മനസ്സും ശരീരവും പുതുക്കാം; ദിവസേനയുള്ള സമ്മർദ്ദത്തെ കൈപ്പിടിയിലൊതുക്കാം!

November 22, 2023

നമ്മുടെ ദൈനംദിന ജീവിതം സമ്മർദ്ദം നിറഞ്ഞതാണ്. ജോലിയുടെ ടെൻഷൻ, പ്രായമായ മാതാപിതാക്കൾ, കുട്ടികളുടെ കാര്യങ്ങൾ എന്നിവയ്‌ക്കിടയിൽ ഇന്നത്തെ ആളുകൾ പണ്ടത്തെ കാലത്തെ അപേക്ഷിച്ച് ഏറെ സമ്മർദ്ദത്തിലാണ്. പക്ഷെ ഭൂരിപക്ഷം ആളുകളും ഇത് സാധാരണമാണെന്ന് വിശ്വസിക്കുകയും ഇത്തരത്തിലുള്ള സമ്മർദ്ദം അവരുടെ ദൈനംദിന ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണെന്ന് അനുമാനിക്കുകയും ചെയ്യുന്നു. (Ways to mentally refresh after a stressful day)

ഇവിടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. സമ്മർദ്ദത്തെ ജീവിതത്തിന്റെ ഭാഗമെന്ന് എണ്ണാതെ അവയെ ഒരു കൈ അകലത്തിൽ മാറ്റി നിർത്താനുള്ള വഴികളാണ് നമ്മൾ അന്വേഷിക്കേണ്ടത്. ഏറെ സമ്മർദ്ദം നിറഞ്ഞ ഒരു ദിവസം കഴിഞ്ഞ് മനസ്സിനെയും ശരീരത്തെയും ശാന്തമാക്കാനുള്ള ചില വഴികൾ പരിചയപ്പെടാം.

മെഡിറ്റേഷൻ:
നമ്മുടെ ദൈനംദിന ജീവിതത്തിൽ സമ്മർദ്ദത്തെ നേരിടാനുള്ള ശക്തമായ ഒരു മാർഗമാണ് ധ്യാനം അഥവാ മെഡിറ്റേഷൻ. അഞ്ച് മിനിട്ട് മുതൽ ഒരു മണിക്കൂർ വരെ ഒരാൾക്ക് ധ്യാനം ചെയ്യാം. ഇത് ചെയ്യുന്നത് വഴി മെച്ചപ്പെട്ട വിശ്രമവും ഉറക്കവും ലഭിക്കും. മാത്രമല്ല, വൈകാരിക തലത്തിൽ നിയന്ത്രണം കണ്ടെത്തുന്നത് വഴി പുതിയ വെല്ലുവിളികൾ പ്രത്യക്ഷപ്പെടുമ്പോൾ അവയെ നേരിടാനുള്ള കഴിവും സ്വായത്തമാക്കാൻ സാധിക്കും.

ജേർണലിംഗ്:
ദൈനംദിന ജീവിതത്തിൽ സമ്മർദ്ദം നേരിടുന്ന ആളുകൾക്ക് ജേർണലിംഗ് വളരെ ആരോഗ്യകരമായ ഒരു പരിശീലനമാണ്. പലപ്പോഴും കാര്യങ്ങൾ എഴുതി ഒരു കടലാസിൽ നമ്മുടെ ചിന്തകൾ കാണുന്നതിലൂടെ നമ്മളെ അലട്ടുന്ന വിഷമകരമായ സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തമായ ഒരു കാഴ്ചപ്പാട് നേടാൻ സാധിക്കും. കാലക്രമേണ ഈ ജേണൽ നെഗറ്റീവ് അനുഭവങ്ങൾ പുറത്തുവിടാനുള്ള ഒരു ഉപകരണമായി മാറും.

Read also: നൈറ്റ് ഡ്യൂട്ടി നിങ്ങളുടെ ആരോഗ്യത്തെ ക്ഷയിപ്പിക്കുന്നുണ്ടോ..? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം..

നടക്കാൻ പോകുക: നമ്മുടെ ശരീരം ദിവസം മുഴുവൻ ഒരു മേശപ്പുറത്ത് ഇരിക്കാൻ വേണ്ടി ഡിസൈൻ ചെയ്യപ്പെട്ടിട്ടുള്ളതല്ല. പുറത്തിറങ്ങി അൽപ്പം ശുദ്ധവായു ശ്വസിച്ച് മനസ്സിനെ ശാന്തമാകുന്നത് വഴി നമ്മുടെ ഹോർമോണുകളെ നിയന്ത്രിക്കാൻ സഹായിക്കും. വൈറ്റമിൻ ഡി ഒരു മൂഡ് ബൂസ്റ്ററും കൂടിയാണ്. അതിനാൽ പിരിമുറുക്കമുള്ളപ്പോൾ നടക്കാൻ പോകുന്നത് ഏറെ പ്രയോജനകരമായ ഒരു അനുഭവമായിരിക്കും.

സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുക്കാം:
പൊതുവെ സ്‌ക്രീനുകളിൽ നിന്ന് ഒരു ഇടവേള എടുത്ത് അൽപനേരം ഉറങ്ങാം അല്ലെങ്കിൽ പുറത്ത് നിശബ്ദമായി ഇരിക്കാം. ഇത് സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കും ഏറെ സഹായകമാണ്. സ്‌ക്രീനുകളിൽ നിന്നും ഒരു ഇടവേള എടുത്ത് ഒരു പുസ്തകം വായിക്കുകയോ സംഗീതം കേൾക്കുകയോ ചെയ്യാം. ഓരോ ദിവസവും കുറഞ്ഞത് അരമണിക്കൂറെങ്കിലും അൺപ്ലഗ് ചെയ്യാൻ കഴിയുമ്പോൾ എത്രത്തോളം മികച്ചതായി തോന്നുന്നുവെന്ന് നമ്മൾ അനുഭവിച്ച് തന്നെയറിയണം.

ഒരു ഹോബിക്കായി സമയം മാറ്റിവയ്ക്കുക:
ഹോബികൾ നമ്മൾ വിചാരിക്കുന്നതിലുമുപരി മികച്ച ചികിത്സാമാർഗങ്ങളാണ്. നമുക്ക് ഏറ്റവും അനുയോജ്യമായ ഒന്ന് തന്നെ കണ്ടെത്താം. കൂടാതെ ഓരോ ദിവസവും ജോലി കഴിഞ്ഞ് ഈ പ്രവർത്തിയിലേർപ്പെടാൻ കാത്തിരിക്കുന്നത് നമുക്ക് സന്തോഷം കൂടെ പ്രധാനം ചെയ്യുന്നു.

നമ്മുടെ മാനസികാരോഗ്യം പരിപാലിക്കാൻ സമയം കണ്ടെത്തേണ്ടത് അനിവാര്യമാണ്. നമുക്ക് ഒരിക്കലും പൂർണ്ണമായും ഒഴിവാക്കാൻ കഴിയാത്ത ചില തരം സമ്മർദ്ദങ്ങളുണ്ട്. പക്ഷെ സ്വന്തം മാനസികാരോഗ്യത്തിനായി സമയം കണ്ടെത്തുന്നത്തിലൂടെ വെല്ലുവിളികൾ വരുമ്പോൾ അവയെ കൈകാര്യം ചെയ്യുന്നത് അനായാസമായി മാറും.

Story highlights: Ways to mentally refresh after a stressful day