കാക്കയിലെ പെൺകുട്ടി, കടങ്ങൾ തീർക്കാൻ കടൽ കടന്നവൾ; 24-ാം വയസിൽ വിടപറഞ്ഞ് നടി ലക്ഷ്മിക
വിവിധ സിനിമകളിലും ടെലിഫിലിമുകളിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രശസ്തയായ നടി ലക്ഷ്മിക സജീവൻ ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ അന്തരിച്ചു. പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളുടെ പോരാട്ടങ്ങളിലേക്ക് വെളിച്ചം വീശുന്ന ‘കാക്ക’ എന്ന ടെലിഫിലിമിലെ പഞ്ചമി എന്ന കഥാപാത്രത്തിന്റെ ആകർഷകമായ അഭിനയത്തിന് ലക്ഷ്മികയ്ക്ക് വളരെയധികം അംഗീകാരം ലഭിച്ചു. നടിയുടെ പ്രകടനം വളരെയധികം പ്രശംസ നേടിയിരുന്നു. പ്രേക്ഷകരിൽ നിന്ന് അംഗീകാരവും അഭിനന്ദനവും നേടിയിരുന്നു.
നടിയുടെ വേർപാടിനെകുറിച്ച് നിർമാതാവ് അൽതാഫ് പി ടി കുറിച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്. ‘ആരോടും യാത്ര പറയാതെ ‘കാക്ക’യിലെ പഞ്ചമി സ്വർഗ്ഗലോകത്തേക്ക് യാത്രയായിരിക്കുന്നു. മനസ്സ് മരവിച്ചിരിക്കുന്നു.ഹൃദയം വേദനയാൽ നുറുങ്ങിപ്പോകുന്നു.ഇല്ല ലക്ഷ്മിക മരിക്കില്ല.ജനകോടികളുടെ ഹൃദയത്തിലാണവൾക്ക് സ്ഥാനം.ഒരുപാട് സ്വപ്നങ്ങളുമായി ജീവിച്ചവൾ,അച്ഛന്റേയും അമ്മയുടേയും ഏക ആശ്രയം.സ്വന്തമായി ഒരു കൊച്ചു കൂര എല്ലുമുറിയെ പണിയെടുത്ത് അവൾ കെട്ടിപ്പടുത്തു.കട ബാധ്യത തീർക്കാനായി അഭിനയമോഹം ഉള്ളിലൊതുക്കി അവൾ വീണ്ടും കടൽ കടന്നു.പക്ഷേ വിധി അവളെ മരണത്തിന്റെ രൂപത്തിൽ തട്ടിയെടുത്തു.ഒന്നു പൊട്ടിക്കരയാൻ പോലും ത്രാണിയില്ലാതെ,വീടിന്റെ വരാന്തയിൽ തളർന്നിരിക്കുന്ന ആ അച്ഛനെ എന്തു പറഞ്ഞാശ്വസിപ്പിക്കും എന്നറിയാതെ,ഒന്നുമുരിയാടാതെ ദു:ഖം കടിച്ചമർത്തി ഞാൻ ആ വീട്ടിൽ നിന്നും നിറ കണ്ണുകളോടെ പതുക്കെ നടന്നകന്നു.അതെ, ‘കാക്ക’യിലെ പഞ്ചമിയേപ്പോലെ യഥാർത്ഥ ജീവിതത്തിലും തന്റെ അച്ഛനെ ജീവനു തുല്യം സ്നേഹിച്ചിരുന്നു അവൾ.സ്വന്തം അച്ഛനെ വിട്ട് കാക്കയിലെ അച്ഛന്റെയും, ഒത്തിരി ഇഷ്ടമായിരുന്ന ടോണിച്ചേട്ടന്റേയും അടുത്തേക്ക് അവൾ യാത്രയായി.എല്ലാവരേയും കരയിച്ചു കൊണ്ട്… വിട..പ്രിയ സോദരീ’.
Read also: 2018-ല്‍ വിവാഹ അഭ്യര്‍ഥന; 5 വര്‍ഷത്തിനൊടുവില്‍ അതിര്‍ത്തി കടന്ന് പാക് യുവതി ഇന്ത്യയില്‍
ദുൽഖർ സൽമാന്റെ ‘ഒരു യമണ്ടൻ പ്രേമകഥ,’ ‘പഞ്ചവർണതത്ത,’ ‘സൗദി വെള്ളക്ക,’ ‘പുഴയമ്മ,’ ‘ഉയരെ,’ ‘ഒരു കുട്ടനാടൻ ബ്ലോഗ്’, ‘നിത്യഹരിത നായകൻ’ എന്നിവയായിരുന്നു നട വേഷമിട്ട പ്രധാന സിനിമകൾ. കൊച്ചി വാഴവേലിൽ സ്വദേശിനിയായ ലക്ഷ്മിക ഷാർജയിലെ ബാങ്കിംഗ് മേഖലയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. അതേസമയം, അമൽ മോഹൻ തിരക്കഥയെഴുതി പ്രശാന്ത് ബി മോളിക്കൽ സംവിധാനം ചെയ്ത ‘കൂൺ’ എന്ന ത്രില്ലറിനൊപ്പമായിരുന്നു ലക്ഷ്മികയുടെ അഭിനയ ജീവിതം ആരംഭിച്ചത്. വിജീഷ് മണി സംവിധാനം ചെയ്ത ‘പുഴയമ്മ’ എന്ന നാടക ചിത്രത്തിലെ ദേവയാനി ടീച്ചർ എന്ന കഥാപാത്രത്തിനും നല്ല പ്രതികരണങ്ങൾ ലഭിച്ചു.
Story highlights- actress lakshmika sajeevan passes away