‘കൺജറിംഗ്’ സിനിമയ്ക്ക് പ്രചോദനമായ പ്രേതഭവനം തീപിടിച്ചനിലയിൽ!
ലോക സിനിമാപ്രേമികളെ ഒന്നടങ്കം ഭയപ്പെടുത്തിയ ചിത്രമായിരുന്നു ‘ദി കൺജറിംഗ്’. 2013ൽ റിലീസ് ചെയ്ത ചിത്രത്തിന് ആധാരമായത് റോഡ് ഐലൻഡിലെ പ്രേതബാധയുണ്ടെന്ന് പറയപ്പെടുന്ന ഫാം ഹൗസ് ആയിരുന്നു. ചിത്രത്തിന്റെ റിലീസിന് ശേഷവും മുമ്പുമെല്ലാം ഈ ഫാം ഹൗസും വാർത്തകളിൽ നിറഞ്ഞു. എന്നും തലക്കെട്ടുകൾ സൃഷ്ടിച്ചിരുന്ന ഈ വീട് ഇപ്പോൾ മറ്റൊരു ദുരന്ത വാർത്തയിലൂടെ ശ്രദ്ധനേടുകയാണ്. കുപ്രസിദ്ധിയുടെ ഇടമാണെങ്കിലും ഇത്തവണ അത് അമാനുഷികമായ സംഭവങ്ങളിലൂടെയൊന്നുമല്ല.
1677 റൌണ്ട് ടോപ്പ് റോഡിലെ വീടിന്റെ കളപ്പുരയ്ക്ക് തിങ്കളാഴ്ച പുലർച്ചെ തീപിടിച്ചു. കൺജറിംഗ് ഹൗസുമായി ബന്ധപ്പെട്ട വിചിത്രമായ സംഭവങ്ങൾക്ക് വിരുദ്ധമായി തീപിടുത്തം അമാനുഷിക ശക്തികളല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
റിപ്പോർട്ടുകൾ പ്രകാരം, എണ്ണപറ്റി ഉപേക്ഷിക്കപ്പെട്ട തുണിക്കഷണങ്ങളാൽ തീ ആളിക്കത്തി എന്നും ഇത് ദ്രുതഗതിയിലുള്ള തീ വ്യാപനത്തിന് കാരണമായി എന്നുമാണ്. ഇത് കെടുത്താൻ ഏകദേശം മൂന്ന് മണിക്കൂർ എടുത്തു. അതേസമയം, ഈ വീട് വില്പനയ്ക്ക് ഉണ്ടെന്ന വാർത്ത കഴിഞ്ഞ വര്‍ഷം ശ്രദ്ധനേടിയിരുന്നു.
Read also: ‘കൊച്ചി വാട്ടര്‍ മെട്രോ യാത്ര വ്യത്യസ്ത അനുഭവം’; സ്വന്തം കൈപ്പടയില്‍ ആശംസകള്‍ കുറിച്ച് മുഖ്യമന്ത്രി
‘ദി കൺജറിംഗ്’ ഈ വീട്ടിൽ ചിത്രീകരിച്ചിട്ടില്ലെങ്കിലും, 1970 കളിൽ താമസിച്ചിരുന്ന പെറോൺ കുടുംബത്തിന്റെ അനുഭവങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു സിനിമ ഒരുക്കിയിരുന്നത്. ഈ ഫാം ഹൗസ് 2019ൽ 439,000 ഡോളറിന് ജെന്നിഫർ – കോറി ഹെൻസൻ എന്നീ ദമ്പതികൾ വാങ്ങി. പാരനോർമൽ ഇൻവെസ്റ്റിഗേറ്റർമാർക്ക് ഇവർ മുറികളും വാടകയ്ക്ക് നൽകി. വീട് നോക്കിനടത്തുന്നവർ ഒട്ടേറെ അനുഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുമുണ്ട്. പ്രേതഭവനം എന്ന നിലയിൽ എത്തുന്ന ടൂറിസ്റ്റുകൾ നല്ലൊരു വരുമാനവുമാണ് ഈ വീടിന്. ഉടമകളുടെ മകൾ മാഡിസണും അവിടെ അസാധാരണ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.
Story highlights- Barn at real Conjuring House catches fire