ഇവിടെ വീടുകൾക്ക് കതകില്ല; പക്ഷെ പേടിക്കാതെ ഉറങ്ങാം!

November 15, 2023

വാതിലുകളില്ലാത്ത വീട്ടിൽ താമസിക്കുന്നത് എങ്ങനെയായിരിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉറങ്ങാൻ പോകുമ്പോൾ വാതിലടച്ചിട്ടുണ്ടോ എന്ന് വീണ്ടും വീണ്ടും പരിശോധിക്കുന്നവരാണ് നമ്മളിൽ പലരും. എങ്കിൽ മഹാരാഷ്ട്രയിൽ വീടുകൾക്ക് വാതിലുകളില്ലാത്ത ഒരു ഗ്രാമമുണ്ടെന്ന് അറിഞ്ഞാൽ നിങ്ങൾ ആശ്ചര്യപ്പെടും. (Shani Shingnapur village where houses don’t have doors)

പൂട്ടുകളും വാതിലുകളുമില്ലാത്ത, കട്ടളകൾ മാത്രമുള്ള വീടുകളുള്ള ഈ മനോഹരമായ ഗ്രാമം ഷാനി ഷിംഗ്നാപൂർ എന്നാണ് അറിയപ്പെടുന്നത്. ശനി ദേവനിലുള്ള അചഞ്ചലമായ വിശ്വാസത്താൽ ആരും മോഷ്ടിക്കില്ലെന്ന് ഗ്രാമവാസികൾ വിശ്വസിക്കുന്നു.

ഐതിഹ്യമനുസരിച്ച്, ഏകദേശം 400 വർഷങ്ങൾക്ക് മുമ്പ്, പനസ്നാല നദിയുടെ തീരത്ത് ഒരു കറുത്ത കല്ല് വന്നു. ഒരു ഗ്രാമവാസി മൂർച്ചയുള്ള വടികൊണ്ട് അതിനെ കുത്തിയപ്പോൾ അതിൽ നിന്ന് രക്തം വരാൻ തുടങ്ങി. അന്നു രാത്രിയിൽ അയാൾക്ക് സ്വപ്നത്തിൽ ശനി ഭഗവാൻ പ്രത്യക്ഷപ്പെട്ടു. ആ കല്ല് തന്റെ വിഗ്രഹമാണെന്ന് അയാളോട് പറഞ്ഞു. അപ്പോൾ ഭഗവാനായി ഒരു ക്ഷേത്രം പണികഴിപ്പിച്ചോട്ടെ എന്ന് ആ മനുഷ്യൻ ചോദിച്ചു. അത് ശനി ഭഗവാൻ നിരസിച്ചു. ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് തന്നെ താമസിക്കാൻ ശനി ഭഗവാൻ ആഗ്രഹിച്ചു. ഈ സ്ഥലത്ത് എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ ഭഗവാന് അറിയാൻ കഴിയും എന്നാണ് ഐതിഹ്യം. കൂടാതെ, ഏത് അപകടങ്ങളിൽ നിന്നും ഗ്രാമത്തെ സംരക്ഷിക്കുമെന്ന് അദ്ദേഹം നാട്ടുകാർക്ക് വാഗ്ദാനവും ചെയ്തു.

Read also: ഇവിടെ ‘ഹൗസ്‌ഫുൾ’ ആണ്; ലോകത്തിലെ ഏറ്റവും വലിയ കുടുംബം!

ആ ദിവസം മുതൽ ഗ്രാമത്തിലെ ആളുകൾ അവരുടെ എല്ലാ വിശ്വാസവും ദൈവത്തിൽ അർപ്പിക്കുകയും എല്ലാ വാതിലുകളും പൂട്ടുകളും ഒഴിവാക്കുകയും ചെയ്തു. ഇവിടെ ആളുകൾ എപ്പോൾ വേണമെങ്കിലും മണിക്കൂറുകളോളം അല്ലെങ്കിൽ ദിവസങ്ങൾ പോലും തങ്ങളുടെ വീട്ടിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കപ്പെടുമെന്ന ഭയമില്ലാതെ വീടുവിട്ടിറങ്ങുന്നു. കള്ളന്മാർക്ക് മാനസികരോഗമോ ഏഴ് വർഷത്തെ ദൗർഭാഗ്യമോ അന്ധതയോ ശിക്ഷയായി ലഭിക്കുമെന്ന് വിശ്വസിക്കുന്നതിനാൽ ആരും മോഷ്ടിക്കാൻ ധൈര്യപ്പെടുന്നുമില്ല.

എന്നിരുന്നാലും, തെരുവ് നായ്ക്കളെയോ മറ്റ് മൃഗങ്ങളെയോ അകറ്റാൻ നാട്ടുകാർ ചിലപ്പോൾ മരപ്പലകകൾ സ്ഥാപിക്കാറുണ്ട്. വീടിന് പുറത്ത് വാതിൽ കെട്ടിയ ഒരാൾക്ക് അടുത്ത ദിവസം അപകടം സംഭവിച്ചതായി ഐതിഹ്യങ്ങളും ഉണ്ട്.
പോലീസ് സ്റ്റേഷനുകൾക്കും പോസ്റ്റ് ഓഫീസുകൾക്കു പോലും ഇവിടെ വാതിലുകളില്ല എന്നതും കൗതുകകരമാണ്.

Story highlights: Shani Shingnapur village where houses don’t have doors