ടോറി ഗ്രാമവാസികൾക്ക് ഇനി ശുദ്ധജലം കുടിക്കാം; സഹായമായി വേൾഡ് മലയാളി ഫെഡറേഷൻ!

November 4, 2023

കുടിക്കാൻ ശുദ്ധജലം എന്നത് മനുഷ്യൻ്റെ അടിസ്ഥാന സൗകര്യങ്ങളിൽ ഒന്നാണ്. എന്നാൽ അതുപോലും നിഷേധിക്കപ്പെട്ടവരാണ് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബെനിൻ റിപ്പബ്ലിക്കിലെ ടോറി ഗ്രാമവാസികൾ. ഈ ജനതയ്ക്ക് സന്തോഷത്തിന്റെ നാളുകൾ സമ്മാനിക്കുകയാണ് വേൾഡ് മലയാളി ഫെഡറേഷൻ. കേരളപ്പിറവി ദിനത്തോടനുബന്ധിച്ചാണ് വേൾഡ് മലയാളി ഫെഡറേഷൻ നാടിനു കുഴൽക്കിണർ നിർമ്മിച്ചു നൽകിയത്. (World Malayali Federation fulfills the dream of Tori villagers)

വർഷങ്ങളായി ചേറുവെള്ളം മാത്രമാണ് ഇവരുടെ ആശ്രയം. ദൈനംദിനം ആഹാരത്തിനുള്ള വക കണ്ടെത്താൻ വരെ ബുദ്ധിമുട്ടുന്ന ഗ്രാമവാസികൾക്ക് കുടിക്കാൻ ശുദ്ധജലം എന്നത് ഒരു വിദൂര സ്വപ്നം മാത്രമായിരുന്നു. ജീവിതത്തിൽ ഒരിക്കലും നടക്കില്ല എന്ന് കരുതിയ ഈ സ്വപ്നമാണ് ഇന്ന് മലയാളി ഫെഡറേഷൻ ബെനിൻ നാഷണൽ കൗൺസിൽ യാഥാർഥ്യമാക്കിയത്. ആദ്യമായി ശുദ്ധജലം ലഭിച്ചതിന്റെ സന്തോഷം ആടിപ്പാടി ആഘോഷിക്കുകയാണ് ടോറി ഗ്രാമവാസികൾ.

Read also: മറക്കാനാവുമോ നാഗവല്ലിയെ? 30 വർഷങ്ങൾക്കിപ്പുറവും പ്രൗഢി ഒട്ടും കുറയാതെ മണിച്ചിത്രത്താഴ്!

ഇതുകൂടാതെ നാഷണൽ കൗൺസിലിന്റെ സഹായത്തോടെ സ്വരൂപിച്ച ഭക്ഷണ സാധനങ്ങളും മറ്റ് ആവശ്യവസ്തുക്കളും ഗ്രാമനിവാസികൾക്ക് കൈമാറി. വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ സെക്രട്ടറി ഹരീഷ് നായരായിരുന്നു കുഴൽക്കിണർ സമർപ്പണ ചടങ്ങിലെ മുഖ്യ അതിഥി. കൗൺസിൽ കോർഡിനേറ്റർ ഗ്രീനിഷ് മാത്യു, പ്രസിഡന്റ് ഡെന്നിസ് ബാബു, മറ്റ് ഭാരവാഹികൾ, മലയാളം മിഷൻ വിദ്യാർത്ഥികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Story highlights: World Malayali Federation fulfills the dream of Tori villagers