ഓര്‍മകളില്‍ മായാതെ മോനിഷ; മലയാളികളുടെ പ്രിയ നായിക വിടപറഞ്ഞിട്ട് 31 വർഷം
മലയാളത്തെ വിസ്മയിപ്പിച്ച പ്രിയ നടി മോനിഷയുടെ ഓര്‍മകള്‍ക്ക് ഇന്ന് 31 വയസ്. മരിച്ച് മൂന്ന് പതിറ്റാണ്ടുകള്‍ കടന്നുപോകുമ്പോഴും വെള്ളിത്തിരയില്‍ മായാത്ത മുദ്ര പതിപ്പിച്ച മോനിഷ ഇപ്പോഴും മലയാള സനിമയ്ക്ക് തീരാനോവാണ്. ആറ് വര്‍ഷം മാത്രം നീണ്ട അഭിനയ ജീവിതത്തില്‍ മറക്കാനാകാത്ത ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ചാണ് മോനിഷ എന്നന്നേക്കുമായി യാത്രയായത്. ( Actress Monisha death anniversary )
ശാലീനത തുളുമ്പുന്ന മുഖവുമായി മോനിഷ ജീവനേകിയ കഥാപാത്രങ്ങള്‍ മലയാളിയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളില്‍ ചിരിതൂകി നില്ക്കുന്നു. പ്രണയവും പരിഭവവും കൗതുകവുമെല്ലാം നിറഞ്ഞ വലിയ കണ്ണുകളിലൂടെ മലയാളി പ്രേക്ഷകര്‍ ആസ്വദിച്ചു. ചുരുങ്ങിയ കാലത്തെ അഭിനയജീവിതമായിരുന്നെങ്കിലും ഒരായുഷ്കാലത്തേക്കുള്ള ഓര്‍മകള്‍ അടയാളപ്പെടുത്തിയാണ് മോനിഷ മടങ്ങിയത്.
1971ല്‍ ഉണ്ണിയുടെയും ശ്രീദേവിയുടെയും മകളായി ആലപ്പുഴയിലാണ് മോനിഷയുടെ ജനനം. പഠിച്ചതു വളര്‍ന്നതും ബെംഗളൂരുവിലായിരുന്നു. ബിസിനസ് ആവശ്യങ്ങള്‍ക്കായി അച്ഛന് ബെംഗളൂരുവിലായതോടെയാണ് കുടുംബത്തോടെ അങ്ങോട്ട് മാറിയത്. അമ്മ ശ്രീദേവി നര്‍ത്തകിയായിരുന്നു. ചെറുപ്പം മുതല്‍ നൃത്തം പഠിച്ചിരുന്ന മോനിഷ ഒന്‍പതാമത്തെ വയസിലാണ് ആദ്യ സ്റ്റേജ് പ്രോഗ്രാം നടത്തിയത്.
എംടി വാസുദേവന്‍ നായരിലൂടെയാണ് സിനിമയിലെത്തുന്നത്. നഖക്ഷതങ്ങളായിരുന്നു ആദ്യ ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് 15-ാം വയസില്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം മോനിഷ നേടി. പെരുന്തച്ചന്, കടവ്, കമലദളം, ചമ്പക്കുളം തച്ചന്, കുടുംബസമേതം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ പ്രകടനമാണ് മോനിഷ കാഴ്ചവെച്ചത്. മലയാളത്തിന് പുറമെ, ‘പൂക്കള്‍ വിടും ഇതള്‍’ , ‘ദ്രാവിഡന്’ തുടങ്ങിയ തമിഴ് സിനിമകളിലും രാഘവേന്ദ്ര രാജ്കുമാര് നായകനായി അഭിനയിച്ച ‘ചിരംജീവി സുധാകര്‍’ എന്ന കന്നട സിനിമയിലും അഭിനയിച്ചു. ആകെ 27 സിനിമകളിലാണ് അഭിനയിച്ചത്.
Read Also : ട്രെൻഡിനൊപ്പം നിമിഷ സജയനും; നൃത്ത വിഡിയോ പങ്കുവെച്ച് നടി
‘ചെപ്പടിവിദ്യ’ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടയിലാണ് മോനിഷ എറണാകുളത്തേക്ക് അംബാസിഡര്‍ കാറില്‍ അമ്മയ്ക്കൊപ്പം യാത്ര പോയത്. മോനിഷ ഉറങ്ങുകയായിരുന്നു. പെട്ടെന്നാണ് ഒരു ബസ് ഇവര്‍ സഞ്ചരിച്ച കാറിലിടിക്കുന്നത്. ഇടിയുടെ ആഘാതത്തില്‍ അമ്മ ശ്രീദേവി ഉണ്ണി ഡോറ് തുറന്ന് പുറത്തേക്ക് തെറിച്ചുപോയി. പരുക്കുകളോടെ ശ്രീദേവി ഉണ്ണി രക്ഷപ്പെട്ടു. ബാക്കി കാറിലുണ്ടായിരുന്ന മോനിഷയടക്കമുള്ള മൂന്ന് പേരും മരണപ്പെടുകയായിരുന്നു.
Story Highlights : Actress Monisha death anniversary