ഒരു കപ്പ് ചായയിൽ അഭയം തേടാത്ത മനുഷ്യരോ? ലോകത്തിലെ ഏറ്റവും പഴക്കമുള്ള ചായക്കട ഇവിടെയാണ്!

November 8, 2023

ചായ ഒരു വികാരമാണ്. തങ്ങളുടെ എല്ലാ ടെൻഷനും ഒരു കപ്പ് ചായയിൽ ഒതുക്കുന്ന മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്. എല്ലാ രാജ്യങ്ങളിലും ഈ ചായകുടി സംസകാരവുമുണ്ട്. അത് വ്യത്യസ്ത രുചിയിലാകാമെന്നു മാത്രം. ജാപ്പനീസ് സംസ്കാരവുമായി ഈ ചായകുടിക്ക് നല്ല ബന്ധമുണ്ട്. ജപ്പാനിൽ പഠനത്തിനായി എത്തിയ സന്യാസിയാണ് ചായകുടി ആദ്യമായി ആരംഭിച്ചത് എന്നാണ് ചരിത്രം പറയുന്നത്. ധ്യാനത്തിലിരിക്കുമ്പോൾ ഉണർന്നിരിക്കാൻ സഹായിക്കുന്ന ഒരു പാനീയം എന്ന നിലയ്ക്കാണ് ജപ്പാനിലേക്ക് ഇത് എത്തുന്നത്. (The Worlds Oldest Tea Shop Is Located In Japan)

ഈ ലോകത്ത് ഏറ്റവും പഴക്കമേറിയ ചായക്കടയും അങ്ങ് ജപ്പാനിലാണ്. ജാപ്പനീസ് ഗ്രാമമായ ഉജിയിലാണ് 1160 ൽ സ്ഥാപിതമായ ഈ ചായക്കട ഉള്ളത്. സ്യൂൻ ടീ എന്നാണ് കടയുടെ പേര്. ഹെയാൻ കാലഘട്ടത്തിൽ ജനറൽ മിനാമോട്ടോ നോ യോറിമാസയുടെ കീഴിലുള്ള ഒരു ഒരു സമുറായി യോദ്ധാവായിരുന്ന ഫുരുകാവ ഉനൈ എന്നയാളാണ് ഈ ചായക്കട സ്ഥാപിച്ചത്.

Read also: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു: അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത

തന്‍റെ സൈനിക ജീവിതത്തിന്‍റെ അവസാനകാലത്താണ് അദ്ദേഹം ഈ ചായക്കട ആരംഭിക്കുന്നത്. സു(Tsu), എന്‍(En) എന്നീ രണ്ടു വാക്കുകള്‍ ചേര്‍ത്താണ് ഉനൈ തന്‍റെ ചായക്കടയ്ക്ക് പേരിട്ടത്. Tsu എന്നാൽ വഴി അല്ലെങ്കിൽ പാത എന്നും En എന്നാൽ ശാന്തത എന്നുമാണ് അര്‍ത്ഥം വരുന്നത്. ഈ രണ്ട് പദങ്ങൾ കൂട്ടിച്ചേർത്താണ് അദ്ദേഹം ഈ വാക്ക് രൂപീകരിച്ചത്.

ഈ കട ആരംഭിച്ച് ഇരുപത് വർഷങ്ങൾക്ക് ശേഷം അദ്ദേഹം ഒരിക്കൽ കൂടി യുദ്ധത്തിലേക്ക് മടങ്ങുകയും ആ യുദ്ധത്തിൽ അദ്ദേഹം മരണപ്പെടുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്‍റെ പിന്‍ഗാമികള്‍ ഈ ചായക്കട നടത്തുന്നു. പുതുക്കിപ്പണിതെങ്കിലും ഉജി പാലത്തിന് സമീപം, പണ്ട് തുടങ്ങിയ അതേ സ്ഥലത്താണ് ഇന്നും ചായക്കട നില്‍ക്കുന്നത്.

Story highlights – The Worlds Oldest Tea Shop Is Located In Japan