“പട്ടിണിയിൽ നിന്നും സമ്പന്നതയിലേക്ക്”; ഇത് കോടീശ്വരന്മാരുടെ ഗ്രാമം!

November 17, 2023

മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയും സ്ഥിരതയില്ലാത്ത സാമ്പത്തിക സാഹചര്യങ്ങളും പല ഗ്രാമീണ മേഖലകളെയും ദാരിദ്ര്യത്തിലേക്കും നാശത്തിലേക്കും നയിക്കുന്ന കഥകൾ നാം പലപ്പോഴും കേൾക്കാറുണ്ട്. എന്നാൽ ഇന്ത്യയിലുള്ള ഈ ഗ്രാമം പട്ടിണിയിൽ നിന്നും കോടീശ്വരന്മാരുടെ ഗ്രാമമായി മാറിയ കഥ കേൾക്കാം. (The richest village in India)

മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിലാണ് ‘ഹിവാരെ ബസാർ’ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമമാണിത്. ഏകദേശം 1,250 ജനസംഖ്യയുള്ള ഗ്രാമവാസികൾ പ്രതിമാസം ശരാശരി 30,000 രൂപ വരെ സമ്പാദിക്കുന്നു. ഇവിടെയുള്ള 235 കുടുംബങ്ങളിൽ ഏകദേശം 60 കുടുംബങ്ങൾ കോടീശ്വരന്മാരാണ്.

പതിറ്റാണ്ടുകൾക്ക് മുമ്പ്, മഹാരാഷ്ട്രയിലെ ഏറ്റവും വരൾച്ച ബാധിത ഗ്രാമങ്ങളിലൊന്നായി ഹിവാരെ ബസാർ പ്രദേശം കണക്കാക്കപ്പെട്ടിരുന്നു. ഗ്രാമത്തിന്റെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയും സാമൂഹിക ഘടനയും വലിയ കുഴപ്പത്തിലായിരുന്നു. 90% ഗ്രാമവാസികളും ഈ പ്രദേശത്ത് നിന്ന് മറ്റ് നാടുകളിലേക്ക് കുടിയേറി. പ്രദേശവാസികളും മദ്യപാനവും ചൂതാട്ടവുമൊക്കെ തുടങ്ങി. ഗ്രാമം ആകെ കലുഷിതമായി മാറിയപ്പോൾ, നാട്ടിലെ ഏക ബിരുദധാരിയായ പോപ്പട്രാവു പവാർ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച് ഹിവാരെ ബസാറിലെ സർപഞ്ചായി.

Read also: ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലം; പ്രൗഢഗംഭീരമായ സുവർണ്ണ ക്ഷേത്രം!

ചുമതലയേറ്റശേഷം പോപ്പട്രാവു ഗ്രാമത്തിൽ മഴവെള്ള സംഭരണവും ജലസംരക്ഷണ പരിപാടികളും ആരംഭിച്ചു. ഗ്രാമത്തിലെ 22 മദ്യശാലകൾ അടച്ചുപൂട്ടാൻ അദ്ദേഹം ഗ്രാമീണരെ പ്രോത്സാഹിപ്പിച്ചു. പാവപ്പെട്ട കർഷകർക്ക് വായ്പ അനുവദിക്കുന്നതിന് ബാങ്ക് ഓഫ് മഹാരാഷ്ട്രയുമായി സഹകരിക്കാൻ ഗ്രാമസഭയെ പ്രേരിപ്പിച്ചു. ഹിവാരെ ബസാറിലെ ഗ്രാമവാസികൾ 52 ബണ്ടുകൾ, 9 ചെക്ക് ഡാമുകൾ എന്നിവയും നിർമ്മിച്ചു. ഭൂഗർഭജലനിരപ്പ് വർദ്ധിച്ചതോടെ ഗ്രാമം ക്രമേണ അഭിവൃദ്ധി പ്രാപിക്കാൻ തുടങ്ങി.

ഹിവാരെ ബസാറിലെ ഗ്രാമീണരുടെ ജീവിതം അവിടെനിന്ന് മാറാൻ തുടങ്ങി. തൊഴിലാളികളായി ജോലി ചെയ്തിരുന്ന നഗരങ്ങളിൽ നിന്ന് ആളുകൾ ഗ്രാമത്തിലെ വീടുകളിലേക്ക് മടങ്ങി. കുടുംബങ്ങളുടെ എണ്ണം 90-ൽ നിന്ന് ഏകദേശം 235 ആയി ഉയർന്നു. ഗ്രാമത്തിൽ ജലക്ഷാമം ഇപ്പോൾ ഒരു പ്രശ്നമല്ല.

തങ്ങളുടെ പ്രാദേശിക ഉൽപ്പന്നങ്ങൾ വിപണിയിൽ വിൽക്കുന്നതിനായി ‘ഹിവാരെ ബസാർ ബ്രാൻഡ്’ ആരംഭിക്കാനും ഗ്രാമം പദ്ധതിയിട്ടിരുന്നു. ശ്രേഷ്ഠമായ ഒരു ലക്ഷ്യത്തിനായി ഒരു ഗ്രാമം ഒന്നിച്ചാൽ എന്ത് ചെയ്യാൻ കഴിയും എന്നതിന്റെ പ്രശംസനീയമായ ഉദാഹരണമാണ് ‘ഹിവാരെ ബസാർ’

Story highlights: The richest village in India