ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ബ്ലൂ ടിക് വെരിഫിക്കേഷൻ ചെയ്ത് തരാമെന്ന സന്ദേശങ്ങളിൽ വീഴരുത്!

November 6, 2023

തട്ടിപ്പുകൾ സമൂഹത്തിൽ സർവ്വസാധാരണമായി കഴിഞ്ഞു. സമൂഹമാധ്യമങ്ങൾ എത്തിയതോടെ അവ ഡിജിറ്റലായി എന്നുമാത്രം. നിരവധി സാമ്പത്തിക തട്ടിപ്പുകളാണ് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്നത്. ഇപ്പോഴിതാ, മെറ്റയുടെ പേരിലും തട്ടിപ്പ് നടക്കുകയാണ്. അതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് കേരള പോലീസ്.

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്രൊഫൈൽ വെരിഫൈ ചെയ്ത് ബ്ലൂ ടിക് വെരിഫിക്കേഷൻ സൗജന്യമായി ചെയ്തു നൽകുന്നു എന്ന രീതിയിൽനിങ്ങൾക്ക് സന്ദേശം ലഭിച്ചിട്ടുണ്ടോ?.. എങ്കിൽ പ്രതികരിക്കേണ്ട. സംഗതി തട്ടിപ്പാണ്. വ്യാജലിങ്കുകൾ ഉൾപ്പെടുത്തിയ സന്ദേശം മെസ്സേജ് ആയോ നോട്ടിഫിക്കേഷൻ ആയോ വരാം. ഇത്തരം വ്യാജ വെബ്സൈറ്റുകൾ ഉപഭോക്താക്കളുടെ യൂസർ ഇൻഫർമേഷൻ, ആക്റ്റീവ് സെഷൻ എന്നിവ ഹാക്ക് ചെയ്യുന്ന രീതിയിൽ നിർമിച്ചവ ആയിരിക്കും. ഇത്തരം മെസ്സേജുകളോട് പ്രതികരിച്ചാൽ നിങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ഇത്തരം വ്യാജ മെസ്സേജുകളോട് പ്രതികരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

അതേസമയം, മറ്റൊരു തട്ടിപ്പും സജീവമായിട്ടുണ്ട്. ഇൻഫ്ലൂവൻസർമാർ തയ്യാറാക്കുന്ന വിഡിയോയിലെ ഉള്ളടക്കം (Content), സംഗീതം (Music) തുടങ്ങിയവ സോഷ്യൽമീഡിയയിലെ കമ്യൂണിറ്റി സ്റ്റാൻഡേർഡ് നിയമങ്ങൾ പാലിക്കുന്നില്ല എന്നും മോണിറ്റൈസേഷൻ നടപടിക്രമങ്ങൾ, കോപ്പിറൈറ്റ് നിയമലംഘനം എന്നിവ ചൂണ്ടിക്കാണിച്ചുമായിരിക്കും തട്ടിപ്പുകാർ സമൂഹമാധ്യമ അക്കൌണ്ടുകളിലേയ്ക്ക് സന്ദേശങ്ങൾ അയയ്ക്കുന്നത്. സമൂഹ മാധ്യമ കമ്പനികളിൽ നിന്നുമള്ള സന്ദേശങ്ങളാണെന്നുകരുതി ഉപയോക്താക്കൾ അതിൽ ക്ലിക്ക് ചെയ്യുന്നു. ശരിയായ സന്ദേശങ്ങളെന്നു തെറ്റിദ്ധരിച്ച് അവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് വിവരങ്ങൾ നൽകുന്നതോടെ, യൂസർനെയിം, പാസ് വേഡ് എന്നിവ തട്ടിപ്പുകാർ നേടിയെടുക്കുന്നു. അതുവഴി സോഷ്യൽ മീഡിയ ഹാന്റിലുകളുടെ നിയന്ത്രണം അവർ ഏറ്റെടുക്കുകയും ചെയ്യും.

Read also: എങ്ങനെയാണ് ജപ്പാനിൽ വയോധികന്മാർ സമയം ചിലവഴിക്കുന്നത് ? ഒരു 95- കാരന്റെ ഒരുദിവസം ഇങ്ങനെ!

ഇത്തരത്തിൽ തട്ടിയെടുക്കുന്ന സോഷ്യൽമീഡിയ ഹാന്റിലുകൾ തിരികെകിട്ടുന്നതിന് വൻ തുകയായിരിക്കും ഹാക്കർമാർ ആവശ്യപ്പെടുക. മാത്രവുമല്ല, തട്ടിയെടുത്ത അക്കൌണ്ടുകൾ വിട്ടുകിട്ടുന്നതിന് പണം, അവർ അയച്ചു നൽകുന്ന ക്രിപ്റ്റോ കറൻസി വെബ്സൈറ്റുകളിൽ നിക്ഷേപിക്കുന്നതിനായിരിക്കും ഉപയോക്താവിനോട് ആവശ്യപ്പെടുന്നത്.

Story highlights- social media traps