്ധനേടിയത്. ( Pilot returns abandoned book to 1000 mile away library )

കഴിഞ്ഞ ആഴ്ചയാണ് യുഎസിലെ കന്‍സാസിലെ ജോണ്‍സണ്‍ കൗണ്ടി ലൈബ്രറി തങ്ങള്‍ക്ക് ഒരു കൊറിയര്‍ കിട്ടിയ വിവരം സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചത്. പാക്കേജില്‍ ഉണ്ടായിരുന്നത് ഒരു പുസ്തകമയിരുന്നു. ഒപ്പം ഒരു കുറിപ്പും ഉണ്ടായിരുന്നു. കന്‍സാസില്‍ നിന്നും ആയിരം മൈല്‍ ദൂരെയുള്ള അറ്റ്‌ലാന്റ എയര്‍പോര്‍ട്ടില്‍ നിന്നാണ് തനിക്ക് ആ പുസ്തകം കിട്ടിയതെന്നായിരുന്നു ബെന്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

വായിക്കാന്‍ ഏറെ ആര്‍ത്തിയുള്ള ഒരാളാണ് താനെന്നും ആ പുസ്തകം വൈകിയതിന് എന്തെങ്കിലും പിഴയുണ്ടെങ്കില്‍ അതടയ്ക്കാനും താന്‍ ഒരുക്കമാണെന്നും ബെന്‍ കുറിച്ചട്ടുണ്ട്. എന്നാല്‍, ഈ വര്‍ഷം മുതല്‍ പുസ്തകങ്ങള്‍ തിരികെ നല്‍കുന്നത് വൈകിയാലുള്ള പിഴ ജോണ്‍സണ്‍ കൗണ്ടി ലൈബ്രറി ഒഴിവാക്കിയിരുന്നു.

ലൈബ്രറി ഇന്‍സ്റ്റഗ്രാമില്‍ ആ പുസ്തകത്തിന്റെയും ബെന്‍ എഴുതിയ കത്തിന്റെയും ചിത്രം പങ്കുവച്ചിട്ടുണ്ട്. ഒപ്പം ഇങ്ങനെയൊരു സല്‍പ്രവൃത്തി ചെയ്യാന്‍ തോന്നിയതിന് ബെന്നിനോടുള്ള നന്ദിയും അവര്‍ ആ പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. ബെന്‍ കുറിച്ചിരിക്കുന്ന എഴുത്തില്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട പുസ്തകത്തെ കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട്.

Read Also: ‘കണ്ണാടിയിൽ തെളിയുന്ന രൂപമായിരുന്നു ഏറ്റവും വലിയ വേദന’; കളിയാക്കലുകളിൽ പതറാതെ മുന്നേറി യുവാവ്!

ഏതായാലും, ലൈബ്രറി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റ് പെട്ടെന്ന് തന്നെ ശ്രദ്ധനേടി. നിരവധിപ്പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്. വായിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ലോകത്തിലെ ഏറ്റവും മനോഹരമായ ആളുകള്‍ എന്നാണ് അതില്‍ മിക്കവരും അഭിപ്രായപ്പെട്ടത്. ഒപ്പം എല്ലാവരും ബെന്നിന്റെ നല്ല പ്രവൃത്തിയെ അഭിനന്ദിക്കുകയും ചെയ്തു.

Story Highlights : Pilot returns abandoned book to 1000 mile away library