ശക്തമായ കാറ്റില്‍ ആടിയുലഞ്ഞ് ബോയിങ് 777 വിമാനത്തിന്റെ ലാന്‍ഡിങ്; വീഡിയോ

December 29, 2023

ഗെറിറ്റ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിലായി കനത്ത മഴയും ശക്തമായ കാറ്റും തുടരുകയാണ്. ഇത് രാജ്യത്തെ വിമാന സര്‍വീസുകളെയും ട്രെയിന്‍ ഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതികൂല കാലാവസ്ഥയില്‍ ലണ്ടനിലെ വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ( Boeing 777 landing at London airport amid high winds )

അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 777 വിമാനം ലാന്‍ഡ് ചെയ്യുന്ന ദൃശ്യങ്ങളാണ് വലിയ രീതിയില്‍ വൈറലായത്. ലാന്‍ഡിങ്ങിന് ശ്രമിക്കുന്ന വിമാനം ശക്തമായ കാറ്റില്‍ ആടിയുലയുന്നത് കാണാം. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലായിരുന്നു ഈ ലാന്‍ഡിങ് നടത്തിയത്.

ശക്തമായ കാറ്റില്‍ വിമാനത്തിന്റെ ചിറക് റണ്‍വേയിലേക്ക്‌ ചെരിയുന്നത് ദൃശ്യങ്ങളിലുണ്ട്. എന്നാല്‍, പൈലറ്റിന് മറ്റു പ്രശ്‌നങ്ങളില്ലാത്ത ലാന്‍ഡ് ചെയ്യിപ്പിക്കാനായി. പത്ത് സെക്കന്‍ഡോളം നീണ്ടതായിരുന്നു കാറ്റില്‍ ആടിയുലഞ്ഞുള്ള വിമാനത്തിന്റെ ലാന്‍ഡിങ്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹീത്രൂ വിമാനത്താവളത്തില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.

Read Also : ഉരുളൻ കല്ലുമായി ഇണയെ പ്രൊപ്പോസ് ചെയ്യാൻ ഓടുന്ന പെൻഗ്വിൻ- ഹൃദ്യമായൊരു കാഴ്ച

അപകടകരമായ ലാന്‍ഡിങ്ങ് നടത്തിയെങ്കിലും വിമാനത്തിന് കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തെക്കുറിച്ച് അമേരിക്കന്‍ എയര്‍ലൈന്‍സ് അധികൃതരും പ്രതികരിച്ചിട്ടില്ല.

Story highlights : Boeing 777 landing at London airport amid high winds