ശീതകാലവും ആരോഗ്യ പ്രശ്നങ്ങളും!

November 23, 2023

ശീതകാലം ചിലർക്ക് മനോഹരവും മറ്റുചിലർക്ക് ഏറെ പ്രശ്നകരവുമാണ്. ഒരു സ്വാഭാവിക പ്രതിഭാസമായതിനാൽ ഇതിനെ തടയാൻ നമുക്ക് സാധിക്കില്ല എന്നാലും തണുപ്പുകാലം വരുന്നതോടെ കടന്നുവരുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് മുൻകരുതലെടുക്കാം. തണുപ്പുകാലത്ത് ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളും അവയുടെ പരിഹാരങ്ങളും എന്തൊക്കെയെന്ന് നോക്കാം. (Winter and recurring health issues)

ഫ്ലൂ:
ശീതകാലം സാധാരണയായി ഫ്ലൂ സീസൺ എന്നാണ് അറിയപ്പെടുന്നത്. ഇൻഫ്ലുവൻസ വൈറസുകൾ വായുവിലൂടെ പടരുന്നവയാണ്. ശൈത്യകാലത്ത്, നിങ്ങളുടെ രോഗപ്രതിരോധ ശേഷി സാധാരണയേക്കാൾ മന്ദഗതിയിലായേക്കാം. രോഗങ്ങൾ ഒഴിവാക്കാൻ ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണം കഴിക്കുന്നത് ഉറപ്പാക്കുക. ആവശ്യത്തിന് വെള്ളം കുടിക്കുക, ഒപ്പം പതിവായി വ്യായാമം ചെയ്യുക.

വരണ്ട ചർമ്മം:
മഞ്ഞുകാലത്ത് നേരിടുന്ന ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നാണിത്. വരൾച്ച കാരണം ചർമ്മം വിണ്ടുകീറൽ, വേദന, അണുബാധ എന്നിവ സാധാരണമാണ്. മോയ്സ്ചറൈസറുകൾ, സാധാരണ സോപ്പിന് പകരം മൃദുവായ മോയ്സ്ചറൈസിംഗ് സോപ്പ് ഉപയോഗിക്കാം. ഹാൻഡ് ലോഷനോ പെട്രോളിയം ജെല്ലിയോ പുരട്ടുന്നത് ചർമ്മത്തിന് ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

Read also: മഞ്ഞുകാലത്ത് നെയ്യ് അത്യുത്തമം; അറിയാം ഗുണങ്ങൾ!

സന്ധി വേദന:
ആർത്രൈറ്റിസ് രോഗികളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ഊഷ്മാവിൽ ക്രമാതീതമായുള്ള കുറവ് സന്ധി വേദനയ്ക്ക് കാരണമായേക്കാം. ഇത് ചില സന്ദർഭങ്ങളിൽ ചലനമില്ലായ്മയിലേക്ക് വരെ നയിക്കുന്നു. ചൂടുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉറപ്പാക്കുക. ശരീരത്തിന് ചൂട് നിലനിർത്തുന്നതിനായി വ്യായാമം ചെയ്യുക.

ജലദോഷം:
ശൈത്യകാലത്ത് ജലദോഷം ഉണ്ടാകാനുള്ള കാരണം വരണ്ടതും തണുപ്പുള്ളതുമായ അന്തരീക്ഷമാണ്. മതിയായ പോഷകാഹാരം, ചിട്ടയായ വ്യായാമം, ജലദോഷത്തിനുള്ള വീട്ടുവൈദ്യങ്ങൾ, വിശ്രമം എന്നിവ ജലദോഷം വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും.

ആസ്ത്മ:
തണുത്ത കാലാവസ്ഥ ആസ്ത്മ അറ്റാക്കുകൾക്ക് കാരണമാകുന്നു. ശീതകാലത്ത് വായുവിൽ ധാരാളം അലർജി ഉണ്ടാക്കുന്ന വസ്തുക്കൾ കാണപ്പെടും. ഇവയിൽ ഏതെങ്കിലും ശ്വസിച്ചാൽ അനുബന്ധ പ്രശ്നങ്ങളും വരും. ഇത് തടയുന്നതിനായി പുറത്ത് പോകുമ്പോൾ മാസ്കുകൾ ധരിക്കുക.

Story highlights: Winter and recurring health issues