ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ ബാലതാരം; വാർഷിക വരുമാനമായി 10 കോടി രൂപ നേടുന്ന സാറ അർജുൻ!

November 21, 2023

തമിഴിൽ വളരെയധികം ഹിറ്റായ ഒരു ചിത്രമായിരുന്നു ‘ദൈവതിരുമകൻ’.സിനിമയിൽ അച്ഛനും മകളും തമ്മിലുള്ള വളരെ വൈകാരികമായ നിമിഷങ്ങളാണ് ആവിഷ്കരിച്ചത്. വിക്രം അച്ഛനായും സാറ അർജുൻ മകളായും വേഷമിട്ട ചിത്രത്തിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയതും സാറയുടെ അഭിനയമായിരുന്നു. പിന്നീട്. തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായി നിരവധി സിനിമകളിൽ സാറ തന്റെ അതുല്യമായ അഭിനയ മികവ് കാഴ്ചവെച്ചു. 2023 എത്തുമ്പോൾ, ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ ബാലതാരം എന്ന അനൗദ്യോഗിക പദവിയാണ് സാറയ്ക്ക് മുതൽക്കൂട്ട്.

ഉയർന്ന പ്രതിഫലം ലഭിക്കുന്നത് പ്രൊഫഷണൽ അഭിനേതാക്കൾ മാത്രമാണെന്ന് പലരും അനുമാനിക്കുന്നുണ്ടെങ്കിലും അത് തെറ്റായ ധാരണയാണ്. തങ്ങളുടെ ജോലിക്ക് ഭീമമായ ശമ്പളം വാങ്ങുന്ന നിരവധി ബാലകലാകാരന്മാരും ഉണ്ടെന്നതിന് ഉദാഹരണമാണ് സാറാ അർജുൻ. ചില മുൻനിര സിനിമാ താരങ്ങളുമായി താരതമ്യപ്പെടുത്താവുന്ന ജനപ്രീതിയും സമ്പത്തും ഒരു 17 വയസ്സുകാരിക്ക് നേടാനാകുമെന്ന് ചിന്തിക്കാൻ പോലും കഴിയില്ല. എന്നാൽ സാറ ആ സാധ്യതകളെ കാറ്റിൽ പറത്തിയിരിക്കുകയാണ്. തമിഴ്‌നാട്ടിൽ നിന്നുള്ള ഈ മിടുക്കി തമിഴ്, ഹിന്ദി സിനിമകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും ധനികയായ ബാലതാരമെന്ന ബഹുമതി നേടി.

2006-ൽ ജനിച്ച സാറാ അർജുൻ 2023-ലെ കണക്കനുസരിച്ച് ഏകദേശം 10 കോടി രൂപയുടെ ആസ്തി അഭിനയത്തിൽ നിന്നുമാത്രം നേടിയിട്ടുണ്ട്. വിനോദത്തിന്റെ ലോകത്തേക്കുള്ള സാറയുടെ യാത്ര ആരംഭിച്ചത് 5-ാം വയസ്സിൽ അരങ്ങേറ്റം കുറിച്ചപ്പോഴാണ്. 404 എന്ന ഹിന്ദി ചിത്രത്തിലും തമിഴ് ചിത്രം ദൈവ തിരുമകനിലും തുടക്കമിട്ടു. സൽമാൻ ഖാന്റെ ജയ് ഹോ, ഇമ്രാൻ ഹാഷ്മിയുടെ ഏക് തി ദായാൻ, ഐശ്വര്യ റായിയുടെ ജസ്ബ തുടങ്ങിയ ചിത്രങ്ങളിൽ തിളങ്ങി. സൂപ്പർസ്റ്റാറുകൾക്കൊപ്പം ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഈ ബാലതാരം തിളങ്ങി. എന്നിരുന്നാലും, നാസറിനൊപ്പം വേഷമിട്ട ശൈവം എന്ന ചിത്രത്തിലെ പ്രകടനമാണ് സാറയുടെ കഴിവ് ലോകത്തിന് മുന്നിലേക്ക് എത്തിച്ചത്.

Read also: രാജ്‌നാരായണന്‍ജി ഫൗണ്ടേഷന്‍ അവാര്‍ഡ്; ട്വന്റിഫോറിനും ഫ്‌ളവേഴ്‌സിനും പുരസ്‌കാരത്തിളക്കം

രണ്ട് പതിറ്റാണ്ടിലേറെയായി തെലുങ്ക്, ഹിന്ദി ചലച്ചിത്രമേഖലയിൽ അറിയപ്പെടുന്ന നടൻ രാജ് അർജുന്റെ മകളാണ് സാറാ അർജുൻ. അനുരാഗ് കശ്യപിന്റെ ബ്ലാക്ക് ഫ്രൈഡേയിലൂടെ തുടങ്ങിയ അദ്ദേഹത്തിന്റെ യാത്ര, റൗഡി റാത്തോർ, റയീസ്, സീക്രട്ട് സൂപ്പർസ്റ്റാർ, ഡിയർ കോമ്രേഡ്, തലൈവി തുടങ്ങിയ സിനിമകളിൽ എത്തിനിൽക്കുന്നു.

2021-ൽ, മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവനിൽ ഐശ്വര്യ റായ് അവതരിപ്പിച്ച നന്ദിനി എന്ന കഥാപത്രത്തിന്റെ ചെറുപ്പം അവതരിപ്പിച്ചതോടെയാണ് സാറ തന്റെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചത്. ഭാഗം 1-ൽ വേഷം ഹ്രസ്വമായിരുന്നെങ്കിലും, ഭാഗം 2-ൽ കൂടുതൽ പ്രാധാന്യമുള്ളതും നന്നായി വികസിപ്പിച്ചതുമായ ഒരു വേഷം സാറ അവതരിപ്പിച്ചു.

Story highlights- sara arjun the richest child artist in india