പ്രകാശവും നന്മയും മാത്രം പരക്കട്ടെ; ലോകം ദീപാവലിയുടെ നിറവിൽ!

November 10, 2023

ഏറ്റവും വലിയ ഹൈന്ദവ ഉത്സവമായ ദീപാവലി അടുത്തെത്തിക്കഴിഞ്ഞു. ഇന്ന് മുതൽ ആരംഭിക്കുന്ന ആഘോഷങ്ങളുടെ തയ്യാറെടുപ്പുകൾ എപ്പോഴേ തുടങ്ങി കഴിഞ്ഞു. ചാന്ദ്ര കലണ്ടർ പ്രകാരം കാർത്തിക മാസത്തിലെ 15-ാം തീയതിയാണ് ഈ ദിവസം, കൂടാതെ വർഷത്തിലെ ഏറ്റവും ഇരുണ്ട രാത്രിയും അന്നു തന്നെ. ഈ വർഷം, നവംബർ 12 ഞായറാഴ്‌ചയാവും ഇന്ത്യയിലുടനീളം ദീപങ്ങളുടെ ഈ ഉത്സവം ആഡംബരത്തോടും ഉത്സാഹത്തോടും കൂടി ആഘോഷിക്കുക. (The festival of lights, Diwali is here!)

ഇരുട്ടിന്റെ മേൽ വെളിച്ചത്തിന്റെയും തിന്മയ്‌ക്കെതിരെ നന്മയുടെയും വിജയത്തെ ദീപാവലി ആഘോഷിക്കുന്നു. ഈ ദിവസമാണ് ശ്രീരാമനും സഹോദരൻ ലക്ഷ്മണനും സീതാദേവിയും തങ്ങളുടെ 14 വർഷത്തെ വനവാസത്തിനും ലങ്കാ രാജാവായ രാവണനെ പരാജയപ്പെടുത്തിയതിനും ശേഷം അയോധ്യയിലേക്ക് മടങ്ങിയതെന്ന് വിശ്വസിക്കപ്പെടുന്നു.

അഞ്ചു ദിവസം നീളുന്ന ഈ ഉത്സവം പ്രകാശത്തിന്റെയും സമൃദ്ധിയുടെയും സാംസ്കാരിക പ്രാധാന്യത്തിന്റെയും ആഘോഷമാണ്. അതിൽ ധൻതേരാസ്, നരക ചതുർദശി (ചോട്ടി ദീപാവലി), ദീപാവലി (പ്രധാന ആഘോഷം), ഗോവർദ്ധൻ പൂജ, ഭായ് ദൂജ് എന്നിവ ഉൾപ്പെടുന്നു. ഓരോ ദിവസത്തിനും അതിന്റേതായ ആചാരങ്ങളും പാരമ്പര്യങ്ങളും ഉണ്ട്, ഐക്യം, സ്നേഹം, ഇരുട്ടിനു മേൽ പ്രകാശത്തിന്റെ വിജയം എന്നിവ ഊന്നിപ്പറയുന്നവയാണ് ഓരോന്നും.

Read also: നോർത്തേൺ ലൈറ്റുകൾ സ്റ്റോൺഹെഞ്ചിന് മുകളിലെ ആകാശത്ത് വിസ്മയം തീർത്തപ്പോൾ- മനോഹര കാഴ്ച

കുടുംബങ്ങൾ ഒത്തുചേരാനും സമ്മാനങ്ങൾ കൈമാറാനും വിളക്കുകൾ കത്തിക്കാനും ബന്ധങ്ങൾ ശക്തിപ്പെടുത്താനുമുള്ള സമയമാണിത്. ഹൈന്ദവ വിശ്വാസങ്ങൾ അനുസരിച്ച്, ദീപാവലി സമയത്ത്, ആകെ13 ദീപങ്ങൾ വിവിധ ഇടങ്ങളിൽ കത്തിക്കുന്നു. ഓരോ ദിയയ്ക്കും അതിന്റേതായ പ്രത്യേക അർത്ഥമുണ്ട്.

ദീപാവലിയിലും ധൻതേരാസിലും പതിമൂന്ന് ദീപങ്ങൾ കത്തിക്കുന്നയാൾക്ക് ആരോഗ്യവും ഐശ്വര്യവും ലഭിക്കുമെന്നാണ് വിശ്വാസം. ഈ മൺവിളക്കുകൾ ദുരാത്മാക്കളിൽ നിന്നോ നെഗറ്റീവ് എനർജികളിൽ നിന്നോ സംരക്ഷണം നല്കുന്നവയും ദയയെയും വിശുദ്ധിയെയും പ്രതീകപ്പെടുത്താനും ഉള്ളവയാണ്. ദീപാവലി ദിനത്തിൽ ദീപം തെളിക്കുന്നത് കുടുംബത്തെ അകാല മരണത്തിൽ നിന്ന് സംരക്ഷിക്കുമെന്നും ഭാഗ്യം കൊണ്ടുവരുമെന്നും സമ്പത്തിനും സമൃദ്ധിക്കും വിജയത്തിനും ലക്ഷ്മിയുടെ അനുഗ്രഹം ലഭിക്കുമെന്നും വിശ്വസിക്കുന്നു.

മതത്തിന്റെ അതിർവരമ്പുകളില്ലാതെ എല്ലാ ആഘോഷവേളകളും ഒന്നായി കൊണ്ടാടുന്ന നമ്മുടെ മണ്ണിൽ ഈ ആഘോഷക്കാലവും നന്മയും സ്നേഹവും മാത്രം നിറയട്ടെ!

Story highlights: The festival of lights Diwali is here!