ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട പോസ്റ്റ് ഓഫീസ്; ആകെയുള്ള നാല് ജീവനക്കാരും വനിതകൾ
ലോകത്തിലെ ഏറ്റവും വിദൂരമായ തപാൽ ഓഫീസിനെക്കുറിച്ച് കേട്ടിട്ടില്ലേ? അന്റാർട്ടിക്കയിലെ ഗൗഡിയർ ദ്വീപിലുള്ള ഈ പോസ്റ്റ് ഓഫീസിലേക്ക് എല്ലാവർഷവും ജോലിക്ക് ആളെ ക്ഷണിക്കാറുണ്ട്. ഇത്തവണ ഒരു വനിതാ സംഘമാണ് പോസ്റ്റ് ഓഫീസ് ചുമതല ഏറ്റുവാങ്ങിയത്. അവർ യുകെയിൽ നിന്ന് വിമാനത്തിലും ബോട്ടിലുമായി ഏകദേശം 8,000 മൈലുകൾ സഞ്ചരിച്ചാണ് ഇവിടേക്ക് എത്തിയത്. പോർട്ട് ലോക്ക്‌റോയ് സയന്റിഫിക് ബേസിൽ നാല് മീറ്റർ വരെ ആഴത്തിൽ കിടക്കുകയായിരുന്നു അവരുടെ വീട് അപ്പൊ. കാരണം കനത്ത മഞ്ഞ് തന്നെ..
ആയിരത്തിലധികം ജെന്റൂ പെൻഗ്വിനുകൾ അന്റാർട്ടിക് ഉപദ്വീപിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ഈ ചെറിയ ദ്വീപിൽ താമസിക്കുന്നു. 1944 മുതൽ, യുകെയുടെ ആദ്യത്തെ സ്ഥിരമായ അന്റാർട്ടിക്ക് ബേസ് ഇവിടെ സ്ഥാപിതമായപ്പോൾ, ഇത് പര്യവേക്ഷകർക്കും ശാസ്ത്രജ്ഞർക്കും അടുത്തിടെയായി വിനോദസഞ്ചാരികൾക്കും ഒരു സങ്കേതമായി മാറുകയായിരുന്നു.
പോസ്റ്റോഫീസിനൊപ്പം ഒരു മ്യൂസിയവും ഗിഫ്റ്റ് ഷോപ്പും ഉണ്ട്. 2022/23 സീസണിൽ, 200-ലധികം കപ്പലുകളിൽ നിന്ന് ഏകദേശം 16,000 സന്ദർശകർ ഇവിടം കടന്നുപോയി. ഓരോ വർഷവും, നവംബർ മുതൽ മാർച്ച് വരെ അല്ലെങ്കിൽ തെക്കൻ അർദ്ധഗോളത്തിലെ വേനൽക്കാലത്ത് പോസ്റ്റ് ഓഫീസ് പ്രവർത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും ഒരു ടീമിനെ തിരഞ്ഞെടുക്കുന്നു. കോവിഡിന് ശേഷമുള്ള ആദ്യ സീസണിൽ ഏകദേശം 4,000 പേർ ഇതിനായി അപേക്ഷിച്ചു. എന്നാൽ നാല് പേർ മാത്രമാണ് ജോലിക്ക് അർഹരായത്. ബാലന്റൈൻ, ബേസ് ലീഡർ ലൂസി ബ്രൂസോൺ, വൈൽഡ് ലൈഫ് മോണിറ്റർ മേരി ഹിൽട്ടൺ, ഷോപ്പ് മാനേജർ നതാലി കോർബറ്റ് എന്നിങ്ങനെ നാലുപേരാണ് എത്തിയത്.
ഈ ജോലിയിൽ കൗതുകങ്ങൾ ഏറെയാണ്. പെൻഗ്വിനുകളുടെ എണ്ണവും ഇതിൽ ഉൾപ്പെടുന്നു. അതായത് അവയെ എണ്ണിത്തിട്ടപ്പെടുത്തുന്നത് ഈ ജോലിയുടെ ഭാഗമാണ്. വേറിട്ടൊരു കാര്യം ആഡംബരങ്ങൾ ആഗ്രഹിക്കുന്നവർക്ക് ഈ ജോലി പ്രയാസമുള്ളതായിരിക്കും എന്നതാണ്. ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരമാണെന്നാണ് സ്റ്റേഷനിലെ മുൻ പോസ്റ്റ് മാസ്റ്റർമാരിൽ ഒരാൾ പറയുന്നത്. അവർ എത്തിയപ്പോൾ ഇവിടേക്കുള്ള വഴി കണ്ടെത്താൻ മഞ്ഞിലൂടെ തുരന്നു വരേണ്ടി വന്നുവെന്നും ഫ്ലഷ് ടോയ്‌ലറ്റുകൾ പോലും ഇല്ലഎന്നും അദ്ദേഹം പറയുന്നു.
അന്റാർട്ടിക്ക പെനിൻസുലയിൽ സ്ഥാപിതമായ ആദ്യത്തെ സ്ഥിരം ബ്രിട്ടീഷ് ബേസ് ആണ് പോർട്ട് ലോക്ക്റോയ്. 1944 മുതൽ 1962 വരെ ഇവിടം പ്രവർത്തനക്ഷമമായിരുന്നു. 2006-ൽ യുകെ അന്റാർട്ടിക് ട്രസ്റ്റ് ഇത് ഏറ്റെടുത്തു. അതിനുശേഷം, ഈ സ്ഥലം ഒരു സംരക്ഷണ, വിനോദസഞ്ചാര കേന്ദ്രമായി പ്രവർത്തിക്കുന്നു.
Story highlights- World’s most remote post office