‘ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ദിനത്തിന്റെ ഓർമ്മയ്ക്ക്..’- ചിത്രങ്ങളുമായി കാളിദാസും താരിണിയും

November 18, 2023

നവംബർ 10 ന് ചെന്നൈയിൽ വെച്ചായിരുന്നു നടൻ കാളിദാസ് ജയറാമിന്റെ വിവാഹനിശ്ചയം. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിന് മനോഹരമായ വേദി ഒരുക്കിയത് നടി അപർണ ബാലമുരളിയുടെ പുതിയ സംരംഭം ആയിരുന്നു. കാളിദാസിന്റെയും പ്രതിശ്രുത വധു താരിണിയുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ, നിശ്ചയത്തോട് അനുബന്ധിച്ചുള്ള രാത്രിയിലെ ചടങ്ങുകളിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരിണി.

‘നമ്മുടെ ജീവിതത്തിലെ മറക്കാനാകാത്ത ദിവസങ്ങൾ കഴിഞ്ഞിട്ട് ഒരാഴ്ചയായി’ എന്ന കുറിപ്പിനൊപ്പമാണ് താരിണി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 23 വയസുകാരിയായ മോഡലും സൗന്ദര്യ റാണിയുമാണ് തരിണി കലിംഗരായർ. തമിഴ്‌നാട്ടിലെ ചെന്നൈയിൽ നീലഗിരിയിൽ ജനിച്ച താരിണി നിരവധി ബ്യൂട്ടി ക്വീൻ പേജെന്റുകളിൽ ഭാഗമായിട്ടുണ്ട്. 16-ാം വയസ്സിൽ പഠിക്കുമ്പോഴാണ് താരിണി മോഡലിംഗ് ജീവിതം ആരംഭിച്ചത്. കോളേജ് പഠനകാലത്ത് സിനിമാട്ടോഗ്രഫിയും പഠിച്ചു. 2021-ൽ മിസ് ദിവ 2021 ൽ പങ്കെടുത്തു, അവിടെ ഫൈനലിസ്റ്റായി. ശേഷം, മൂന്നാം റണ്ണർ അപ്പ് ആയി. ഈ മത്സരം തരിണിയെ ഇന്ത്യയിൽ വളരെ പ്രശസ്തയാക്കുകയും ചെയ്തു.

2022 സെപ്തംബർ 8 ന്, കാളിദാസ് ജയറാമിന്റെ കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ചതിന് ശേഷമാണ് താരിണി മലയാളികൾക്ക് സുപരിചിതയായത്. പിന്നീട് ഇരുവരും പ്രണയം പരസ്യമാക്കുകയും പൊതുവേദിയിൽ കാളിദാസ് താരിണിയെ പ്രപ്പോസ് ചെയ്യുകയും ചെയ്തതോടെ ശ്രദ്ധനേടുകയായിരുന്നു.

Read also: ഇനി ഒന്നിച്ച്- കാളിദാസ് ജയറാമിന്റെയും താരിണിയുടെയും വിവാഹ നിശ്ചയ വിഡിയോ

മലയാളികളുടെ പ്രിയ നടനാണ് കാളിദാസ് ജയറാം. ബാലതാരമായി അഭിനയലോകത്തേക്ക് എത്തിയ കാളിദാസ്, ഇന്ന് മലയാളത്തിലും തമിഴിലും സജീവ സാന്നിധ്യമാണ്. ബാലതാരത്തിൽ നിന്നും നായകനായി കാളിദാസ് എത്തിയപ്പോഴും പ്രേക്ഷകർ താരത്തെ നെഞ്ചിലേറ്റി. കുറഞ്ഞ ചിത്രങ്ങളിലൂടെ തമിഴ് സിനിമ ആസ്വാദകർക്കും സുപരിചിതനായി മാറിക്കഴിഞ്ഞു കാളിദാസ്. 

Story highlights- tarini kalingarayar shares photos with kalidas jayaram