പാതിയിൽ പാട്ടുനിന്നു, ഓർത്തെടുത്ത് ചുവടുകൾ പൂർത്തിയാക്കി മിടുക്കികൾ- ഒന്നാം സ്ഥാനം നേടിയ പ്രകടനം

November 29, 2023

വേദിയിൽ കൂട്ടുകാർക്കൊപ്പം പോലും കയറാൻ ഭയന്ന ബാല്യം പലർക്കും ഓർമയിൽ ഉണ്ടാകും. ഒന്നിനെയും പേടിക്കാതെ, അസാധ്യമായ ആത്മവിശ്വാസത്തോടെ ആരെയും കൂസാതെ നില്ക്കാൻ ചെറിയ ധൈര്യമൊന്നും പോരാ എന്ന് നിസംശയം പറയാം. അങ്ങനെയുള്ള കുട്ടികൾ, അല്ലെങ്കിൽ അത്തരത്തിൽ ആത്മവിശ്വാസം നിറഞ്ഞ കുട്ടിക്കാലമുള്ളവരൊക്കെ ചുരുക്കാമെന്നു പറയാം. വേദിയിൽ ഒന്നിച്ച് കയറാൻ പോലും പേടിയുള്ളവർ അങ്ങനെയെങ്കിൽ ഈ കാഴ്ച ഒന്ന് കാണണം.

സംഘനൃത്തം ആത്മവിശ്വാസത്തോടെ വേദിയിൽ അവതരിപ്പിക്കുന്നതിനിടയിൽ പെട്ടെന്നാണ് സാങ്കേതിക തകരാർ നേരിട്ടത്. ചിറ്റൂർ ഉപജില്ലാ കലോത്സവത്തിൽ ഗ്രൂപ്പ് ഡാൻസിനിടെ പെൻഡ്രൈവിന്റെ സാങ്കേതിക തകരാർ മൂലമാണ് പാട്ട് നിന്നുപോയത്.

ഏതാനും കൊച്ചുകുട്ടികളാണ് അവരുടെ കഴിവിന്റെ അങ്ങേയറ്റം പ്രകടിപ്പിച്ച് വേദിയിൽ തകർത്താടിയിരുന്നത്. പെട്ടെന്നുണ്ടായ തടസം പക്ഷെ ഈ കുഞ്ഞു മിടുക്കികളെ ആശയക്കുഴപ്പത്തിലാക്കിയില്ല. സെക്കൻഡുകൾ പോലും കളയാതെ പഠിച്ചുവെച്ച ചുവടുകൾ ഓർത്തെടുത്ത് ആ കുഞ്ഞു മിടുക്കികൾ നൃത്തം പൂർത്തിയാക്കി. ചുവടുകൾ പാട്ടിന്റെ അകമ്പടിയില്ലാതെ തുടർന്നപ്പോൾ അകമ്പടിയായത് ചിലങ്കയുടെ താളവും സദസിന്റെ കയ്യടിയുമാണ്.

Read also: 20 മണിക്കൂറിനൊടുവിൽ ആശ്വാസവാർത്ത; അബിഗേൽ സാറ റെജിയെ കണ്ടെത്തി!

അവിടെയും തീരുന്നില്ല കഥ.. കലോത്സവത്തിൽ ഈ മിടുക്കികളാണ് ഒന്നാം സ്ഥാനം നേടി ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടിയത്. അവരുടെ സമർപ്പണത്തിനും ആത്മസംയമനത്തിനും സമയോചിതമായ പ്രവർത്തനത്തിനും കയ്യടിച്ചത് സദസ് മാത്രമല്ല, വിധികർത്താക്കൾ കൂടിയാണ്.

Story highlights- Sub district youth festival viral video