40 വർഷമായി ഒരേ സ്ഥലത്ത് ഒരേ പോസിൽ ചിത്രമെടുക്കുന്ന സുഹൃത്തുക്കൾ; ശ്രദ്ധേയമായൊരു സൗഹൃദചിത്രം
സൗഹൃദം എന്നും ആനന്ദം പകരുന്ന ഒന്നാണ്. വർഷങ്ങളോളം ആ സൗഹൃദം പുലർത്താനും നിലനിർത്താനും കഴിയുന്നവർ ഭാഗ്യവാന്മാരാണ്. ഇപ്പോഴിതാ, നാലുപതിറ്റാണ്ടിലേറെയായി സൗഹൃദം ഒരുപോറൽ പോലുമില്ലാതെ കാത്തുസൂക്ഷിക്കുന്ന ചിലരാണ് ശ്രദ്ധനേടുന്നത്. ആ സൗഹൃദത്തിന്റെ എക്കാലത്തെയും ഓർമ്മയ്ക്കായി 40 വർഷമായി ഒരേ സ്ഥലത്ത് ഒരേ പോസിൽ ചിത്രം എടുക്കുകയാണ്. കേൾക്കുമ്പോൾ കൗതുകം തോന്നുന്നുണ്ടാകാം.
അഞ്ച് പേരടങ്ങുന്ന ഒരു സംഘം, അവരുടെ സൗഹൃദത്തിന്റെ ഓർമ്മയ്ക്കായി, 40 വർഷമായി ഒരേ സ്ഥലത്ത് ഒരേ പോസിലെടുത്ത ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
ജോൺ വാർഡ്ലോ, മാർക്ക്-റൂമർ ക്ലിയറി, ഡാളസ് ബേണി, ജോൺ മൊളോണി, ജോൺ ഡിക്സൺ എന്നിവർ 40 വർഷമായി ഒരേ പോസിൽ ഒരേ ഫോട്ടോ എടുക്കുന്നു. മാത്രമല്ല, കാലിഫോർണിയ-ഒറിഗോൺ അതിർത്തിയിലെ കോപ്കോ തടാകത്തിനരികിൽ നിന്നുള്ള ചിത്രത്തിലെ പോസും സമാനമാണ്. ആദ്യത്തെ ചിത്രം 1982ൽ പകർത്തിയതാണ്. അവിടെനിന്നുതന്നെ 1987,1992, 1997, 2002, 2007, 2012, 2017 എന്നീ വർഷങ്ങളിൽ എടുത്ത മറ്റു ചിത്രങ്ങളും കാണാം. ഏറ്റവും പുതിയ ചിത്രം ഈ വര്ഷം പകർത്തിയതാണ്.
’40 വർഷത്തെ പാരമ്പര്യം: ഈ അഞ്ച് സുഹൃത്തുക്കൾ കാലിഫോർണിയ-ഒറിഗൺ അതിർത്തിയിലെ കോപ്കോ തടാകത്തിനരികിൽ ഒരേ പോസുകളിൽ ഫോട്ടോകൾ എടുക്കുന്നു’- അടിക്കുറിപ്പ് ഇങ്ങനെയാണ്. ചിത്രങ്ങൾ വളരെവേഗത്തിൽ വൈറലായി. സൗഹൃദങ്ങളുടെ കഥകൾ സമൂഹമാധ്യമങ്ങൾക്ക് മുൻപും പ്രിയപ്പെട്ടതാണ്.
Story highlights- 5 friends pose for same photo at California’s Copco Lake