ഇന്ത്യന്‍ പരിശീലക കുപ്പായത്തില്‍ വീണ്ടും ദ്രാവിഡ്; കരാര്‍ പുതുക്കി ബിസിസിഐ

November 29, 2023
Rahul Dravid Continue As India Head Coach

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി രാഹുല്‍ ദ്രാവിഡ് തുടരും. രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ പുതുക്കിയ ബിസിസിഐ പരിശീലക സംഘത്തെയും നിലനിര്‍ത്തിയിട്ടുണ്ട്. ദ്രാവിഡ് തുടരുന്നതോടെ ബാറ്റിംഗ് കോച്ച് സ്ഥാനത്ത് വിക്രം റാത്തോഡും ബൗളിംഗ് കോച്ചായി പരസ് മാംബ്രെയും ഫീല്‍ഡിംഗ് കോച്ചായി ടി. ദിലീപും തല്‍സ്ഥാനത്ത് തുടരും. ( Rahul Dravid Continue As India Head Coach )

ഏകദിന ലോകകപ്പോടെ കരാര്‍ അവസാനിച്ച ദ്രാവിഡിന് അടുത്ത വര്‍ഷം ജൂണില്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പ് വരെയാണ് ബിസിസിഐ കരാര്‍ നീട്ടി നല്‍കിയത്. ടീമിന്റെ പ്രധാന പരിശീലകനായി ദ്രാവിഡ് തുടരുന്നതില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ദ്രാവിഡ് ടീമില്‍ ഒരുക്കിയെടുത്ത മികച്ച അന്തരീക്ഷം നിലനിര്‍ത്തുന്നതിനും ടീം ഘടനയുടെ തുടര്‍ച്ചയുമാണ് കരാര്‍ ദീര്‍ഘിപ്പിക്കുന്നതിലൂടെ ബിസിസിഐ ലക്ഷ്യമിടുന്നത്.

നേരത്തെ പരിശീലക സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് ദ്രാവിഡ് അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ താരങ്ങളായ വി.വി.എസ് ലക്ഷ്മണ്‍, ആശിഷ് നെഹ്‌റ അടക്കമുള്ളവരെ ബിസിസിഐ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. 2021-ലെ ടി-20 ലോകകപ്പിന് പിന്നാലെ രവി ശാസ്ത്രിയുടെ കാലാവധി അവസാനിച്ചതോടെയാണ് രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യപരിശീലകനാവുന്നത്. കരാര്‍ പ്രകാരമുണ്ടായിരുന്ന രണ്ട് വര്‍ഷത്തെ കാലാവധി കഴിഞ്ഞ ലോകകപ്പോടെയാണ് അവസാനിച്ചത്.

Read Also: ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക്..; ​രോഹിതിനെ കൈവിടുമോ..?

2023-ലെ ഏഷ്യ കപ്പ് നേടിയതാണ് ദ്രാവിഡിന് കീഴില്‍ ഇന്ത്യയുടെ പ്രധാന നേട്ടം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, ഏകദിന ലോകകപ്പ് എന്നിവയുടെ ഫൈനലിലെത്തിയെങ്കിലും ടീം പരാജയപ്പെടുകയായിരുന്നു. കരാര്‍ പുതുക്കിയതിലൂടെ അടുത്ത വര്‍ഷം നടക്കുന്ന ടി-20 ലോകകപ്പിന് ടീമിനെ ഒരുക്കുകയെന്ന വലിയ ദൗത്യമാണ് ദ്രാവിഡിന് മുന്നിലുള്ളത്. 2024- ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും യുഎസിലുമായിട്ടാണ് ലോകകപ്പ് നടക്കുക. മൂന്ന് തവണ ടീമിനെ ഫൈനലിലെത്തിച്ച ദ്രാവിഡിന് ഇന്ത്യയുടെ ഐസിസി കിരീട വരള്‍ച്ച അവസാനിപ്പിക്കാനാകുമോയെന്ന് കാത്തിരുന്ന് കാണാം..

Story Highlights: Rahul Dravid Continue As India Head Coach